Thursday, November 14, 2024
HEALTHLATEST NEWS

ലംപി വൈറസ് വന്നത് ചീറ്റകളില്‍ നിന്ന്; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

മുംബൈ: രാജ്യത്തെ കന്നുകാലികളിൽ പടരുന്ന ലംപി വൈറസും വിദേശത്ത് നിന്ന് കൊണ്ടുവന്ന ചീറ്റകളും തമ്മിൽ ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പട്ടോലെ അവകാശപ്പെട്ടു. രാജ്യത്ത് ലംപി വൈറസ് വ്യാപനത്തിന് പിന്നിൽ നൈജീരിയൻ ചീറ്റകളാണെന്ന് അദ്ദേഹം ആരോപിച്ചു.

“ലംപി വൈറസ് നൈജീരിയയിൽ കുറച്ച് കാലമായി നിലവിലുണ്ട്. ഇപ്പോൾ ചീറ്റകളെയും അവിടെ നിന്ന് കൊണ്ടുവന്നിട്ടുണ്ട്. കർഷകർക്ക് നഷ്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാർ മനപ്പൂർവ്വം ഇത്തരമൊരു കാര്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് ചീറ്റകളെ കൊണ്ടുവന്നാൽ, രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ അവസാനിക്കില്ല, ” അദ്ദേഹം പറഞ്ഞു.

അതേസമയം, നാനാ പട്ടോലെയെ പരിഹസിച്ച് ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല രംഗത്തെത്തി. നാനാ പട്ടോലെയെ ‘മഹാരാഷ്ട്രയിലെ രാഹുൽ ഗാന്ധി’ എന്നാണ് ഷെഹ്സാദ് വിശേഷിപ്പിച്ചത്. ലംപി വൈറസ് നൈജീരിയയിൽ നിന്നാണ് വന്നതെന്നും ചീറ്റകളാണ് വൈറസ് കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ചീറ്റകളെ നമീബിയയിൽ നിന്നാണ് കൊണ്ടുവന്നത്, നൈജീരിയയിൽ നിന്നല്ല. നൈജീരിയയും നമീബിയയും തമ്മിലുള്ള വ്യത്യാസം അറിയാമോ എന്ന് ഷെഹ്സാദ് ചോദിച്ചു. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും കിംവദന്തികളും നുണകളും മാത്രമാണ് പ്രചരിപ്പിക്കുന്നത്. നുണപ്രചാരണത്തിന്‍റെ ഏറ്റവും വലിയ വക്താക്കളാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.