Wednesday, January 22, 2025
Novel

തനിയെ : ഭാഗം 5

Angel Kollam

അന്നമ്മ തന്റെ മനസ്സിൽ പുതിയ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു, തോറ്റ് ജീവിക്കാൻ ഇനി തനിക്കാവില്ല, പൊരുതി ജീവിക്കാനാണ് തന്റെ പദ്ധതി. ഇനി അതിജീവനത്തിന്റെ നാളുകളാണ്, തന്റെയും മക്കളുടെയും ജീവിതം കരുപിടിപ്പിക്കാൻ താൻ മുന്നിട്ടിറങ്ങണം. രാത്രിയിൽ ജോലി കഴിഞ്ഞു വന്ന ജോസെഫിന്റെ മുഖത്ത് നോക്കി കടുത്ത ഒച്ചയിൽ അവൾ പറഞ്ഞു. “ഞാൻ നാളെ മുതൽ പണിക്ക് പോകും”

“പിന്നെ, നീ അങ്ങോട്ട് ചെന്നാലുടനെ പണിയെടുത്തു വച്ചിരിക്കുവല്ലേ, വേണു ഇനി നിന്നെ അവരുടെ കൂട്ടത്തിൽ കൊണ്ട് പോകത്തില്ല, ഞാൻ അവന്റെ കാല് തല്ലിയൊടിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ” “ടൗണിൽ ഒരു കശുവണ്ടി ഫാക്ടറി ഉണ്ട്, നാളെ മുതൽ ഞാൻ അവിടെ പോകും” “നീ അടങ്ങി ഒതുങ്ങി ഇവിടിരുന്നാൽ മതി അല്ലാതെ ഒരുങ്ങികെട്ടി ജോലിക്കിറങ്ങണ്ട ” “നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ പണിക്ക് പോകാൻ തീരുമാനിച്ചു.

” ജോസഫ് അന്നമ്മയെ ദേഷ്യത്തോടെ നോക്കി, വലത് കരം അവളുടെ നേർക്ക് ആഞ്ഞു വീശിയപ്പോൾ അവൾ ഒഴിഞ്ഞു മാറി, പെട്ടന്ന് നിയന്ത്രണം തെറ്റി ജോസഫ് നിലത്തേക്ക് വീണു, കട്ടിളപ്പടിയിൽ തലയിടിച്ച്, അയാളുടെ തല പൊട്ടി ചോര വരാൻ തുടങ്ങി. അന്നമ്മ അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന രീതിയിൽ നിന്നു. അയാൾ പല്ല് കടിച്ചു കൊണ്ട് അവളുടെ നേർക്ക് അലറി. “മിഴിച്ചു നിൽക്കാതെ പോയി തുണിയെടുത്തു കൊണ്ട് വാടി ” അന്നമ്മ ഉദാസീനഭാവത്തിൽ തുണിയെടുത്തു കൊണ്ട് വന്നിട്ട് അയാളുടെ നേർക്ക് നീട്ടി.

അയാൾ അവിടെ നിന്നും എഴുന്നേറ്റു ,തുണി വാങ്ങി ആ മുറിവ് കെട്ടി വച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ കിടന്നുറങ്ങി. അന്നമ്മയ്ക്ക് ഒട്ടും സഹതാപം തോന്നിയില്ല. അവൾ ഭിത്തിയിലെ കണ്ണാടിയിൽ തന്റെ മുഖം നോക്കി, തന്റെ നെറ്റിയിലെ മുറിപ്പാടുകൾ തെളിഞ്ഞു കാണാം. രാവിലെ ജോസഫ് ജോലിക്ക് പോകാതെ അവിടെ പുതച്ചു മൂടി കിടന്നു. അന്നമ്മ വസ്ത്രം മാറി ഇറങ്ങുമ്പോൾ, തലേ ദിവസത്തെ മദ്യത്തിന്റെ കെട്ട് വിടാത്തത് കൊണ്ട് അയാൾ എഴുന്നേറ്റില്ല. ജിൻസി അന്നമ്മയോട് പറഞ്ഞു.

“അമ്മേ.. പപ്പ ഉണരുമ്പോൾ ഞങ്ങളോട് വഴക്കുണ്ടാക്കും ” “നിങ്ങൾ മിണ്ടാതിരുന്നാൽ മതി, അമ്മ ജോലി അന്വേഷിക്കാൻ പോകുകയാണ് . ഇന്നു ജോലിക്കിരിക്കില്ല, പോയിട്ട് പെട്ടന്ന് വരാം ” മക്കളെ സമാധാനിപ്പിച്ചിട്ട് അന്നമ്മ ആണിയിൽ തൂക്കി ഇട്ടിരുന്ന അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ തപ്പി നോക്കി. പത്തു രൂപയുടെ ഒരു നോട്ട് ഉണ്ടായിരുന്നു, അതുമായിട്ട് അവൾ കവലയിൽ നിന്ന് ബസ് കയറി ടൗണിലെത്തി. കശുവണ്ടി ഫാക്ടറിയിൽ പോയി ജോലി അന്വേഷിച്ചപ്പോൾ മുൻപരിചയം ഉള്ളവരെ മാത്രമേ അവിടെ നിയമിക്കുന്നുള്ളൂ എന്നറിയാൻ കഴിഞ്ഞു.

അവിടത്തെ മാനേജരോട് അന്നമ്മ അപേക്ഷാഭാവത്തിൽ പറഞ്ഞപ്പോൾ ഒന്നാം തീയതി മുതൽ ജോലിക്ക് വന്നു തുടങ്ങിക്കോളാൻ അയാൾ നിർദേശിച്ചു. അന്നമ്മ സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്തി. അന്നമ്മ എത്തുമ്പോൾ ജോസഫ് അവിടെ ഉണ്ടായിരുന്നില്ല. താൻ ഒന്നാം തീയതി മുതൽ പണിക്ക് പോകുമെന്ന് കുട്ടികളെ അറിയിച്ചു. മൂത്തവർ രണ്ടാളും സ്കൂളിൽ പോകും, നാൻസിയെ ഈ വർഷം സ്കൂളിൽ ചേർക്കാൻ പറ്റില്ല, അവളെ വീടിനുള്ളിൽ തനിച്ചാക്കി കതക് പുറത്ത് നിന്ന് പൂട്ടിയിട്ട് പോകാൻ അന്നമ്മ തീരുമാനിച്ചു.

ഒന്നാം തീയതി മുതൽ അന്നമ്മ ജോലിക്ക് പോയി തുടങ്ങി. ജിൻസിയും ജാൻസിയും വീട് പൂട്ടി താക്കോൽ ജനലിൽ കൂടി നാൻസിയ്ക്ക് കൊടുത്തു. വീട്ടിലുള്ളവർ ആരെങ്കിലും വന്നാൽ മാത്രം താക്കോൽ ജനലിൽ കൂടി തരണമെന്ന് നിർദേശിച്ചു. വളരെ പഴക്കമുള്ള വീടാണത്, ആകെ ഒരു താക്കോൽ മാത്രമേയുള്ളൂ. അന്നമ്മ ജോലിക്ക് പോയി തുടങ്ങിയതോടെ അവരുടെ കഷ്ടപ്പാടുകൾക്ക് കുറച്ചൊരു അയവു വന്നു. എങ്കിലും ജോസെഫിന്റെ ഉപദ്രവത്തിൽ നിന്നും പൂർണമായും രക്ഷപെടാൻ അന്നമ്മയ്ക്ക് കഴിഞ്ഞില്ല.

വെളുപ്പിനെ ഉണർന്നു വീട്ടുപണികൾ എല്ലാം പെട്ടന്ന് ചെയ്ത് തീർത്തതിന് ശേഷം അന്നമ്മ തനിക്ക് ഉച്ചയ്ക്കുള്ള ഭക്ഷണം ഒരു പാത്രത്തിൽ പകർന്നെടുത്തിട്ട് ജോലിക്ക് പോകും. ജോസഫ് മിക്ക ദിവസങ്ങളിലും ഇതിനെ ചൊല്ലി വഴക്കിടുമെങ്കിലും അന്നമ്മ അതൊന്നും ചെവിക്കൊണ്ടില്ല.. വർഷങ്ങൾ കടന്ന് പോയി, നാൻസി വളർന്നു സ്കൂളിൽ പോയി തുടങ്ങി. ജിൻസി ഇപ്പോൾ എട്ടാം ക്ലാസ്സിലാണ്, ജാൻസി അഞ്ചാം ക്ലാസ്സിൽ, നാൻസി രണ്ടാം ക്ലാസ്സിലും ആണ്. അന്നമ്മ, ഉറുമ്പ് അരിമണി ശേഖരിക്കുന്നത് പോലെ തന്റെ ആവശ്യം കഴിഞ്ഞുള്ള ഓരോ രൂപയും സൂക്ഷിച്ചു വച്ചു. കുട്ടികൾ വളരുന്നതിനനുസരിച്ചു ആവശ്യങ്ങളും കൂടി വരികയാണ്.

ജിൻസിയ്ക്കും ജാൻസിയ്ക്കും ട്യൂഷൻ ഉണ്ട്, അതിന് വേറെ ഫീസ് വേണം. തന്നാൽ കഴിയും വിധം അന്നമ്മ കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്നുണ്ട്. വർഷങ്ങൾ പഴക്കമുള്ള ഒരു വീടാണ് അവരുടേത്. എല്ലാ മഴക്കാലത്തും, പൊട്ടിയ ഓടിന്റെ വിടവിൽ കൂടി, പെയ്യുന്ന വെള്ളം മുഴുവൻ ആ വീടിനുള്ളിലേക്ക് വീഴും. മൂന്ന് പെൺകുട്ടികൾ വളർന്നു വരുന്ന വീടാണത്, പ്ലാസ്റ്റിക് ഷീറ്റ് വച്ചു കെട്ടിയ ഒരു മറപ്പുരയിൽ നിന്നാണ് അവർ കുളിക്കുന്നത്. ചോർന്നൊലിക്കാത്ത വീടും, കെട്ടിയടച്ച ഒരു കുളിമുറിയും അന്നമ്മയുടെ സ്വപ്നമാണ്.

അന്നമ്മ ഒരു ചിട്ടി കൂടിയിട്ടുണ്ട്, അത് വട്ടമെത്തുമ്പോൾ ആദ്യം കുളിമുറി ഉണ്ടാക്കണം, പിന്നെ വീടിന്റെ ഓട് മാറണമെന്ന് മനസ്സിൽ കരുതിയിരിക്കുകയാണ്. നാലഞ്ച് മാസം കൂടി കാത്തിരിക്കുമ്പോൾ ആ ചിട്ടി പൈസ കിട്ടും, മനസ്സിൽ സ്വപ്നങ്ങളെ താലോലിച്ചു അന്നമ്മ കാത്തിരുന്നു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ജോസെഫിന് ഒരു മാറ്റവും വന്നിട്ടില്ല. അയാൾ ഈയിടെ പുതിയ ഒരു ദുശീലം കൂടി തുടങ്ങിയിട്ടുണ്ട്, അയാളുടെ കൂട്ടുകാരന്മാരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ഒരുമിച്ചിരുന്നു മദ്യപിക്കുന്ന സ്വഭാവം അയാൾ ഈയിടെ തുടങ്ങിയതാണ്.

കുട്ടികൾക്ക് ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ താൻ ജോലിക്ക് പോകുമ്പോൾ കൂട്ടുകാരെയും കൂട്ടി അവിടേക്ക് വരരുതെന്ന് എത്ര പറഞ്ഞാലും ജോസഫ് കേൾക്കാറില്ല. ആ കാരണം പറഞ്ഞും അന്നമ്മയും ജോസപ്പും തമ്മിൽ പലപ്പോഴും വഴക്ക് ഉണ്ടാകാറുണ്ട്. ഞായറാഴ്ച കുട്ടികൾ മൂന്നുപേരും ഉണർന്നു വന്നപ്പോളാണ് അന്നമ്മ ശ്രദ്ധിച്ചത്, ജിൻസിയുടെ ഉടുപ്പിൽ രക്തക്കറ പുരണ്ടിരിക്കുന്നു. അന്നമ്മ വേഗം അവളുടെ അടുത്തെത്തി, അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവളോട് പറഞ്ഞു.

“മോൾ വല്യ പെണ്ണായിരിക്കുന്നു, ഇനി ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം ” ഇനി മുതൽ എല്ലാ മാസങ്ങളിലും മുടങ്ങാതെ എത്തുന്ന അതിഥിയെക്കുറിച്ച് അന്നമ്മ ജിൻസിയോട് വിശദമായി പറഞ്ഞു കൊടുത്തു. പേടിയോടെ നിൽക്കുന്ന അവളോട് ഇതെല്ലാം സ്വാഭാവിക സംഭവങ്ങൾ ആണെന്ന് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു. ജോസഫ് ഉണർന്നു വന്നപ്പോൾ അന്നമ്മ അയാളോട് പറഞ്ഞു. “ജിൻസി വയസറിയിച്ചിട്ടുണ്ട്. ഇനി നിങ്ങളുടെ കൂട്ടുകാരന്മാരെയും കൂട്ടി വെള്ളമടിക്കാൻ ഈ വീട്ടിലേക്ക് വരരുത് ” ജോസഫ് അന്നമ്മയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കിയിട്ട് ഇറങ്ങി നടന്നു.

അന്നമ്മ കവലയിലെ ടെലിഫോൺ ബൂത്തിൽ പോയി തന്റെ വീട്ടിലേക്ക് ഫോൺ ചെയ്തു തന്റെ അമ്മച്ചിയെ വിവരമറിയിച്ചു. കവലയിൽ പോയിട്ട് തിരികെ വരുന്ന വഴിയ്ക്ക് മതിലിന്റെ അരികിൽ നിന്ന് ലീലയെ വിളിച്ചു. “ലീലേ..” “എന്താ അന്നമ്മേ?” “ജിൻസി വയസറിയിച്ചു ” “അന്നമ്മേ, ഇനി നീ സൂക്ഷിക്കണം കേട്ടോ, പെൺപിള്ളേർ നോക്കി നിൽക്കുമ്പോളാണ് വളരുന്നത്. തന്നെയുമല്ല ജോസെഫിന്റെ ഈ സ്വഭാവത്തിന് പിള്ളേർ വല്ല കൈയബദ്ധവും കാണിച്ചാലോ, വീട്ടിൽ സ്നേഹവും കരുതലുമൊന്നും കിട്ടാത്ത കുട്ടികളാണ്,

കണ്ണിൽ കണ്ടവരോടൊക്കെ ഒളിച്ചോടി പോകുന്നത് ” “എന്റെ മക്കളേ എനിക്കറിയാം ലീലേ, അവരങ്ങനെയൊന്നും ചെയ്യില്ല ” “ഞാൻ പറഞ്ഞെന്നേയുള്ളൂ, സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ പ്രമാണം ” ലീല വീട്ടിനുള്ളിലേക്ക് കയറി പോയതും അന്നമ്മയുടെ മുഖത്ത് ആശങ്ക പരന്നു. ‘വീട്ടിൽ സമാധാനം കിട്ടാത്തത് കൊണ്ട് തന്റെ മക്കൾ ലീല പറഞ്ഞത് പോലെ എന്തെങ്കിലും കടുംകൈ കാണിക്കുമോ?’. വേവലാതിയോടെ അന്നമ്മ വീട്ടിനുള്ളിലേക്ക് നടന്നു വന്നു. മക്കളെ തന്നോട് ചേർത്ത് നിർത്തി അവൾ പറഞ്ഞു.

“നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ കഷ്ടപ്പെടുന്നത്. എന്റെ മക്കൾ നന്നായിട്ട് പഠിച്ചൊരു ജോലി വാങ്ങിയിട്ട് നമുക്ക് ഈ നരകത്തിൽ നിന്നും രക്ഷപെടാൻ പറ്റുമെന്ന് എനിക്കൊരു വിശ്വാസം ഉണ്ട്. നിങ്ങളായിട്ട് അത്‌ നശിപ്പിക്കരുത് ” “ഞങ്ങൾ ഒരിക്കലും അമ്മയെ വിഷമിപ്പിക്കില്ല ” അവർ വാക്ക് കൊടുത്തു. അന്നമ്മ തന്റെ മക്കൾ മൂന്നുപേരെയും ചേർത്ത് പിടിച്ചു. താൻ ഈ നാട്ടുകാരുടെ മുന്നിൽ എപ്പോളും പരിഹാസപാത്രമായിട്ടുണ്ട്, എല്ലായിടത്തും അപമാനിക്കപ്പെട്ടിട്ടുണ്ട്, കുടിയന്റെ ഭാര്യ എന്ന ലേബൽ തനിക്കും കുടിയന്റെ മക്കൾ എന്ന ലേബൽ തന്റെ മക്കൾക്കും ചാർത്തപെട്ടിട്ടുണ്ട്.

പക്ഷേ ഒരുനാൾ ഈ അപമാനിക്കപ്പെട്ടവരുടെ മുന്നിൽ കൂടി തല ഉയർത്തി പിടിച്ചു താൻ നടക്കും.. അതിന് വേണ്ടി താൻ കാത്തിരിക്കും.. ദിവസങ്ങൾ കഴിഞ്ഞു, അന്നമ്മ ജോലി ചെയ്തു കിട്ടുന്ന ശമ്പളത്തിൽ നിന്നും മദ്യപിക്കാൻ പണം വേണമെന്ന് ആവശ്യപ്പെട്ട് ജോസഫ് അന്നമ്മയെ ഉപദ്രവിക്കാൻ തുടങ്ങി. അയാൾക്ക് വഴക്ക് ഉണ്ടാക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ടായിരുന്നു, തന്നെയുമല്ല ആ വീട്ടിൽ വഴക്ക് പതിവ് സംഭവം ആയത് കൊണ്ട് ആരും അവിടേക്ക് തിരിഞ്ഞു നോക്കാറ് പോലുമില്ല.

അന്നമ്മയുടെ വീട്ടുകാർ പോലും അവളെയും കുട്ടികളെയും കൂട്ടിക്കൊണ്ട് പോകാൻ മനസ്സ് കാണിച്ചില്ല. ശനിയാഴ്ച, ജോസഫ് രാവിലെ വീട്ടിൽ നിന്നും ഇറങ്ങി പോയതിന് ശേഷം വീട്ടുപണികൾ പെട്ടന്ന് തീർത്തിട്ട് അന്നമ്മ ജോലിക്ക് പോകാനിറങ്ങി. കുട്ടികൾക്ക് ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് മൂന്നുപേരും മുറ്റത്തിരുന്നു കളിക്കുകയായിരുന്നു. അന്നമ്മയ്ക്ക് ശനിയാഴ്ചയാണ് ശമ്പളം കിട്ടുന്നത്, അതുകൊണ്ട് അന്നമ്മ ജോലി കഴിഞ്ഞു വരുമ്പോൾ തങ്ങൾക്ക് മൂന്നുപേർക്കും ബേക്കറിയിൽ നിന്നും പലഹാരങ്ങൾ വാങ്ങിക്കൊണ്ട് വരണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു.

അന്നമ്മ കുട്ടികൾക്ക് മൂന്നുപേർക്കും കവിളിൽ ചുംബനം കൊടുത്തിട്ട് യാത്ര പറഞ്ഞു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ മദ്യപിച്ചു ആടിയുലഞ്ഞു ജോസഫ് വീട്ടിലേക്ക് വന്നു. കുട്ടികൾ മൂന്നുപേരും പേടിയോടെ നോക്കി നിന്നു. ജോസഫ് എത്ര മദ്യപിച്ചാലും കുട്ടികളെ ഉപദ്രവിക്കാറില്ല. അന്നമ്മയെ അയാൾ ഉപദ്രവിക്കുമ്പോൾ അവർ ഇടയ്ക്ക് കയറുകയാണെങ്കിൽ മാത്രം അവരെ വലിച്ചു മാറ്റുമെന്നല്ലാതെ ദേഹോപദ്രവം ഏൽപ്പിക്കാറില്ല. അന്നമ്മയ്ക്കും അതറിയാം, തന്നെ അയാൾ എത്ര ഉപദ്രവിച്ചാലും കുട്ടികളെ ഒന്ന് നുള്ളി നോവിക്കുക പോലുമില്ലെന്ന്.

തന്റെ മക്കൾ ആ വീട്ടിൽ മാനഭയം ഇല്ലാതെ കഴിയും എന്നൊരു വിശ്വാസം മാത്രമേ അന്നമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ആ ഒരു കാര്യത്തിൽ മാത്രമേ അന്നമ്മയ്ക്ക് അയാളോട് മതിപ്പുള്ളൂ. ജോസഫ് കിടക്കയിലേക്ക് ഇരുന്നിട്ട് കുട്ടികളുടെ മുഖത്ത് നോക്കി പറഞ്ഞു. “പപ്പ കുറച്ച് കുടിച്ചിട്ടുണ്ട്, നിങ്ങൾ ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കാതെ അകത്തു പോയി മിണ്ടാതെ കുത്തിയിരിക്ക് ” കുട്ടികൾ മൂന്നുപേരും വീടിനുള്ളിലേക്ക് കയറിപ്പോയി. അരമണിക്കൂർ കഴിഞ്ഞപ്പോൾ ജോസെഫിന്റെ കൂട്ടുകാരന്മാരിൽ ഒരാളായ രാജൻ ഒരു മദ്യകുപ്പിയുമായി അവിടേക്ക് വന്നു. വീടിന്റെ മുറ്റത്തെത്തി തോമസ് വിളിച്ചു.

“ജോസഫേ” രാജൻ മുറ്റത്തേക്ക് നോക്കികൊണ്ട് ചോദിച്ചു. “എന്താടാ?” അരയിൽ നിന്നും മദ്യക്കുപ്പി എടുത്തു കൊണ്ട് രാജൻ പറഞ്ഞു. “എടാ.. ഒരു കുപ്പി കിട്ടിയിട്ടുണ്ട്, ആ മിലിറ്ററിക്കാരൻ ജോണിയുടെ വീട്ടിൽ നിന്നും പൊക്കിയതാണ്. വീട്ടിലിരുന്ന് കുടിക്കാൻ പെണ്ണുമ്പിള്ള സമ്മതിക്കത്തില്ല, ഇവിടെയാകുമ്പോൾ അന്നമ്മ ഇല്ലല്ലോ, അതാ ഇങ്ങോട്ട് വന്നത്. നമുക്ക് രണ്ടാൾക്കും ഫിഫ്റ്റി ഫിഫ്റ്റി അടിക്കാം ” “വേണ്ടാ, ഇനി മുതൽ ഇവിടെ ഇരുന്ന് കള്ള് കുടിക്കരുതെന്ന് അന്നമ്മ എന്നോട് പറഞ്ഞിട്ടുണ്ട്.

അവളെ പേടിയുണ്ടായിട്ടൊന്നുമല്ല, പക്ഷേ അവൾ പറയുന്നതിലും കാര്യമുണ്ട്. മൂന്ന് പെൺപിള്ളേരുള്ള വീടാണ്, ഞാൻ അത്ര നല്ലവനൊന്നുമല്ലെങ്കിലും ഈ ഒരുകാര്യത്തിൽ ഞാൻ അന്നമ്മയുടെ വാക്ക് കേൾക്കും ” “നീ എന്താടാ ഈ പറയുന്നത്? നിന്റെ മക്കൾ എന്റെയും കൂടി മക്കളല്ലേടാ, പിന്നെയെന്താ ഞാൻ ഇവിടിരുന്നു കുടിച്ചാൽ?” “രാജാ.., നീ പോ.. എന്നിട്ട് ആ കനാലിന്റെ അടുത്തെങ്ങാനും പോയിരുന്നു കുടിച്ചോ ” രാജൻ നിരാശയോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോളാണ് അകത്തെ മുറിയുടെ വാതിൽക്കൽ വന്നു നിന്ന് ആകാംഷയോടെ നോക്കുന്ന കുട്ടികളെ കണ്ടത്.

ജിൻസിയുടെ മുഖത്തും ശരീരത്തേക്കും രാജന്റെ നോട്ടം പാറി വീണു. അന്നമ്മയുടെ സൗന്ദര്യമാണ് കുട്ടികൾക്ക് കിട്ടിയിരിക്കുന്നത്. ജിൻസിക്ക് നല്ല മുഖസൗന്ദര്യം ഉണ്ട്,അവളുടെ ശരീരവും തുടുത്തു വരുന്ന പ്രായമാണ്. രാജൻ അഞ്ച് മിനിട്ട് അവിടെ നിന്നു. മദ്യലഹരിയിൽ ആയിരുന്ന ജോസഫ് പെട്ടന്ന് തന്നെ ഉറക്കം പിടിച്ചു. ജോസഫ് നല്ല ഉറക്കമായെന്ന് തോന്നിയതും രാജൻ തന്റെ ചെരുപ്പ് പുറത്ത് ഊരിയിട്ടിട്ട് ശബ്ദമുണ്ടാക്കാതെ വീടിനുള്ളിലേക്ക് കയറി. കുട്ടികൾ ഭീതിയോടെ രാജന്റെ മുഖത്തേക്ക് നോക്കി.

അവൻ ജിൻസിയുടെ മുഖത്ത് നോക്കിക്കൊണ്ട് ചോദിച്ചു. “മോൾക്ക് മാമൻ മിട്ടായി വാങ്ങിക്കാൻ പൈസ തരട്ടെ?” “വേണ്ട, ആരുടെയും കയ്യിൽ നിന്ന് ഒന്നും വാങ്ങരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട് ” “നിന്റെ അമ്മ ഒന്നും അറിയത്തില്ല. മാമൻ പറയുന്നത് പോലെ കേട്ടാൽ മതി ” രാജൻ തന്റെ വലത് കരമുയർത്തി ജിൻസിയുടെ കവിളിൽ തലോടി. അവൾ ആ കൈ തട്ടി മാറ്റിയിട്ടു ജോസഫ് കിടന്നുറങ്ങുന്ന കട്ടിലിന്റെ അരികിലെത്തി അയാളെ കുലുക്കി വിളിച്ചു. “പപ്പാ, എഴുന്നേൽക്ക് പപ്പാ ” രാജൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല അത്‌, ജിൻസിയുടെ കരച്ചിലും വിളിയും കേട്ടപ്പോൾ ജോസഫ് കണ്ണ് തുറന്നു.

വീടിനുള്ളിൽ നിൽക്കുന്ന രാജനെയും പേടിച്ചരണ്ടു നിൽക്കുന്ന കുട്ടികളെയും കണ്ടപ്പോൾ ജോസെഫിന്റെ കണ്ണുകൾ എരിഞ്ഞു. അയാൾ ചാടി എഴുന്നേറ്റു കൊണ്ട് രാജന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു. “നായേ.. തന്തയ്ക്ക് പിറക്കായ്ക കാണിക്കുന്നോടാ?” “ജോസഫേ, നീ പിടി വിട്, ഞാനൊന്നും ചെയ്തില്ലടാ ” “നിന്നോട് പോകാൻ ഞാൻ പറഞ്ഞതല്ലെടാ, പിന്നെ നീ എന്തിന് എന്റെ വീട്ടിനുള്ളിൽ കയറി? അങ്ങനെ വഴിയിൽ കാണുന്നവന് വന്നു കയറാനുള്ളതല്ല എന്റെ വീട് ” പറയുക മാത്രമല്ല, തന്റെ കാലുയർത്തി രാജന്റെ അടിവയറ്റിൽ ഒരു ചവിട്ടും കൊടുത്തു ജോസഫ്. രാജൻ ഒരു നിലവിളിയോടെ നിലത്തേക്കിരുന്നു.

“ഡാ.. പുല്ലേ.. ജോസഫ് കള്ള് കുടിയനാണ്.. കള്ള് കുടിച്ചു വന്നു ഭാര്യയെ തല്ലുന്നവനാണ് .നാട്ടുകാരെ തെറി പറയുന്നവനാണ് എല്ലാം സമ്മതിച്ചു. പക്ഷേ ഇതുവരെ ആരുടെയും വീട്ടിൽ കയറി ഭാര്യയെയും മക്കളെയും പിടിച്ചിട്ടില്ല.. എനിക്ക് അമ്മയേയും പെങ്ങളെയും തിരിച്ചറിയാമെടാ.. എത്ര കള്ള് കുടിച്ചു ബോധം പോയാലും എനിക്കെന്റെ അമ്മയേയും പെങ്ങളെയും അറിയാമെടാ ചെറ്റേ ” രാജന്റെ ഇരുകവിളിലും മാറി മാറി അടിച്ചിട്ട്, അവനെ പുറത്തേക്ക് വലിച്ചിട്ടു ജോസഫ് വീടിന്റെ വാതിലടച്ചു.

എന്നിട്ട് കുട്ടികളോട് പറഞ്ഞു. “ഈ വാതിൽ എപ്പോളും അടച്ചിട്ടേക്കണം, ആരെയും വീട്ടിൽ കയറ്റരുത് ” “ഉം ” “പിന്നെ, നിങ്ങളുടെ അമ്മ വരുമ്പോൾ ഇതൊന്നും പറയാൻ നിൽക്കണ്ട, അവൾ ചുമ്മാ ഇവിടെ കിടന്നലയ്ക്കും ” “ഉം ” വൈകുന്നേരം അന്നമ്മ ജോലി കഴിഞ്ഞു വരുമ്പോൾ ജോസഫ് വീട്ടിലില്ലായിരുന്നു. ലീല മതിലിന്റെ അരികിൽ അന്നമ്മയെയും കാത്തു നിൽപ്പുണ്ടായിരുന്നു. “അന്നമ്മേ ” “എന്താ ലീലേ?” “ഇന്ന് രാജൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു. എന്താ കാര്യമെന്നറിയില്ല ജോസഫ് അവനുമായിട്ട് വഴക്ക് ഉണ്ടായി.

വല്യ ഒച്ചയിൽ അലയ്ക്കുന്നതൊക്കെ കേട്ടു. പിള്ളേരെ മുറ്റത്തേക്കൊന്നും കണ്ടില്ല, അതുകൊണ്ട് ചോദിക്കാനും പറ്റിയില്ല ” അന്നമ്മയുടെ മുഖം മുറുകി. അയാൾ എത്ര പറഞ്ഞാലും നന്നാകില്ല, കൂട്ടുകാരെ ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരരുതെന്ന് പറഞ്ഞാൽ കേൾക്കില്ല. ഇന്ന് ഈ കാര്യത്തിൽ ഒരു തീരുമാനമെടുത്തിട്ട് തന്നെ ബാക്കി കാര്യം. മനസ്സിൽ പലതും ചിന്തിച്ചു കൊണ്ട് അന്നമ്മ വീട്ടിലേക്ക് ചെന്നു. അന്നമ്മ ഗൗരവത്തിൽ വിളിച്ചു. “ജിൻസി…” “എന്താ അമ്മേ?” “എന്തിനാടി നിങ്ങളുടെ പപ്പയും രാജനും തമ്മിൽ വഴക്ക് ഉണ്ടായത്?” കുട്ടികൾ മുഖത്തോട് മുഖം നോക്കി മിണ്ടാതെ നിന്നു.

അന്നമ്മ ദേഷ്യത്തിൽ മൂന്നുപേരോടുമായി ചോദിച്ചു. “നിനക്കൊന്നും ചെവി കേൾക്കില്ലേ? എന്തിനാ അവർ തമ്മിൽ വഴക്ക് ഉണ്ടായതെന്ന്?” ജിൻസി അന്നമ്മയുടെ അടുത്തെത്തി നടന്ന സംഭവങ്ങൾ പറഞ്ഞു. “അമ്മയെയൊന്നും അറിയിക്കേണ്ടെന്ന് പപ്പ ഞങ്ങളോട് പറഞ്ഞു ” മക്കളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് അന്നമ്മ പറഞ്ഞു. “നിങ്ങൾ എപ്പോളും പറയാറില്ലേ, നമുക്കിവിടുന്ന് എങ്ങോട്ടെങ്കിലും പോകാമെന്ന്? പോയാൽ നമ്മളെങ്ങനെ ഈ നാട്ടിൽ ജീവിക്കും? അമ്മയ്ക്ക് ഒരു മാസത്തിൽ ആകെ കിട്ടുന്നത് രണ്ടായിരം രൂപയാണ്.

അതുകൊണ്ട് ഒരു വീട് വാടകയ്‌ക്കെടുത്തു, നിങ്ങളെയും പഠിപ്പിച്ചു, വീട്ടുചെലവ് നോക്കാനൊന്നും പറ്റത്തില്ല. തന്നെയുമല്ല നമ്മൾ എവിടെ പോയാലും നിങ്ങളുടെ പപ്പ പിന്നാലെ വന്നു വഴക്കുണ്ടാക്കും..” “അമ്മ പപ്പയോട് പറയമ്മേ.. ഇനി കള്ള് കുടിക്കരുതെന്ന് ” “എത്ര പറഞ്ഞാലും നിങ്ങളുടെ പപ്പ കേൾക്കത്തില്ല ” “അതമ്മ വഴക്ക് പറയുന്നത് പോലെ പറയുന്നത് കൊണ്ടാണ്, സ്നേഹത്തോടെ പറഞ്ഞു നോക്കമ്മേ ” “എന്നെ ഇവിടെ കെട്ടിക്കൊണ്ട് വന്ന നാള് തൊട്ടേ നിങ്ങളുടെ പപ്പ കുടിക്കുന്നയാളാണ്.

സ്നേഹിച്ചു നിങ്ങളുടെ പപ്പയെ മാറ്റിയെടുക്കാമെന്നു ഞാൻ പ്രതീക്ഷിച്ചിട്ടുണ്ട്, പക്ഷേ അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെ വിഫലമായി, എങ്കിലും നിങ്ങൾക്ക് വേണ്ടി ഒരിക്കൽ കൂടി ഞാൻ സംസാരിച്ച് നോക്കാം ” രാത്രിയിൽ കുട്ടികൾ മൂന്നുപേരും ഉറക്കമായതിന് ശേഷമാണ് നിലത്തുറയ്ക്കാത്ത കാലുകളുമായി ജോസഫ് വീട്ടിൽ വന്ന് കയറിയത്. അയാൾ വരുന്നത് കണ്ടപ്പോൾ തന്നെ അന്നമ്മ കതക് തുറന്നു. ജോസഫ് ഷർട്ട് ഊരി ആണിയിൽ തൂക്കിയതും കിടക്കയിലെക്കിരുന്നു.

അന്നമ്മ മുഖവുരയില്ലാതെ പറഞ്ഞു. “എനിക്ക് നിങ്ങളോട് കുറച്ച് സംസാരിക്കാനുണ്ട് ” “എന്താ?” “നിങ്ങളെന്തിനാ ഇങ്ങനെ കള്ള് കുടിച്ച് നശിക്കുന്നത്?” “ഞാൻ എനിക്ക് തോന്നിയത് പോലെ ജീവിക്കും, നീ എന്നെ ഉപദേശിക്കാൻ വരണ്ട ” “നിങ്ങൾക്ക് ഈ പിള്ളേരെ ഓർത്തെങ്കിലും നന്നായിട്ട് ജീവിച്ചു കൂടെ? പിള്ളേർ വളർന്നു വരികയാണ്. അവർക്ക് കല്യാണപ്രായം ആകുമ്പോൾ ഒരു കുടിയന്റെ മക്കളെ കെട്ടികൊണ്ട് പോകാൻ ആരെങ്കിലും തയ്യാറാകുമോ?” “എന്ന് വച്ചാൽ നാളെ നീ പിള്ളേരെ കെട്ടിച്ചു വിടാൻ പോവാണോ?”

“നാളത്തെ കാര്യമല്ല, കെട്ടിക്കാൻ പ്രായമാകുമ്പോൾ ഉള്ള കാര്യത്തെപ്പറ്റിയാണ് ഞാൻ പറഞ്ഞത് ” “അന്നമ്മേ നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല, നീ പോയിക്കിടന്നുറങ്ങാൻ നോക്ക്” ജോസഫ് അവൾ പറയുന്നത് കേൾക്കാൻ താല്പര്യമില്ലാതെ കിടക്കയിലേക്ക് വീണു, മൂടി പുതച്ചു കിടന്നു. ഇനി ഒരിക്കലും അന്നമ്മയെയും മക്കളെയും വീട്ടിന് പുറത്താക്കി കതകടയ്ക്കില്ലെന്ന് ജോസഫ് മനസ്സിൽ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. ജോസഫിനെ ഉപദേശിച്ചു നന്നാക്കാൻ തനിക്ക് കഴിയില്ലെന്ന് മനസിലാക്കിയ അന്നമ്മ ഒരു ദീർഘനിശ്വാസത്തോടെ ഉറങ്ങാൻ കിടന്നു.

തുടരും.. 

തനിയെ : ഭാഗം 4