Tuesday, December 17, 2024
LATEST NEWSTECHNOLOGY

ടിക്ടോക്കിന് തളർത്താനായില്ല; സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രിയം യൂട്യൂബ് തന്നെ

അമേരിക്ക: സോഷ്യൽ മീഡിയ പതിവായി ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം 2015ലെ കണക്കുകൾ നോക്കുമ്പോൾ ഇരട്ടിയിലധികം വർദ്ധിച്ചു. പ്യൂ റിസർച്ച് സെന്‍റർ നടത്തിയ ഏറ്റവും പുതിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസിലെ കൗമാരക്കാർക്കിടയിൽ ഏറ്റവും ജനപ്രിയമായ പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്, ജനസംഖ്യയുടെ 95% പേരും സൈറ്റോ മൊബൈൽ ആപ്പോ വഴി യൂട്യൂബ് ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളിലേക്കുള്ള മാറ്റം ആളുകൾക്കിടയിൽ ഇന്‍റർനെറ്റ് ഉപയോഗത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായി.

യുഎസിലെ കൗമാരക്കാരിൽ പകുതിയോളം പേർ സ്ഥിരമായി ഓൺലൈനിലാണ്. യുഎസിൽ പതിവായി ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം കഴിഞ്ഞ 7 വർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി പഠനം വ്യക്തമാക്കുന്നു. കൗമാരക്കാരിൽ 95 ശതമാനവും യൂട്യൂബ് ഉപയോഗിക്കുന്നവരാണ്. മാത്രമല്ല, 19 ശതമാനം ആളുകൾ പതിവായി യൂട്യൂബ് ഉപയോഗിക്കുന്നു. ഉപയോഗത്തിന്‍റെ കാര്യത്തിൽ ടിക് ടോക്ക് രണ്ടാം സ്ഥാനത്താണ്. 67% കൗമാരക്കാരാണ് ഇത് ഉപയോഗിക്കുന്നത്, 16% സ്ഥിരമായി ടിക്ടോക് ഉപയോഗിക്കുന്നു എന്നും കണ്ടെത്തി.

ആൺകുട്ടികളാണ് കൂടുതലും യൂട്യൂബിലേക്ക് ആകർഷിക്കപ്പെടുന്നത്. പെൺകുട്ടികൾ കൂടുതലും ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവ ഉപയോഗിക്കുന്നതായും പഠനം കണ്ടെത്തി. ഇൻസ്റ്റാഗ്രാമാണ് മൂന്നാം സ്ഥാനത്ത്. കൗമാരക്കാരിൽ 62 ശതമാനവും ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരാണ്. കൗമാരക്കാരിൽ 59% പേരും സ്നാപ്ചാറ്റ് ഉപയോഗിക്കുന്നു. ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.