മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ: മുന്നറിയിപ്പുമായി ഗാംഗുലി
കൊല്‍ക്കത്ത: ടി20 ലോകകപ്പ് നേടാൻ എല്ലാ ടീം അംഗങ്ങളും മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും മുന്നോട്ട് പോകാൻ ഒന്നോ രണ്ടോ കളിക്കാരെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കഴിഞ്ഞ ടി20 ലോകകപ്പിലും ഏഷ്യാ കപ്പിലും ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താനായില്ലെന്ന് ഒരു സ്വകാര്യ ചടങ്ങിനായി കൊൽക്കത്തയിലെത്തിയ ഗാംഗുലി പറഞ്ഞു.
വലിയ ടൂര്‍ണമെന്‍റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതിനെപ്പറ്റി കോച്ച് രാഹുല്‍ ദ്രാവിഡുമായും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പില്‍ അവര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ടീമിന്‍റെ സമീപകാല പ്രകടനങ്ങളെക്കുറിച്ച് രോഹിത്തിനും രാഹുലിനും ആശങ്കയുണ്ടെന്ന് എനിക്കറിയാം. ഓസ്ട്രേലിയക്കെതിരെനാഗ്പൂരില്‍ നടക്കുന്ന രണ്ടാം ടി20 മത്സരം കാണാന്‍ ഞാനും പോവുന്നുണ്ട്. നാഗ്പൂരില്‍ ഇന്ത്യ ജയിക്കുമെന്ന് പ്രതീക്ഷിക്കാം” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.