ട്വിറ്റർ ഇന്ത്യ ഉദ്യോഗസ്ഥരെ പാർലമെന്ററി സമിതി ചോദ്യം ചെയ്തു
ന്യൂഡൽഹി: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ തങ്ങളുടെ ഏജന്‍റുമാരെ ട്വിറ്ററിൽ തിരുകിക്കയറ്റിയെന്ന വെളിപ്പെടുത്തലിന്‍റെ വെളിച്ചത്തിൽ പാർലമെന്‍ററി ഉന്നത സമിതി ട്വിറ്റർ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു.
ഡാറ്റാ സുരക്ഷ, സ്വകാര്യതാ നയം എന്നിവ സംബന്ധിച്ച കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള സമിതി മുന്നറിയിപ്പ് നൽകിയതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു. ട്വിറ്ററിന്‍റെ സംവിധാനങ്ങളും ഉപയോക്തൃ വിവരങ്ങളും കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സർക്കാർ തങ്ങളുടെ ഏജന്‍റുമാരെ കമ്പനി ഉദ്യോഗസ്ഥരായി ഉൾപ്പെടുത്തിയതെന്ന് ട്വിറ്ററിന്‍റെ മുൻ സുരക്ഷാ കാര്യ മേധാവി പീറ്റർ സാറ്റ്കോ അടുത്തിടെ ഒരു അന്താരാഷ്ട്ര മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇതേ തുടർന്നാണ് ട്വിറ്ററിന്‍റെ സീനിയർ പബ്ലിക് പോളിസി ഡയറക്ടർ സമിരൻ ഗുപ്ത, ഡയറക്ടർ ഷഗുഫ്ത കമ്രാൻ എന്നിവരെ വിവരസാങ്കേതിക വിദ്യ സംബന്ധിച്ച പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച അവർ തങ്ങളുടെ ഡാറ്റാ സുരക്ഷയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു.