Monday, April 29, 2024
LATEST NEWSSPORTS

കായികരംഗത്തെ പരിഷ്‌കാരങ്ങള്‍; നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് അഭിനവ് ബിന്ദ്ര

Spread the love

ലോസേന്‍: കായികരംഗത്തെ എങ്ങനെ പരിഷ്കരിക്കാമെന്നും ഇന്ത്യയുടെ അവകാശങ്ങൾ നിഷേധിക്കപ്പെടാതിരിക്കാനുള്ള സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (ഐഒസി) ഇന്ത്യൻ പ്രതിനിധികളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഒളിമ്പ്യൻ അഭിനവ് ബിന്ദ്ര തന്‍റെ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. തന്‍റെ 40-ാം ജന്മദിനത്തിന്‍റെ തലേന്നാണ് ബിന്ദ്രയ്ക്ക് അത്‌ലറ്റുകളുടെ പ്രതിനിധി എന്ന നിലയിൽ ഈ വിഷയം ഉന്നയിക്കാൻ അവസരം ലഭിച്ചത്.

Thank you for reading this post, don't forget to subscribe!

കായിക ഭരണത്തിൽ അത്‌ലറ്റുകളുടെ പങ്കാളിത്തം, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് ഘടന, സാമ്പത്തിക സുസ്ഥിരത, അത്‌ലറ്റുകളുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കളിക്കാർ നേരിടുന്ന വിലക്ക്, നിയന്ത്രണങ്ങൾ, വിവേചനം എന്നിവ പരിഹരിക്കാൻ അത്ലറ്റുകളുടെ പങ്കാളിത്തം ഭരണരംഗത്ത് ഉണ്ടായിരിക്കണമെന്ന് ബിന്ദ്ര വാദിച്ചു. ഒളിംപിക് തയ്യാറെടുപ്പുകളിൽ ഗവൺമെന്‍റിന്‍റെ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കായിക രംഗത്തെ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ കായികരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായതായി ബിന്ദ്ര ചൂണ്ടിക്കാട്ടി. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മികച്ച പ്രകടനത്തെക്കുറിച്ച് യോഗത്തിൽ ബിന്ദ്ര പരാമർശിച്ചു. പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകാൻ അസോസിയേഷനും അതിന്‍റെ ഭാരവാഹികളും കഠിനാധ്വാനം ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിലെ, മുൻ കളിക്കാരുടെയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെയും അഭിപ്രായങ്ങൾ ബിന്ദ്ര തേടിയിട്ടുണ്ട്. 

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഒളിംപിക്‌ വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവാണ് അഭിനവ് ബിന്ദ്ര. 2008ലെ ബീജിംഗ് ഒളിംപിക്‌സിൽ 10 മീറ്റർ എയർ റൈഫിൾസിൽ സ്വർണം നേടിയതോടെ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ സുവര്‍ണനേട്ടം അഭിനവ് ബിന്ദ്ര അടയാളപ്പെടുത്തുകയായിരുന്നു. ഇതിന് പുറമെ ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ബിന്ദ്ര സ്വര്‍ണം നേടിയിട്ടുണ്ട്. അര്‍ജുന, മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന, പദ്‌മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്.