Tuesday, January 21, 2025
HEALTHLATEST NEWS

തെലങ്കാനയിൽ ടൈഫോയ്ഡ് കേസുകൾ ഉയരുന്നു;കാരണം പാനിപൂരി

ഹൈദരാബാദ്: തെലങ്കാനയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ടൈഫോയ്ഡ് കേസുകൾക്ക് പിന്നിൽ വൃത്തിഹീനമായ സാഹചര്യത്തിലുണ്ടാക്കുന്ന പാനിപൂരിയാണെന്ന് ആരോ​ഗ്യപ്രവർത്തകർ. ടൈഫോയിഡിനെ പാനിപുരി രോഗം എന്ന് വിളിക്കേണ്ട അവസ്ഥയാണെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിർമ്മിക്കുന്ന ഇത്തരം ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കണമെന്നും തെലങ്കാന പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ സഞ്ജീവ് കുമാർ വ്യക്തമാക്കി.

ടൈഫോയിഡും സമാനമായ സീസണൽ രോഗങ്ങളും ഒഴിവാക്കാൻ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. “വഴിയരികിൽ നിന്ന് ലഭിക്കുന്ന പാനിപുരി പലപ്പോഴും 10 അല്ലെങ്കിൽ 15 രൂപയ്ക്ക് ലഭ്യമാണ്, പക്ഷേ അത് 5,000 അല്ലെങ്കിൽ 10,000 രൂപ ആശുപത്രിയിൽ ചെലവഴിക്കുന്നതിൽ അവസാനിക്കുന്നു,”തെലങ്കാന പബ്ലിക് ഹെൽത്ത് വിഭാ​ഗം ഡയറക്ടർ ശ്രീനിവാസ റാവു പറഞ്ഞു.

റോഡരികിൽ ഭക്ഷണം വിൽക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തുകയും കുടിവെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ ഏറ്റവും കൂടുതൽ പേർക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ച വർഷമാണിത്. മെയ് മാസത്തിൽ 2,700 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ജൂണിൽ 2,752 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.