Thursday, December 26, 2024
LATEST NEWSTECHNOLOGY

കടലിന്നടിയിൽ ‘ഉപ്പുകുളം’; കണ്ടെത്തിയത് ഗള്‍ഫ് ഓഫ് അക്കാബയില്‍

ചെങ്കടലിന്‍റെ ഭാഗമായ ഗള്‍ഫ് ഓഫ് അക്കാബയില്‍ ഉപ്പു കുളം കണ്ടെത്തി. കടലിന്റെ അടിത്തട്ടില്‍ സമുദ്രജലത്തിനെക്കാൾ കൂടിയ അളവില്‍ ഉപ്പിന് സാന്ദ്രത കൂടിയ ജലപ്രദേശങ്ങളാണ് ബ്രൈന്‍ പൂളുകള്‍. അപൂര്‍വമായി മാത്രമാണ് കടലിന്റെ അടിത്തട്ടില്‍ ഇവ കാണുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രങ്ങള്‍ എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ രഹസ്യങ്ങള്‍ ഈ ഉപ്പു കുളങ്ങള്‍ സൂക്ഷിക്കുന്നുവെന്നാണ് ശാസ്ത്ര ലോകം കരുതുന്നത്.

മിയാമി സർവകലാശാലയിലെ ഓഷ്യാനിക് ഡിപ്പാർട്ട്മെന്‍റായ റോസൻഷ്യൽ സ്കൂൾ ഓഫ് മറൈൻ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസസിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഇതിനായി സമുദ്ര പര്യവേക്ഷണ സ്ഥാപനമായ ഓഷ്യനെക്സിന്‍റെ സഹായവും തേടി. കടലിന് 1,770 മീറ്റർ താഴെ വിദൂരമായി പ്രവർത്തിക്കുന്ന അണ്ടർവാട്ടർ-റോവിന്‍റെ സഹായത്തോടെയാണ് ഉപ്പു കുളം കണ്ടെത്തിയത്. സമുദ്രത്തിന്‍റെ അടിത്തട്ടിൽ കഴിയുന്നത്ര ആഴത്തിൽ തുളച്ചുകയറാൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളുള്ള ഒരു സംഘടനയാണ് ഓഷ്യൻ എക്സ്.

ഗവേഷകരുടെ അഭിപ്രായത്തിൽ, ലവണാംശം കൂടുതലുള്ളതും ഓക്സിജന്‍റെ അംശം കുറവുള്ളതുമായ ഈ കുളങ്ങളിൽ ജീവനും ഉണ്ട്. കാൻസർ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന ബയോആക്റ്റീവ് തൻമാത്രകൾ മുമ്പ് ചെങ്കടലിലെ ഉപ്പു കുളത്തിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് അക്കാബ ഉൾക്കടലിൽ ഒരു ഉപ്പ് കുളം കണ്ടെത്തുന്നത്.