Saturday, December 21, 2024
GULFLATEST NEWS

മജീഷ്യൻ ഗോപിനാഥ് മുതുകാടിന് യുഎഇ ഗോൾഡൻ വീസ

ദുബായ്: ഭിന്നശേഷി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രചോദനാത്മക പ്രാസംഗികനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന് യു.എ.ഇ ഗോൾഡൻ വിസ. ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാവായ ഇ.സി.എച്ച് ഡിജിറ്റൽ ഹെഡ്ക്വാർട്ടേഴ്സിലെ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം 10 വർഷത്തെ വീസ സ്വീകരിച്ചു. മുതുകാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഹ്യൂമനിറ്റേറിയൻ പയനീർ വിഭാഗത്തിലാണ് അദ്ദേഹത്തിന് വീസ ലഭിച്ചത്. ഇത് അപൂർവം ചിലർക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ.

മുതുകാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ ആദരസൂചകമാണ് യു.എ.ഇ ഗോൾഡൻ വിസയെന്ന് ഇഖ്ബാൽ മാർക്കോണി പറഞ്ഞു. നേരത്തെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മുഴുവൻ സമയവും പ്രവർത്തിക്കാനായി തന്‍റെ മാജിക്ക് മുതുകാട് പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു.

വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമാണ് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ ഇത് പുതുക്കും. പ്രമുഖ നടൻമാർ ഉൾപ്പെടെ നിരവധി മലയാളികൾക്ക് ഇതിനകം തന്നെ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. അടുത്തിടെ, ഗോൾഡൻ വിസ മാനദണ്ഡങ്ങളിൽ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഗോൾഡൻ വിസയുടെ ആനുകൂല്യം കൂടുതൽ വിഭാഗങ്ങളിലേക്ക് എത്തിക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്.