Monday, December 23, 2024
Novel

തനിയെ : ഭാഗം 4

Angel Kollam

അന്നമ്മ വീട്ടിലേക്കുള്ള വഴിയിൽ എത്തുമ്പോൾ തന്നെ കലി പൂണ്ടു മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന ജോസെഫിനെ കണ്ടു. അയാൾ ഇനിയും തന്നെ ഉപദ്രവിച്ചേക്കുമെന്ന ഭീതിയിൽ അന്നമ്മയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു. അന്നമ്മ വീടിന്റെ മുറ്റത്തെത്തിയതും ജോസഫ് അലറി. “നിൽക്കടി അവിടെ, നിന്നെപ്പോലെ കണ്ടിടത്തൊക്കെ അഴിഞ്ഞാടി നടക്കുന്നവർക്കൊന്നും എന്റെ വീട്ടിൽ സ്ഥാനമില്ല ” “നിങ്ങളെന്തൊക്കെയാ ഈ വിളിച്ചു പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ?”

“എനിക്ക് നല്ല ബോധമുണ്ടെടി, നീ ആ വേണുവിന്റെ കൂടെ പോക്കും വരവും തുടങ്ങിയ വിവരം ഞാനിന്നാണ് അറിഞ്ഞത്” അന്നമ്മയ്ക്ക് സംസാരിക്കാനുള്ള ആരോഗ്യം പോലും ഇല്ലായിരുന്നെങ്കിലും ഉറച്ച സ്വരത്തിൽ അവൾ മറുപടി നൽകി. “വീട്ടിലുള്ള ആണുങ്ങൾ അധ്വാനിച്ചു ഭാര്യക്കും മക്കൾക്കും ചിലവിന് തന്നില്ലെങ്കിൽ, വീട്ടിലിരിക്കേണ്ട പെണ്ണുങ്ങൾ ഇതുപോലെ പണിക്കിറങ്ങി പോകേണ്ടി വരും ” “ഡീ നിഷേധി, ഇന്നുവരെ ആലുംതടത്തിൽ കുടുംബത്തിലെ പെണ്ണുങ്ങളാരും പണിക്ക് പോയിട്ടില്ല ”

“ഈ തറവാട്ടു പേരും കെട്ടിപിടിച്ചു കൊണ്ട് കിടന്നാൽ എന്റെയും പിള്ളേരുടെയും വിശപ്പ് മാറുമോ? നിങ്ങളെന്നെ എന്തൊക്കെ ചെയ്താലും ശരി, ഞാനിനിയും പണിക്ക് പോകും ” “നിന്റെ കാല് തല്ലിയൊടിച്ചു ഞാൻ ഈ വീട്ടിലിടും. പിന്നെ നീയെങ്ങനെ പണിക്ക് പോകുമെന്ന് എനിക്ക് കാണണം ” “ഒന്നുകിൽ നിങ്ങൾ എനിക്കും ഈ പിള്ളേർക്കും ചിലവിന് താ, അല്ലെങ്കിൽ ഞങ്ങളെ നാലു പേരെയും അങ്ങ് കൊന്നേക്ക്, ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും ഭേദം അതൊക്കെയാണ് ”

“ഇന്ന് നിന്റെ അവസാനമാണെടി, ഞാൻ പോയി വേണുവിനെ ഒന്ന് കണ്ടിട്ട് വരട്ടേ, ഞാൻ പോയിട്ട് വന്നിട്ട് നിനക്ക് ബാക്കിയുള്ളത് തരാം ” ജോസഫ് കലി തുള്ളി ഇറങ്ങി പോയപ്പോൾ അന്നമ്മ വീടിനുള്ളിലേക്ക് കയറി,മക്കളെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു. ജിൻസി അമ്മയുടെ മുഖത്ത് നോക്കിക്കൊണ്ട് പറഞ്ഞു. “പപ്പ നമ്മളെ കൊല്ലും അമ്മേ, നമുക്ക് ഇവിടുന്നു എങ്ങോട്ടെങ്കിലും ഓടിപ്പോകാം ” “നമ്മളെവിടെ പോകാനാണ് മോളെ? നമ്മുടെ വിധി ഇങ്ങനെ ആയിപ്പോയി.

നിങ്ങൾ നന്നായിട്ട് പഠിച്ചു ഒരു ജോലി വാങ്ങിയാൽ നമുക്ക് ഈ നരകത്തിൽ നിന്നും രക്ഷപെടാം ” “അമ്മേ.. അതിനൊക്കെ ഒരുപാട് വർഷങ്ങളെടുക്കും, അത്രനാളൊന്നും പപ്പ നമ്മളെ ജീവനോടെ വച്ചേക്കില്ല ” “നമുക്ക് പോകാനൊരിടമില്ല മോളെ, നമ്മൾക്ക് വേറെയാരുമില്ല, അതുകൊണ്ട് ഇവിടെ സഹിച്ചു ജീവിക്കാനേ പറ്റുള്ളൂ ” അന്നമ്മ മക്കളെ മാറോട് ചേർത്തിരുന്നു. ജോസഫ് വേണുവിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ വേണുവിന്റെ ഭാര്യ ഉമ്മറത്തു വിളക്ക് വയ്ക്കുകയായിരുന്നു. “വേണു എവിടെ?”

“ചേട്ടൻ പണിക്ക് പോയിട്ട് വന്നില്ലല്ലോ. എന്ത് പറ്റി?” “ഇന്നത്തോടെ കൂടി അവന്റെ പണിക്ക് പോക്കൊക്കെ ഞാൻ നിർത്തിത്തരാം ” “എന്ത് പറ്റി അച്ചായാ?” “വേണുവിന് കൂടെ കൊണ്ട് നടക്കാനല്ല ഞാൻ അവളെ കെട്ടിക്കൊണ്ട് വന്നത്, അതൊന്ന് വേണുവിനെ കണ്ട് നേരിട്ട് പറയണം ” ജോസഫ് കുറേ സമയം അവിടെ കാത്ത് നിന്നെങ്കിലും വേണു വരാൻ വൈകിയത് കാരണം അമർഷത്തോടെ വീട്ടിലേക്ക് നടന്നു. ജോസഫ് കവലയിൽ എത്തിയപ്പോളാണ്, കവലയിൽ വന്ന് ബസിറങ്ങുന്ന വേണുവിനെ കണ്ടത്.

ജോസെഫിന്റെ കാലുകൾക്ക് വേഗതയേറി, വേണുവിന്റെ തൊട്ടരികിലെത്തി, അയാളുടെ ഷർട്ടിന്റെ കോളറിനു കുത്തിപിടിച്ചു കൊണ്ട് ചോദിച്ചു. “നിനക്ക് കൂടെ ജോലിക്ക് കൊണ്ട് പോകണമെങ്കിൽ വീട്ടിലിരിക്കുന്ന നിന്റെ കെട്ടിയോളെ കൊണ്ട് പോകണം. അല്ലാതെ എന്റെ ഭാര്യയെയും കൊണ്ടല്ല പോകേണ്ടത് ” “നീ എന്തറിഞ്ഞിട്ടാ ജോസഫേ ഇങ്ങനെയൊക്കെ പറയുന്നത്?” കോളറിന്റെ പിടിത്തം വിടുവിച്ചു കൊണ്ട് വേണു അവനോട് ചോദിച്ചു. “ഇതിൽ കൂടുതൽ എന്തറിയണം?

ഞാൻ എന്റെ കണ്ണു കൊണ്ട് കണ്ടതല്ലേ, അവൾ പണിക്ക് പോയിട്ട് വന്ന് ബസിറങ്ങുന്നത്?” “ആദ്യം നീ അവൾക്കും പിള്ളേർക്കും എന്തെങ്കിലും ചിലവിന് കൊടുക്ക്, അപ്പോൾ പിന്നെ അവൾക്ക് ജോലിക്ക് പോകേണ്ട കാര്യമില്ലല്ലോ ” “ഞാനെന്റെ ഭാര്യയ്ക്കും കുട്ടികൾക്കും ചിലവിന് കൊടുക്കണമോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം, നീ നിന്റെ കുടുംബകാര്യം നോക്കിയാൽ മതി ” “ജോസഫേ, ഞാൻ നിന്റെ കുടുംബകാര്യത്തിൽ ഇടപെടാനൊന്നും വന്നില്ല, അന്നമ്മയ്ക്കൊരു ജോലി വേണമെന്ന് പറഞ്ഞപ്പോൾ കെട്ടിടം പണിക്ക് കൂടെ വന്നോളാൻ പറഞ്ഞു.

ഒരാഴ്ച ആ പെണ്ണ് പണിക്ക് പോയത് കൊണ്ട് അവളും പിള്ളേരും പട്ടിണിയില്ലാതെ കിടന്നു ” “എനിക്കറിയാം, എന്താ ചെയ്യേണ്ടതെന്ന്, ഇതുവരെയുള്ളത് ഞാൻ ക്ഷമിച്ചു, ഇനി അന്നമ്മ നിന്റെ കൂടെ പണിക്ക് വന്നാൽ നിന്റെ വീട്ടിൽ കയറി നിന്നെ ഞാൻ തല്ലും. ആലുംതടത്തിൽ ജോർജിന്റെ മോൻ ജോസഫാണ് പറയുന്നത്. നോക്കിക്കോ ” വേണുവിന്റെ നേർക്ക് രൂക്ഷമായി നോക്കിയിട്ട് ജോസഫ് വീട്ടിലേക്ക് നടന്നു. അന്നമ്മ രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു.

ജോസഫ് അടുക്കളയിലേക്ക് പാഞ്ഞു വന്നു, അന്നമ്മയെ ഒരു വശത്തേക്ക് തള്ളി മാറ്റിയിട്ട്, അടുപ്പിലിരുന്ന കലത്തോടെ പുറത്തേക്കെടുത്തെറിഞ്ഞു. അന്നമ്മയ്ക്ക് തടയാൻ കഴിയുന്നതിന് മുൻപ് അത് സംഭവിച്ചു കഴിഞ്ഞിരുന്നു. “എന്നെ ഈ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയിട്ട് തള്ളയും മക്കളും സുഭിക്ഷമായി ഉണ്ടുറങ്ങി ജീവിക്കാമെന്ന് കരുതണ്ട ” “നിങ്ങൾ എന്തിനാ ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത്?” “നിനക്കും നിന്റെ മക്കൾക്കും ഭക്ഷണം കഴിക്കണം, ഉറങ്ങണം എന്ന ചിന്ത മാത്രമേയുള്ളൂ, ഇതിന്റെയൊക്കെ കലപില സംസാരം കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും ”

“മക്കളായാൽ സംസാരിക്കും, ബഹളം വയ്ക്കും, ഇവരുടെ സമപ്രായത്തിൽ ഉള്ള പിള്ളേരുടെ അത്രയൊന്നും കുരുത്തക്കേട് ഇവർക്കില്ലല്ലോ, പിന്നെ ഭക്ഷണം കഴിക്കാതിരുന്നാൽ അതുങ്ങൾക്ക് വിശക്കും, അത് പറയുന്നതാണോ കുറ്റം?” “എന്നെ ഭരിക്കാതെ ഇറങ്ങടി എന്റെ വീട്ടിൽ നിന്ന് ” അന്നമ്മയുടെ മുടിക്ക് കുത്തിപ്പിടിച്ചു അയാൾ പുറത്തേക്ക് വലിച്ചിട്ടു, കരഞ്ഞു കൊണ്ട് കുട്ടികളും അവരുടെ പിന്നാലെ ചെന്നു. പതിവ് പോലെ ആ വീടിന്റെ വാതിൽ അവർക്ക് മുന്നിൽ അടയ്ക്കപ്പെട്ടു.

“നമുക്ക് എങ്ങോട്ടെങ്കിലും പോകാമമ്മേ, എന്നും മുറ്റത്തുറങ്ങാൻ പറ്റുമോ?” ജിൻസി അന്നമ്മയോട് ചോദിച്ചു. “എവിടെ പോവാനാ മോളെ?” “നമുക്ക് കുറച്ച് ദിവസം ഇവിടുന്നെങ്ങോട്ടെങ്കിലും പോകാം, അമ്മവീട്ടിൽ പോകാം, ഇല്ലെങ്കിൽ ആന്റിമാരുടെ ആരുടെയെങ്കിലും വീട്ടിൽ പോകാം ” “എവിടെ പോയാലും ഒരു ദിവസത്തിൽ കൂടുതൽ നിന്നാൽ അവർക്കതൊരു ബാധ്യതയാകും. നമുക്ക് എങ്ങോട്ടും പോകാനില്ല, നമ്മളെ കാണാൻ ദൈവത്തിന് പോലും കണ്ണില്ലെന്ന് തോന്നുന്നു ” മുറ്റത്തിന്റെ ഒരരികിലായി കുട്ടികളെയും ചേർത്ത് പിടിച്ചു അന്നമ്മ കിടന്നു.

താൻ പണിക്ക് പോകാൻ ജോസഫ് അനുവദിക്കില്ലെന്ന് അന്നമ്മയുടെ മനസ് പറയുന്നുണ്ടായിരുന്നു. എന്നാലും ജോസഫ് പോയികഴിഞ്ഞാൽ തനിക്ക് ജോലിക്ക് പോകാമെന്നുള്ള പ്രതീക്ഷയിൽ അന്നമ്മ കിടന്നുറങ്ങി. രാവിലെ, ജോസഫ് കതക് തുറന്നപ്പോൾ അന്നമ്മ കുട്ടികളെയും കൊണ്ട് വീടിനുള്ളിലേക്ക് നടന്നു. പതിവ് സമയം കഴിഞ്ഞിട്ടും ജോസഫ് ജോലിക്ക് പോകാത്തത് കൊണ്ട് അന്നമ്മ അവനോട് ചോദിച്ചു. “നിങ്ങളിന്ന് പണിക്ക് പോകുന്നില്ലേ?”

“എന്നെ പറഞ്ഞു വിട്ടിട്ട് വേണമായിരിക്കും, നിനക്ക് അവന്റെ കൂടെ അഴിഞ്ഞാടാൻ പോകാൻ ” “ഭർത്താവാണെന്ന് കരുതി, എന്ത് തോന്നിവാസവും പറയരുത് കേട്ടോ ” “നിനക്ക് കാണിക്കാം, ഞാൻ പറയുന്നതിനെയുള്ളൂ കുഴപ്പം ” “മനുഷ്യാ, ഞാൻ നിങ്ങളുടെ ഭാര്യയാണ് ആ ഒരു കരുണയെങ്കിലും എന്നോട് കാണിക്ക് ” “നീ അഹങ്കാരിയാണ്, അല്ലെങ്കിലും നിന്റെ കല്യാണലോചന വന്നപ്പോൾ വന്നപ്പോൾ തന്നെ എല്ലാവരും പറഞ്ഞതാണ് നിന്റെ മുഖം കാണുമ്പോൾ തന്നെ അറിയാം, നീയൊരു അഹങ്കാരിയാണെന്ന് ”

“എന്നിട്ട്, ഞാൻ നിങ്ങളോട് പറഞ്ഞോ എന്നെ കെട്ടികൊണ്ട് വരാൻ? എന്റെ ജീവിതം നശിപ്പിക്കാനായിട്ട് ഈ നരകത്തിലേക്ക് കൊണ്ട് വന്നതും പോരാ, ഇപ്പോൾ എനിക്കാണോ കുറ്റം?” “നീ നാവെടുത്താൽ തർക്കുത്തരം മാത്രമേ പറയുള്ളൂ, നിനക്ക് ഭർത്താവിനെ ഒരു വിലയുമില്ല ” “ഞാൻ പറഞ്ഞില്ലേ, നിങ്ങൾ എനിക്കും മക്കൾക്കും ചിലവിന് കൊണ്ട് താ.. നിങ്ങൾ പറയുന്നതനുസരിച്ചു ഞാൻ ഈ വീട്ടിൽ കഴിയാം ” ജോസഫ് ഒന്നും മിണ്ടാതെ അവിടുന്ന് ഇറങ്ങിപോയി, അയാൾ പണിക്ക് പോയതല്ലെന്ന് മനസിലായത് കൊണ്ട് അന്നമ്മയും അന്ന് പോയില്ല.

രണ്ടു മൂന്നു ദിവസങ്ങൾ കടന്ന് പോയി. ജോസഫ് ജോലിക്ക് പോയെന്നുറപ്പായ ഒരു ദിവസം അന്നമ്മയും റെഡിയായി കവലയിലേക്ക് ചെന്നു. അവളെ കണ്ടതും മുഖത്തേക്ക് നോക്കാതെ വേണു പറഞ്ഞു. “നിനക്കൊന്നും തോന്നരുത് അന്നമ്മേ, നിന്നെയും കൊണ്ട് ഇനി പണിക്ക് പോയാൽ ജോസഫ് എന്നെ തല്ലുമെന്ന് പറഞ്ഞിട്ടുണ്ട്, അത്‌ ഞാനത്ര കാര്യമായിട്ടെടുക്കുന്നില്ല. പക്ഷേ അവൻ ഓരോ അപവാദങ്ങൾ പറഞ്ഞു നടക്കുന്നുണ്ട്, എന്റെ ഭാര്യയുടെ കാതിലും അതൊക്കെ എത്തിയിട്ടുണ്ട്,

അതുകൊണ്ട് എന്റെ കുടുംബജീവിതം തകരാതിരിക്കാൻ വേണ്ടി നിന്റെ ദുഃഖങ്ങൾ കണ്ടില്ലെന്ന് നടിക്കുകയെ എനിക്ക് നിവൃത്തിയുള്ളൂ ” ആകെ ഉണ്ടായിരുന്ന പ്രതീക്ഷ കൂടെ നഷ്ടപെട്ടത് അന്നമ്മയ്ക്ക് മനസിലായി. അവൾ വീട്ടിലേക്ക് തിരിച്ചു നടന്നു. ദുരിതപൂർണമായ ദിവസങ്ങൾ പിന്നെയും കടന്ന് വന്നു . ജോലി ചെയ്തതിൽ മിച്ചമുണ്ടായിരുന്ന പൈസയും തീർന്നു. വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക് താനും മക്കളും വീഴുന്നത് അന്നമ്മ തിരിച്ചറിഞ്ഞു.

ജോസെഫിന്റെ ഉപദ്രവം കൂടിക്കൂടി വരുന്നതല്ലാതെ ഒട്ടും കുറയുന്നില്ല, താൻ തനിയെ എങ്ങനെ കുട്ടികളെ വളർത്തുമെന്നറിയില്ല. ജോസെഫിനോട്‌ ഒരിക്കൽ കൂടി സംസാരിച്ചു നോക്കാമെന്നു അന്നമ്മ കരുതി. ഞായറാഴ്ച ജോസഫിന് പണിക്ക് പോകണ്ടാത്തത് കൊണ്ട് പൊതുവെ അയാൾ താമസിച്ചാണ് ഉണരാറുള്ളത്. മക്കൾ മൂന്നുപേരും പള്ളിയിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുകയാണ്. അയാളോട് തനിച്ചു സംസാരിക്കണമെന്നുള്ളത് കൊണ്ട് അന്നമ്മ അന്ന് പള്ളിയിൽ പോയില്ല. ഒൻപതു മണി ആയപ്പോളാണ് ജോസഫ് ഉണർന്നത്.

അയാൾക്കൊരു കട്ടൻ ചായ വച്ച് നീട്ടിക്കൊണ്ട് മുഖവുര ഒന്നുമില്ലാതെ അന്നമ്മ സംസാരിച്ചു തുടങ്ങി. “ഞങ്ങളുടെ കാര്യത്തിൽ എന്താ നിങ്ങളുടെ തീരുമാനം?” “നിങ്ങളുടെ എന്ത് കാര്യത്തിൽ?” “എനിക്കും മക്കൾക്കും ഇനിയും പട്ടിണി കിടക്കാൻ വയ്യ. ദൈവം തന്ന ഈ ജീവിതം സ്വയം അവസാനിപ്പിക്കാനും വയ്യ, അതുകൊണ്ട് നിങ്ങൾ രണ്ടിലൊന്ന് തീരുമാനിക്കണം. ഒന്നുകിൽ നിങ്ങൾ ഞങ്ങൾക്ക് ചിലവിന് അന്വേഷിച്ചു തരണം അല്ലെങ്കിൽ എന്നെ ജോലിക്ക് പോകാൻ അനുവദിക്കണം ”

“നിനക്ക് ഈ കെട്ടിടം പണിക്ക് പോകുന്നതല്ലാതെ, പെണ്ണുങ്ങൾ ചെയ്യുന്ന വേറെ വല്ല പണിക്കും പൊയ്ക്കൂടെ?” “കെട്ടിടം പണിയ്ക്ക് പോകുന്നതിലെന്താ കുഴപ്പം?” “അവിടെ മുഴുവനും ആണുങ്ങളാണ്, ആലുംതടത്തിലെ പെണ്ണ് കെട്ടിടം പണിക്ക് പോകുന്നുവെന്ന് പറയുന്നത് എനിക്ക് കുറച്ചിലാണ് ” “ഞാൻ അധ്വാനിച്ചു പൈസ ഉണ്ടാക്കാനാണ് ഇവിടുന്നിറങ്ങി പോകുന്നത്, അല്ലാതെ ശരീരം വിറ്റു ജീവിക്കാനല്ല ” “നിർത്തടി, ഞാനൊന്ന് താണ് തന്നപ്പോൾ നീയെന്റെ തലയിൽ കയറിയിരിക്കാൻ ശ്രമിക്കുകയാണോ?”

“അല്ല, നിങ്ങൾ പറയ്, അഞ്ചാം ക്ലാസ്സ്‌ വിദ്യാഭ്യാസയോഗ്യത പോലുമില്ലാത്ത എനിക്ക് കൂലിപ്പണിയല്ലാതെ വേറെ എന്തെങ്കിലും ജോലി കിട്ടുമോ?” “അതൊന്നും എനിക്കറിയില്ല, നീയെന്റെ ഭാര്യയാണ്, നിന്നെയിങ്ങനെ കയറൂരി വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, അങ്ങനെ എന്നെ ധിക്കരിച്ചു വേണുവിന്റെ കൂടെ ജോലിക്ക് പോകാമെന്നു നീ സ്വപ്നത്തിൽ പോലും കരുതണ്ട ” ജോസഫ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി, ഒരു മണിക്കൂറിനു ശേഷം മൂക്കറ്റം മദ്യപിച്ച് അയാൾ തിരികെയെത്തി.

അന്നമ്മ തുണി കഴുകി വിരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. അയാൾ വേച്ചു പോകുന്ന കാലുകളുമായി അവളുടെ അടുത്തെത്തി. “അന്നമ്മേ, എനിക്കിന്ന് രണ്ടിലൊന്നറിയണം, എന്നെ ധിക്കരിച്ച്, എന്റെ കുടുംബപ്പേരിനെ അപമാനിച്ചു കൊണ്ട് നിനക്ക് പണിക്ക് പോകണോടി?” “രാവിലെ ഇതിനെപറ്റി നമ്മൾ സംസാരിച്ചതല്ലേ? പിന്നെന്തിനാ വീണ്ടും വന്ന് ചോദിക്കുന്നത്?” “അപ്പോൾ എനിക്ക് നന്നായിട്ട് സംസാരിക്കാൻ പറ്റിയിട്ടില്ല, അതാ വീണ്ടും സംസാരിക്കാൻ വന്നത്, നിനക്ക് ബുദ്ധിമുട്ടുണ്ടോ?”

“സ്വന്തം ഭാര്യയോട് സംസാരിക്കാനും നിങ്ങൾക്ക് മദ്യപിക്കണോ?” “നീ കൂടുതൽ വർത്താനമൊന്നും പറയണ്ട, ഞാൻ പറയുന്നത് അനുസരിച്ചാൽ മതി. അനുസരിച്ചില്ലെങ്കിൽ ചവിട്ടി കൂട്ടി ഒരു മൂലയ്ക്കിടും, പറഞ്ഞേക്കാം ” ജോസെഫിന്റെ ശബ്ദം ഉയർന്നപ്പോൾ അന്നമ്മ നിശബ്ദയായി. ഇപ്പോൾ അയാൾ തന്നെ ഉപദ്രവിച്ചാൽ, പിടിച്ചു മാറ്റാൻ മക്കൾ പോലുമില്ല. അതുകൊണ്ട് തത്കാലം ഒന്നും പറയണ്ടെന്ന് അവൾ തീരുമാനിച്ചു. കുട്ടികൾക്ക് സ്കൂൾ തുറക്കാൻ സമയമായി, ടൗണിലെ സ്കൂളിൽ പുസ്തകം വന്നിട്ടുണ്ടെന്ന് ലീല അന്നമ്മയോട് പറഞ്ഞു.

ഇവിടത്തെ സ്കൂളിൽ എല്ലാ കൊല്ലവും താമസിച്ചാണ് പുസ്തകം വരുന്നത്, ക്ലാസ്സ്‌ തുടങ്ങുമ്പോൾ പുസ്തകം ഇല്ലെങ്കിൽ കുട്ടികൾക്ക് പഠിക്കാൻ കഴിയില്ല. മൂത്തവൾ ഇനി അഞ്ചാം ക്ലാസ്സിലാണ്, അവൾക്ക് പഠനകാര്യത്തിൽ അത്ര താല്പര്യം ഒന്നുമില്ല, അതുപോലെയല്ല ജാൻസി, അവൾ മിടുക്കിയാണ്. അതുകൊണ്ട് എത്ര കഷ്ടപ്പെട്ടാലും അവളെ പഠിപ്പിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ട്. പുസ്തകം വാങ്ങാൻ പൈസയ്ക്ക് എന്ത് ചെയ്യുമെന്നോർത്ത് അന്നമ്മ ഉഴറി. ജോസെഫിനോട് ചോദിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

രാത്രിയിൽ, ജോസഫ് വീട്ടിൽ വരുന്നത് കാത്തിരിക്കുമ്പോൾ അന്നമ്മയുടെ മിഴികൾ സജലങ്ങളായിരുന്നു. പതിവ്പോലെ നിലത്തുറയ്ക്കാത്ത കാലുകളുമായി അയാൾ വീട്ടിൽ വന്നു കയറി. അയാളോട് ചോദിച്ചിട്ട് പ്രയോജനമൊന്നുമില്ലെന്ന് അറിയാമെങ്കിലും അന്നമ്മ തന്റെ ഗതികേട് കൊണ്ട് ചോദിച്ചു. “പിള്ളേർക്ക് പുസ്തകം വാങ്ങണം, രണ്ട് പേരുടെ പുസ്തകത്തിനും കൂടി ഇരുന്നൂറ്റമ്പത് രൂപയെങ്കിലും വേണം ” “പിന്നേ, ഇവളുമാരെ പഠിപ്പിച്ചിട്ടിപ്പോൾ കളക്ടറാക്കാൻ പോകുകയാണോ? ”

“കളക്ടറാകാൻ വേണ്ടിയാണോ എല്ലാവരും പഠിക്കുന്നത്?” “ഇവളുമാർ പഠിച്ചു ജോലി കിട്ടിയിട്ട് എന്നെ നോക്കണ്ട, എനിക്ക് ജോലി ചെയ്യാൻ ആരോഗ്യം ഉള്ളിടത്തോളം കാലം ഞാൻ ഒരുത്തിയെയും ആശ്രയിക്കാതെ ജീവിക്കും, ഞാൻ കിടപ്പിലായാൽ ഒരു പിച്ചാത്തിയെടുത്തു നെഞ്ചിൽ കുത്തിയിറക്കി സ്വയം മരിക്കും, എന്നാലും ആരെയും ആശ്രയിക്കില്ല ” അയാളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസിലായപ്പോൾ അന്നമ്മ മൗനം പാലിച്ചു. താനെന്തെങ്കിലും പറഞ്ഞു പോയാൽ അതിന്റെ പേരിൽ രാത്രിയിൽ ബഹളം വയ്ക്കും, തന്നെയും കുട്ടികളെയും പുറത്താക്കി കതകടയ്ക്കും, അല്ലാതെ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല.

രാവിലെ ജോസഫ് പണിക്ക് പോയിക്കഴിഞ്ഞപ്പോൾ ലീല മതിലിന്റെ അരികിൽ വന്ന് നിന്നു വിളിച്ചു. “അന്നമ്മേ..” “എന്താ ലീലേ?” “ഞാൻ മണിക്കുട്ടന് പുസ്തകം വാങ്ങാൻ വേണ്ടി ടൗണിൽ പോകുകയാണ്, നീ വരുന്നോ?” “ഇല്ല , നീ പോയിട്ട് വാ. എന്റെ കയ്യിൽ പൈസയില്ല ” “ഉം..” “ലീലേ.. നിന്റെ കയ്യിൽ ഉണ്ടെങ്കിൽ…” അന്നമ്മ സംസാരം മുഴുമിപ്പിക്കുന്നതിനു മുൻപേ ലീല ഇടയിൽ കയറി പറഞ്ഞു. “എന്റെ അന്നമ്മേ, സ്കൂൾ തുറക്കുമ്പോൾ എന്തൊക്കെ ചിലവുകളാണ്, അതിനിനി എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചു നിൽക്കുകയാണ് ” ലീല വീടിനുള്ളിലേക്ക് കയറിപ്പോയി.

അന്നമ്മ ഒന്നും ചെയ്യാനില്ലാതെ നിന്നു. ഒരു മാർഗവും മനസ്സിൽ തെളിയുന്നില്ല. ആലുംതടത്തിലെ തറവാട് വീട് വാങ്ങിയത് ദൂരെ നിന്നും ഇവിടെത്തിയ ഒരു മുതലാളിയാണ്. കരുണാകരൻ മുതലാളിയ്ക്ക് സ്വന്തമായി ബിസിനസ് ആണ്. അയാളെ പോയി കണ്ടാലോ എന്നൊരു ചിന്ത അന്നമ്മയുടെ മനസിലേക്ക് വന്നു. അയാൾ അറുപിശുക്കനാണെന്നാണ് നാടൊട്ടുക്കേയുള്ള സംസാരം, എങ്കിലും ഒന്ന് പോയി നോക്കാമെന്ന് അവൾ തീരുമാനിച്ചു. അന്നമ്മ കുട്ടികളെ മൂന്നുപേരെയും കൂട്ടി കരുണാകരന്റെ വീടിന്റെ നേർക്ക് നടന്നു.

കൂറ്റൻ മതിലും ഗേറ്റും ഉള്ള ആ വീടിന്റെ ഉള്ളിലേക്ക് കയറിപോകാൻ പേടി തോന്നിയത് കൊണ്ട് ഗേറ്റിന് വെളിയിൽ കുട്ടികളുമായി അവൾ നിന്നു. ഏറെ സമയം അങ്ങനെ നിന്നപ്പോൾ ആ വീട്ടിലെ വേലക്കാരൻ വന്ന് ഗേറ്റ് തുറന്നു, കരുണാകരന്റെ ജീപ്പ് പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ അന്നമ്മയ്ക്ക് എന്തെന്നില്ലാത്ത ഭയം തോന്നി. അന്നമ്മയുടെയും മക്കളുടെയും അടുത്ത് അയാൾ ജീപ്പ് നിർത്തി, അവരെ നാലുപേരെയും മാറിമാറി നോക്കിയിട്ട് അന്നമ്മയോട് ചോദിച്ചു. “നീ ആ ജോസെഫിന്റെ പെണ്ണല്ലേ?”

“അതേ..” “എന്താ ഇവിടെ?” “ഞാൻ… പിന്നെ…” അവൾ വാക്കുകൾക്ക് വേണ്ടി ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ കരുണാകരൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും രണ്ട് നോട്ടെടുത്തു കുട്ടികളുടെ നേർക്ക് നീട്ടി. അവർ അന്നമ്മയുടെ മുഖത്തേക്ക് നോക്കി. വാങ്ങിച്ചോളാൻ അന്നമ്മ തലയാട്ടിയതും കുട്ടികളത് വാങ്ങി. കരുണാകരൻ അവളുടെയും കുട്ടികളുടെയും നേർക്ക് നോക്കിയിട്ട് ചോദിച്ചു. “എത്രനാൾ ഇങ്ങനെ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കും? ” അന്നമ്മയ്ക്ക് വീണ്ടും അപമാനഭാരം മൂലം തല കുനിഞ്ഞു. അയാൾ കടുത്തസ്വരത്തിൽ പറഞ്ഞു.

“ഞാൻ അധ്വാനിച്ചുണ്ടാക്കിയ ഒരു ചില്ലികാശ് പോലും വെറുതെ പോകുന്നതെനിക്കിഷ്ടമല്ല, പിന്നേ നീ ഈ പിള്ളേരെയും കൂട്ടി ഈ വഴിയ്ക്ക് ആദ്യമായിട്ട് വന്നത് കൊണ്ട് പൈസ തന്നതാണ്, എന്ന് കരുതി ഇതൊരു ശീലമാക്കണ്ട ” അയാൾ തന്ന പൈസ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് അവിടെ നിന്നും ഓടിപ്പോകണമെന്ന് അന്നമ്മയ്ക്ക് തോന്നി. പക്ഷേ തന്റെ ഗതികേട് അതിനനുവദിക്കുന്നില്ല. കരുണാകരന്റെ ജീപ്പ് കണ്ണിൽ നിന്ന് മറഞ്ഞിട്ടും അന്നമ്മ ഒരു ശിലപോലെ നിന്നു.

“വാമ്മേ.. പോകാം ” കുട്ടികൾ കൈയിൽ പിടിച്ചു വലിച്ചപ്പോൾ അവൾ ചിന്തയിൽ നിന്നുണർന്നു. കുട്ടികളെ വീട്ടിലാക്കിയിട്ട് അവൾ കവലയിലെത്തി ബസ് കയറി ടൗണിലെ സ്കൂളിലേക്ക് പോയി, പുസ്തകം വാങ്ങാൻ വേണ്ടി കരുണാകരൻ തന്നത് കൂടാതെ കയ്യിലുള്ള ചില്ലറ പൈസയും എണ്ണികൊടുക്കുമ്പോൾ തിരിച്ചു വീട്ടിലേക്ക് പോകാൻ ബസ് ടിക്കറ്റിനു പോലും പൈസ ബാക്കിയില്ലായിരുന്നു. പുസ്തകം എല്ലാം ഭദ്രമായി ഒരു കവറിലിട്ട് വച്ചിട്ട് അന്നമ്മ സ്കൂളിന്റെ മുന്നിൽ ആലോചനയോടെ നിന്നു.

അഞ്ച് രൂപയാണ് ബസ് ചാർജ്, ഇവിടെ നിൽക്കുന്ന ആരോടെങ്കിലും ചോദിച്ചാൽ തരുമായിരിക്കുമോ? ഇല്ലെങ്കിൽ താൻ എട്ട് കിലോമീറ്റർ നടക്കേണ്ടി വരും. ആരോട് ചോദിക്കുമെന്നോർത്ത് അവൾ ചുറ്റും നോക്കി. തൊട്ടടുത്ത മുറുക്കാൻ കടയുടെ മുന്നിൽ രണ്ടു പേര് നിൽക്കുന്നുണ്ട്, ഒരാൾ അലക്ഷ്യമായ വസ്ത്രം ധരിച്ചു, പാറി പറന്ന മുടിയിഴകളുമായി വൃത്തിഹീനനായി നിൽക്കുന്നു. അയാളോട് ചോദിച്ചിട്ട് പ്രയോജനമൊന്നുമില്ലെന്ന് തോന്നിയത് കൊണ്ട് അന്നമ്മ മറ്റേയാളുടെ നേർക്ക് നോക്കി,നന്നായി വസ്ത്രം ധരിച്ച മാന്യനായ ഒരാൾ.

അന്നമ്മ അവരുടെ അടുത്തേക്ക് നടന്ന് വന്നു, കാഴ്ചയിൽ മാന്യനെന്ന് തോന്നിയ ആളോട് ശബ്ദം താഴ്ത്തി ചോദിച്ചു. “സാറേ.. എന്റെ കയ്യിൽ വണ്ടിക്കൂലിയ്ക്ക് പൈസയില്ല, ഒരു അഞ്ചു രൂപ തരുമോ?” അയാൾ അവളെ അടിമുടി നോക്കിയിട്ട് പരിഹാസരൂപേണ പറഞ്ഞു. “നിന്നെ കാണാൻ നല്ല ചന്തമൊക്കെയുണ്ടല്ലോ, എന്റെ കൂടെ ഒരിടം വരെ വരികയാണെങ്കിൽ അഞ്ചല്ല, അഞ്ഞൂറ് രൂപ വേണമെങ്കിലും തരാം ” അന്നമ്മ ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി ആയിരുന്നത്.

അത്രയും മാന്യത തോന്നിക്കുന്ന ഒരാളിൽ നിന്നും ഇത്രയും നീചമായ വാക്കുകൾ അവൾ പ്രതീക്ഷിച്ചിരുന്നില്ല. അന്നമ്മ മെല്ലെ മുന്നോട്ട് നടന്നു, ഇത്രയും ദൂരം നടന്ന് പോകാൻ അവൾ തീരുമാനിച്ചു. അന്നമ്മ ഒന്ന് രണ്ടു ചുവടുകൾ മുന്നോട്ട് വച്ചതും വൃത്തിഹീനനായി വേഷം ധരിച്ചയാൾ അന്നമ്മയുടെ അടുത്തെത്തി, പോക്കറ്റിൽ നിന്നും ഒരു പത്തുരൂപ നോട്ടെടുത്തു അന്നമ്മയുടെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. “നടക്കണ്ട, ബസിൽ പൊയ്ക്കോ ” അന്നമ്മ ആ പൈസ വാങ്ങിയതും, തന്റെ വായിലുള്ള മുറുക്കാൻ നീട്ടി തുപ്പിയിട്ട് അയാൾ നടന്നകന്നു.

വേഷം കൊണ്ട് അയാളെ വിലയിരുത്തിയതിൽ അന്നമ്മയ്ക്ക് കുറ്റബോധം തോന്നി. ബസിന്റെ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ അന്നമ്മയുടെ മനസ്സിൽ ആ മനുഷ്യന്റെ മുഖം തെളിഞ്ഞു നിന്നു, അന്നമ്മ മനസ്സിൽ പറഞ്ഞു. ‘ പേരറിയാത്ത നല്ലവനായ മനുഷ്യാ, നീയെന്നെ ജീവിതത്തിലെ ഏറ്റവും വല്യ ഒരു പാഠം പഠിപ്പിച്ചു. ഇത് ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല ‘. അന്നമ്മ വീട്ടിലെത്തി കുട്ടികൾക്ക് നേരെ പുസ്തകം നീട്ടി, ജാൻസി സന്തോഷത്തോടെയാണ് ആ പുസ്തകങ്ങൾ വാങ്ങിയത്.

ജിൻസി അത്ര താല്പര്യമില്ലാത്ത ഭാവത്തിൽ നിന്നു. അന്നമ്മ മൂന്ന് മക്കളെയും തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു. “അമ്മ ഇന്ന് ജീവിതത്തിൽ രണ്ടു പാഠങ്ങൾ പഠിച്ചു, എന്റെ മക്കൾക്ക് അത് പറഞ്ഞു തരാം.. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത രണ്ടു പാഠങ്ങൾ ” നാൻസി ഒന്നും മനസിലാകാതെ നിന്നു. ജിൻസിയും ജാൻസിയും ആകാംഷയോടെ അന്നമ്മയുടെ മുഖത്തേക്ക് നോക്കി. “ഒന്ന്, പട്ടിണി കിടന്നു നമ്മൾ മരിച്ചാലും ആരുടെയും മുന്നിൽ കൈനീട്ടാൻ നമ്മൾ പോകരുതെന്ന്.

എന്റെ മക്കൾ എന്നുമത് ഓർക്കണം, ജീവിതത്തിൽ എന്തൊക്കെ പ്രയാസം ഉണ്ടായാലും ഇനി ആരുടെയും മുന്നിൽ നമ്മൾ കൈ നീട്ടില്ല. രണ്ട്, വേഷവും ഭാവവും കണ്ടിട്ട് ആരെയും ഒരിക്കലും വിലയിരുത്തരുത്. ഒരാളുടെ മുഖത്തെ സൗന്ദര്യമോ, നല്ല വേഷമോ കൊണ്ട് അയാൾ നല്ല വ്യക്തികളായിരിക്കണമെന്നില്ല, നിറവും വേഷവുമൊന്നുമല്ല ഒരാളുടെ സൗന്ദര്യം, അത്‌ മനസിന്റെ നന്മയാണ്” അന്നമ്മയുടെ ആ ഉപദേശം രണ്ടു കുഞ്ഞ് ഹൃദയങ്ങളിൽ ആഴത്തിൽ പതിച്ചു.

തുടരും.. 

തനിയെ : ഭാഗം 3