Tuesday, April 30, 2024
LATEST NEWSPOSITIVE STORIES

പഠനത്തിനിടയിൽ ജീവിത പ്രാരാബ്ധം; കുടുംബത്തിന് താങ്ങായി ഒരു പത്താംക്‌ളാസുകാരൻ

Spread the love

കൊച്ചി: ഈ ചെറിയ പ്രായത്തില്‍ നേരിട്ട അഗ്നിപരീക്ഷകള്‍ അശ്വിനെ തളര്‍ത്തിയില്ല. അച്ഛന്റെ മരണത്തോടെ അനാഥരായ ഒരു വലിയ കുടുംബത്തിന്റെ അത്താണിയാണ് ഈ പത്താംക്ലാസുകാരന്‍. പുലര്‍ച്ചെ എഴുന്നേറ്റ് രാവിലെ എട്ടുമണിവരെ അശ്വിൻ മോട്ടോര്‍പമ്പുകള്‍ നന്നാക്കും. അതിനിടയിൽ പഠനവുമുണ്ട്. അതുകഴിഞ്ഞാൽ സ്‌കൂളിലേക്ക്. തിരിച്ചെത്തിയാല്‍ വീണ്ടും അറ്റകുറ്റപ്പണിയിലേക്ക് തിരിയും.

Thank you for reading this post, don't forget to subscribe!

എറണാകുളം സെയ്ന്റ് ആല്‍ബര്‍ട്ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അശ്വിൻ. അശ്വിന്റെ അച്ഛന്‍ വിനോദ് കുമാര്‍ ജൂണിലാണ് ഹൃദയസ്തംഭനം കാരണം മരിച്ചത്.
കാര്‍വാഷ് പ്രഷര്‍പമ്പുകള്‍, ഗ്രീസ് പമ്പ്, കംപ്രസര്‍ എന്നിവയുടെ റിപ്പയറിങ് ആണ് വിനോദ് കുമാർ ചെയ്തിരുന്നത്. കോവിഡ് കാലത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും വിനോദ് പണിയെടുത്തു. ഒപ്പം കൂടി അശ്വിനും പണിപഠിച്ചു. വിനോദ് മരിച്ചിട്ടും അതറിയാതെ റിപ്പയറിങ്ങിനുള്ള ഓര്‍ഡറുകള്‍ വന്നുകൊണ്ടിരുന്നു. അങ്ങനെ അച്ഛന് പകരം അശ്വിന്‍ തനിയെ പണിതുടങ്ങി.

വിനോദിന്റെ സഹോദരന്‍ പെയിന്റിങ് ജോലിക്കാരനായിരുന്ന വിനയകുമാര്‍ 2017-ല്‍ മരിച്ചിരുന്നു. വിനയന്റെയും വിനോദിന്റെയും കുടുംബങ്ങളും വീട്ടിലുണ്ട്. അഞ്ചു കുട്ടികളും പ്രായമായ അവരുടെ മുത്തശ്ശി പ്രേമയും അടക്കം എട്ടുപേര്‍. കുടുംബത്തിനായി വിനോദ് എടുത്ത പല കടങ്ങളും കോവിഡ് കാലംവരെ മുടങ്ങാതെ അടച്ചിരുന്നു. വായ്പകള്‍ ഇനിയും തിരിച്ചടയ്ക്കാനുണ്ട്. കേരള ബാങ്കില്‍നിന്നെടുത്ത വായ്പയുടെ ഒന്‍പതുലക്ഷവും ബാക്കിയുണ്ട്. എല്ലാം ഇപ്പോള്‍ അശ്വിന്റെ ചുമലിലാണ്.