ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ജയം
ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചു. ജോ റൂട്ടിൻറെ തകർപ്പൻ സെഞ്ചുറിയാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 277 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഈ വിജയത്തോടെ ബെൻ സ്റ്റോക്സും ബ്രണ്ടൻ മക്കുല്ലവും ക്യാപ്റ്റനായും പരിശീലകനായും ആദ്യ മത്സരം ജയിച്ചു.
ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ എന്നിവരുടെ ഇന്നിങ്സുകളാണ് ന്യൂസിലൻഡിനെ രണ്ടാം ഇന്നിങ്സിൽ രക്ഷിച്ചത്. കിവീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിൽ തകർന്നടിഞ്ഞതോടെ അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ചേർന്ന് 95 റൺസിൻറെ കൂട്ടുകെട്ട് പടുത്തുയർത്തി. മിച്ചൽ 108 റൺസെടുത്തപ്പോൾ ബ്ലണ്ടൽ അർഹതപ്പെട്ട സെഞ്ച്വറിക്ക് നാല് റൺസ് അകലെ പുറത്തായി. ഇംഗ്ലണ്ടിനായി മാറ്റി പോട്ട്സും സ്റ്റുവർട്ട് ബ്രോഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി അലക്സ് ലീസ് (20) മികച്ച തുടക്കം നൽകിയെങ്കിലും സാക്ക് ക്രാവ്ലി (9), ഒലി പോപ്പ് (10), ജോണി ബെയർസ്റ്റോ (16) എന്നിവർ പുറത്തായതോടെ അവർക്ക് തിരിച്ചടി നേരിട്ടു. എന്നാൽ അഞ്ചാം വിക്കറ്റിൽ മുൻ ക്യാപ്റ്റൻ ജോ റൂട്ടും നിലവിലെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഉറച്ചുനിന്നു. സ്റ്റോക്സ് 54 റൺസെടുത്ത് പുറത്തായപ്പോൾ ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്തു. ആറാം വിക്കറ്റിൽ ബെൻ ഫോക്സും ഉറച്ചുനിന്നതോടെ ഇംഗ്ലണ്ട് അനായാസ ജയം സ്വന്തമാക്കി.