Friday, January 17, 2025
LATEST NEWS

അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിവോ

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് കേസിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ സമർപ്പിച്ച ഹർജിയിൽ നിലപാട് അറിയിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ജൂലൈ 13 ന് മുമ്പ് നിലപാട് അറിയിക്കാൻ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ്മ ഇഡിക്ക് നിർദ്ദേശം നൽകി.

ഇഡി മരവിപ്പിച്ച ഒമ്പത് ബാങ്ക് അക്കൗണ്ടുകളിലായി 250 കോടിയോളം രൂപയുണ്ടെന്ന് വിവോയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഏകദേശം 9,000 ജീവനക്കാരാണ് ഇന്ത്യയിലുള്ളത്. ബാങ്ക് അക്കൗണ്ടുകളിലെ പണം അവരുടെ ശമ്പളം നൽകാനും കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും വേണ്ടിയാണെന്ന് അഭിഭാഷകർ കോടതിയിൽ വാദിച്ചു. ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ അത് കമ്പനിയുടെ മരണമണിയാകുമെന്ന് വിവോ ഹൈക്കോടതിയെ അറിയിച്ചു.

വിവോയുടെ ആവശ്യത്തെ ഇഡി എതിർത്തു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മൊത്തം വിറ്റുവരവിന്‍റെ പകുതിയോളം നികുതി വെട്ടിക്കാനായി കമ്പനി അനധികൃതമായി ചൈനയിലേക്ക് കടത്തിയെന്നാണ് ആരോപണം. ഇത് തെളിയിക്കാൻ മതിയായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇഡി അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.