സൗദി അറേബ്യയിലെ വടക്ക്-കിഴക്ക് പാതകളെ ബന്ധിപ്പിക്കുന്ന ജുബൈൽ റെയിൽവേ പദ്ധതിക്ക് തുടക്കം
റിയാദ്: വ്യാവസായിക നഗരമായ ജുബൈൽ വഴി സൗദിയിലെ വടക്ക്, കിഴക്കൻ റെയിൽപാതകളെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ വേ പദ്ധതിക്ക് തുടക്കമായി. കിഴക്കൻ പ്രവിശ്യ ഗവർണറായ അമീർ സൗദ് ബിൻ നായിഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. വ്യാവസായിക നഗരമായ ജുബൈലിനുള്ളിൽ 124 കിലോമീറ്റർ നീളത്തിൽ രണ്ട് ലൈനുകളെയും ബന്ധിപ്പിക്കുന്നതിനായി റെയിൽവേ ശൃംഖല സ്ഥാപിക്കുന്നതിനാണ് പദ്ധതിക്ക് തുടക്കമിട്ടത്. അടുത്ത വർഷം ആദ്യം മുതൽ ഈ റൂട്ടുകളിൽ ട്രെയിനുകൾ ഓടിത്തുടങ്ങും.
വ്യാവസായിക സൗകര്യങ്ങൾക്ക് ഏറെ ഗുണം ചെയ്യന്നതാണ് ജുബൈൽ നഗരത്തിലൂടെ കടന്നുപോകുന്ന റെയിൽ വേ ശൃംഖല. ജുബൈലിലെ സദാറ കമ്പനി മുതൽ കിംഗ് ഫഹദ് ഇൻ ഡസ്ട്രിയൽ പോർട്ട്, ജുബൈൽ കൊമേഴ്സ്യൽ പോർട്ട് എന്നിവിടങ്ങൾ വരെ ഈ ശൃംഖല വ്യാപിപ്പിക്കും. പ്രതിവർഷം 60 ലക്ഷം ടണ്ണിലധികം ദ്രാവക, ഖര പദാർഥങ്ങൾ കിംഗ് ഫഹദ് തുറമുഖത്ത് നിന്ന് കയറ്റുമതി ചെയ്യാൻ കഴിയും.