Saturday, December 21, 2024
LATEST NEWSPOSITIVE STORIES

സ്കൂളിന് കാവലായി നായ ; ഒടുവിൽ സുരക്ഷിത കരങ്ങളിൽ ഏൽപിച്ച് അധികൃതർ

തൃശൂർ: തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മനുഷ്യരുമായി ബന്ധം പുലർത്തുന്നവയാണ് നായ്ക്കൾ. ചിലപ്പോൾ ആ സ്നേഹം അപരിചിതരോടുപോലും അവർ പ്രകടിപ്പിക്കും. തൃശൂർ കൊരട്ടി പള്ളിയുടെ കീഴിലുള്ള എംഎഎം ഹയർസെക്കൻഡറി സ്കൂളിൽ മാസങ്ങൾക്ക് മുമ്പ് ഇത്തരത്തിലൊരു നായ എത്തി. എന്നാൽ അവന്‍റെ അമിതമായ സ്നേഹ പ്രകടനം കാരണം വലഞ്ഞത് സ്കൂൾ അധികൃതരാണ്.

സ്കൂൾ പരിസരത്ത് എത്തിയതുമുതൽ ഇന്നോളം നായ ആരെയും ഉപദ്രവിക്കാൻ മുതിർന്നിട്ടില്ല. കുട്ടികൾ സ്കൂളിൽ എത്തുമ്പോഴേക്കും നായയും ഹാജർ. പിന്നീട് കുട്ടികളുമൊത്ത് സ്കൂൾ മുറ്റത്ത് നടക്കുക എന്നതാണ് പ്രധാന പരിപാടി. സ്നേഹം തോന്നുകയാണെങ്കിൽ, രണ്ട് കാലുകളും ഉയർത്തി അടുത്ത് നിൽക്കുന്നവരുടെ മേലേക്ക് ചാരും.

ഇടവേളയിൽ കോമ്പൗണ്ടിന് പുറത്തിറങ്ങുന്ന കുട്ടികളെ സ്കൂളിലേക്ക് തിരികെ കൊണ്ടുപോകുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ഹോബികളിലൊന്ന്. കുട്ടികളുടെ ഉച്ചഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ ഭക്ഷിച്ച് സ്കൂൾ പരിസരത്ത് സ്വതന്ത്രമായി നടക്കാറുള്ള നായ പലർക്കും കൗതുകമായിരുന്നു. എന്നാൽ കുട്ടികളുമായുള്ള അടുപ്പം വർദ്ധിച്ചതോടെ, നായ കൂടുതൽ അടുത്ത് സ്നേഹം കാണിക്കാൻ തുടങ്ങി. ഇത് സ്കൂൾ അധികൃതർക്ക് തലവേദന സൃഷ്ടിച്ചു. നായ അടുത്തേക്ക് വരുന്നത് കണ്ട് ഭയന്നോടിയ ഗർഭിണിയായ അധ്യാപിക വീണതും ഒരു വിദ്യാർത്ഥിക്ക് പിന്നാലെകൂടി ഏറെ ദൂരം ഓടിച്ചതുമെല്ലാം സ്കൂളിൽ വലിയ ചർച്ചയായി.

ഒടുവിൽ നായയെ അവിടെ നിന്നും മാറ്റുകയല്ലാതെ മറ്റു മാർഗമില്ലെന്ന അവസ്ഥയിൽ എത്തി കാര്യങ്ങൾ. എന്നാൽ നായയെ ഓടിച്ചു വിടാനോ, എവിടെയെങ്കിലും ഉപേക്ഷിക്കാനോ അവർക്ക് മനസ്സു വന്നില്ല. പല മാർഗങ്ങളും അന്വേഷിച്ച് ഒടുവിൽ എറണാകുളം തൃപ്പൂണിത്തുറയിലെ മൃഗസംരക്ഷണ പ്രവർത്തകനായ ബോണി ചെറിയാനുമായി ബന്ധപ്പെട്ടു. നായയെക്കുറിച്ച് കേട്ടറിഞ്ഞതോടെ അവന് സംരക്ഷണം നൽകാമെന്ന് അദ്ദേഹം ഉറപ്പു നൽകി. അങ്ങനെ അദ്ദേഹം തൃശൂരിലെത്തി സ്കൂളിൽ നിന്നും നായയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇപ്പോൾ സംരക്ഷണകേന്ദ്രത്തിൽ ഹാപ്പിയായി കഴിയുകയാണ് നായ. നായ സുരക്ഷിതനായി കഴിയുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികളും സ്കൂൾ അധികൃതരും.