Tuesday, December 3, 2024
LATEST NEWSPOSITIVE STORIES

വലിയ കുടുംബം ആഗ്രഹിച്ചു; പേരക്കുട്ടികളുടെ എണ്ണം നൂറുതികഞ്ഞതിന് സാക്ഷിയായി 99കാരി

99കാരിയായ മാര്‍ഗരിറ്റ് കോളര്‍ എന്ന മുതുമുത്തശ്ശി വലിയ സന്തോഷത്തിലാണ്. പേരക്കുട്ടികളുടെ മക്കളുടെ എണ്ണം സെഞ്ചുറി തികഞ്ഞതിന്റെ സന്തോഷത്തിലാണ് മാര്‍ഗരിറ്റ്. പതിനൊന്ന് മക്കളും 56 പേരക്കുട്ടികളുമാണ് ഈ പെന്‍സില്‍വാനിക്കാരിയ്ക്ക്. ഓഗസ്റ്റ് നാലിനാണ് പേരക്കുട്ടികളുടെ മക്കളുടെ എണ്ണം നൂറു തികഞ്ഞത്. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയാണ് താനെന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇത്തരമൊരു സൗഭാഗ്യം അനുഭവിക്കാനാവുന്നതെന്നും കുഞ്ഞിനെ താലോലിച്ച് കൊണ്ട് മാര്‍ഗരിറ്റ് പറയുന്നു

മാര്‍ഗരിറ്റിന്റേയും മരിച്ചുപോയ ഭര്‍ത്താവിന്റേയും പേരുകള്‍ ചേര്‍ത്താണ് കുഞ്ഞിന് പേര് നല്‍കിയിട്ടുള്ളത്. വീട്ടിലെ ഒറ്റക്കുട്ടിയായി വളർന്നതിനാൽ വലിയൊരു കുടുംബം വേണമെന്ന് താനാഗ്രഹിച്ചിരുന്നതായി മാര്‍ഗരിറ്റ് പറഞ്ഞു. വിവാഹജീവിതത്തിന് മുമ്പ് കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ച് മാര്‍ഗരിറ്റ് വീടിനടുത്തുള്ള മഠത്തില്‍ ചേര്‍ന്നെങ്കിലും പിന്നീട് ഭർത്താവായിത്തീർന്ന വില്യമിന്റെ പ്രേരണയില്‍ സന്യാസജീവിതം ഉപേക്ഷിക്കുകയായിരുന്നു.