Tuesday, January 21, 2025
GULFLATEST NEWS

സൗദിക്ക് ആയുധങ്ങൾ കൈമാറാൻ യുഎസ്; 500 കോടിയിലേറെ ഡോളറിന്റെ കരാർ

സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അംഗീകാരം നൽകി. മൂന്ന് ബില്യൺ ഡോളറിനാണ് സൗദി അറേബ്യ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സൗദി സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് തീരുമാനം. ഗൾഫ് മേഖലയുടെ സുരക്ഷയ്ക്ക് കരാർ സഹായകമാകുമെന്ന് പെന്‍റഗൺ അറിയിച്ചു.

രണ്ട് പ്രധാന ആയുധ ഇടപാടുകൾക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അംഗീകാരം നൽകിയിട്ടുണ്ട്. ഒന്ന്, 300 മിസൈൽ പ്രതിരോധ ലോഞ്ചറുകൾ സൗദി അറേബ്യയ്ക്ക് കൈമാറുക. ഇതിലൂടെ 3 ബില്യൺ ഡോളറിലധികം അമേരിക്കയ്ക്ക് ലഭിക്കും. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തടയാനും സൗദിക്ക് കഴിയും. രണ്ടാമത്തേത് യു.എ.ഇ.യുടെ കൂടെയാണ്. 2.25 ബില്യൺ ഡോളറിന് താഡ് മിസൈൽ സംവിധാനവും യു.എ.ഇക്ക് നൽകും. 96 എണ്ണം നൽകും. ഇതിനായി 2.25 ബില്യൺ ഡോളറാണ് യു.എ.ഇക്ക് ചെലവ്. പരീക്ഷണ സാമഗ്രികൾ, സ്പെയർ പാർട്സ്, സാങ്കേതിക പിന്തുണ എന്നിവ കരാറിൽ ഉൾപ്പെടുന്നു.

യുഎസ് ആസ്ഥാനമായുള്ള റെയ്തിയോൺ ആണ് പ്രധാന കരാറുകാരൻ. ഗൾഫ് മേഖലയിലെ രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രധാന പങ്കാളികൾക്ക് ആയുധങ്ങൾ കൈമാറുന്നത് മേഖലയിലെ സുരക്ഷയ്ക്ക് സഹായകമാകുമെന്ന് പെന്‍റഗൺ പറഞ്ഞു. കരാർ അംഗീകരിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് യുഎസ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്.