Friday, January 17, 2025
LATEST NEWSSPORTS

ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങൾ കേരള ടീമിൽനിന്ന് പുറത്ത്

കോട്ടയം: 8 വർഷമായി ഇന്ത്യൻ വോളിബോൾ ടീമിലെ ഓൾറൗണ്ടറായ ജെറോം വിനീത്, 7 വർഷമായി കളിക്കുന്ന ബ്ലോക്കർ ജി.എസ് അഖിൻ, 2019 മുതൽ ദേശീയ ടീമിലെ സ്ഥിരാംഗമായ ഷോൺ ടി ജോൺ എന്നിവർ ദേശീയ ഗെയിംസിനുള്ള വോളിബോൾ അസോസിയേഷൻ പ്രഖ്യാപിച്ച കേരള ടീമിൽ നിന്ന് പുറത്ത്. ഈ വർഷം ആരംഭിച്ച ഫ്രാഞ്ചൈസി വോളിബോൾ ലീഗിൽ (പ്രൈം വോളിബോൾ ലീഗ്) കളിച്ചതിനാലാണ് ഇവരെയെല്ലാം വിലക്കിയത്.

അതേസമയം, സ്പോർട്സ് കൗൺസിൽ സെലക്ഷൻ ട്രയൽസിലൂടെ തിരഞ്ഞെടുക്കപ്പെട്ട 18 അംഗ കേരള ടീമിൽ 15 പേരും പ്രൈം വോളിബോൾ ലീഗിൽ കളിച്ചവരാണ്. ഈ രണ്ട് ടീമുകളിൽ ആരാണ് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ യോഗ്യത നേടുക എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ട കേരള ഒളിമ്പിക് അസോസിയേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദേശീയ വോളിബോൾ ഫെഡറേഷനെ പൂർണ്ണമായും ഒഴിവാക്കി സ്പോർട്സ് മാർക്കറ്റിംഗ് കമ്പനിയായ ബേസ്‌ലൈൻ വെഞ്ച്വേഴ്സും ആറ് ഫ്രാഞ്ചൈസികളും ചേർന്നാണ് ഫെബ്രുവരിയിൽ പ്രൈം വോളിബോൾ ലീഗ് സംഘടിപ്പിച്ചത്. ലീഗിൽ പങ്കെടുക്കുന്നതിൽ നിന്ന് കളിക്കാരെ അന്ന് ഫെഡറേഷൻ വിലക്കിയിരുന്നില്ല. അതോടെ പ്രമുഖ താരങ്ങളെല്ലാം ലീഗിന്‍റെ ഭാഗമാവുകയായിരുന്നു.