തിരിച്ചുവരവ് ഗംഭീരമാക്കി നീരജ് ചോപ്ര; ദേശീയ റെക്കോഡ് തിരുത്തി താരം
ടോക്കിയോ ഒളിമ്പിക്സിന് മാസങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചു വരവ് നടത്തി ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ഫിൻലൻഡിൽ നടന്ന പാവോ നൂർമി ഗെയിംസിൽ ജാവലിനിൽ 89.30 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടിയ നീരജ് സ്വന്തം ദേശീയ റെക്കോർഡും തകർത്തു.
കഴിഞ്ഞ വർഷം മാർച്ചിൽ പട്യാലയിൽ നടന്ന ഗെയിംസിൽ നീരജ് 88.07 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ശേഷം ടോക്കിയോ ഒളിമ്പിക്സിൽ 87.58 മീറ്റർ ജാവലിൻ ത്രോയിൽ അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടി.
ടോക്കിയോ ഒളിമ്പിക്സ് അവസാനിച്ച് 10 മാസത്തിന് ശേഷമാണ് 24 കാരനായ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. ജാവലിൻ ത്രോയിൽ 89.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഫിൻലാൻഡിൻറെ ഒലിവർ ഹെലാൻഡറാണ് പാവോ നൂർമി ഗെയിംസിൽ സ്വർണം നേടിയത്.