Monday, January 20, 2025
LATEST NEWSPOSITIVE STORIES

ശ്രദ്ധ നേടി ദളം; പ്രവർത്തനങ്ങളിലൂടെ മാതൃകയായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ 

തൃശ്ശൂര്‍: സഹപാഠികൾക്കായി രണ്ട് വീടുകൾ നിർമ്മിച്ചു നൽകി. സ്‌കൂളിന് പടിപ്പുര. മറ്റൊരു സുഹൃത്തിന്‍റെ വീട് പൂർത്തിയാക്കാൻ ശ്രമിക്കുന്നു. ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും. ഇതാണ് ദളം. സംഗമമല്ല, സേവനമാണ് ലക്ഷ്യമെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ച ഒരു പൂർവവിദ്യാർഥി കൂട്ടായ്മ. പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് പുറമേ, സന്നദ്ധസേവനം നടത്തുന്നതും ഈ സുഹൃത്തുക്കൾ തന്നെ.

വടക്കാഞ്ചേരിക്കടുത്ത് ആര്യംപാടത്തുള്ള സര്‍വോദയ വി.എച്ച്.എസ്.എസിലെ 1992 എസ്.എസ്.എല്‍.സി. ബാച്ചുകാരുടെ കൂട്ടായ്മയാണ് ദളം. ബാച്ചിലെ 143 പേരിൽ 142 പേരും ഈ ഗ്രൂപ്പിലുണ്ട്. സജിത്ത് എം. നമ്പൂതിരി എന്ന സുഹൃത്ത് മാത്രം ജീവിച്ചിരിപ്പില്ല.

2017 ലാണ് ദളം രൂപീകൃതമായത്. സംഗമത്തിന് മുമ്പ് തന്നെ സ്കൂളിന് പടിപ്പുര പണിഞ്ഞു നൽകണമെന്ന് കൂട്ടായ്മയുടെ തീരുമാനമായിരുന്നു. 2017 ജൂൺ 5ന് തറക്കല്ലിട്ട പടിപ്പുര കാശുകൊടുത്ത് പണിയിപ്പിക്കേണ്ടെന്ന് ഇവർ ഉറപ്പിച്ചു. വൈകീട്ട് ആറരയ്ക്കുശേഷം മാറിമാറിവന്ന് പണി നടത്തി. പങ്കെടുക്കാനാകാത്തവര്‍ 35 ദിവസം മാറിമാറി ഭക്ഷണം നല്‍കി. ജൂലൈ 9 നാണ് പണി പൂർത്തിയാക്കിയത്. സുഹൃത്തുക്കൾ തന്നെ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതിന് പിന്നാലെയാണ് ആദ്യ കൂടിക്കാഴ്ച നടന്നത്.