Wednesday, December 18, 2024
Novel

തൈരും ബീഫും: ഭാഗം 10

നോവൽ: ഇസ സാം


അന്ന് വെള്ളിയാഴ്ച ഒന്നു ആയിരുന്നില്ല…പക്ഷേ എബി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് പിന്നെ ഒരു നിമിഷം അവിടെ നിൽക്കാൻ കഴിഞ്ഞില്ല…എന്റെ അപ്പന്റെ അടുത്തേക്ക് ഓടി എത്താൻ മനസ്സു വെമ്പി…. അപ്രതീക്ഷിതമായി എന്നെ കണ്ടതും അപ്പൻ ഒന്ന് ഞെട്ടി……. പക്ഷേ അപ്പന്റെ പുറകിൽ നിന്ന് ഒരു കൂട്ടം പെണ്ണുങ്ങൾ ഇറങ്ങി വന്നപ്പോൾ ഞാൻ ഞെട്ടി……

“എന്നതാ അപ്പ……. ഇവിടെ എന്താ……?”

“നീയങ്ങു പോയില്ലേ….അപ്പൊ എനിക്കും വേണ്ടായോയോ ഒരു നേരമ്പോക്ക്…….” എന്ന് ഒരു കണ്ണടച്ച് പറഞ്ഞിട്ട് മൂപ്പീന്നു കേറിപ്പോവുന്നു….ഞാൻ കിളി പറന്നു നിന്ന് പോയി….. അപ്പോഴേക്കും ജോസഫ് അങ്കിളും ഭാര്യയും വന്നിട്ട് പറഞ്ഞു…..

“മോളെ…..ഒന്നൂല്ല്യ…ഈ മാത്യുച്ചായൻ പൈസ കളയാനുള്ള ഒരൂ ഏർപ്പാട്…ഇത് പാവപ്പെട്ടതും ആരോരുമില്ലാത്തതും അനാഥരുമായ പെണ്ണുങ്ങൾക്ക് തയ്യൽ യൂണിറ്റാ…. ദേ ഇവളും ഉണ്ട് കൂടെ…….”
അന്നമ്മച്ചിയെ കാണിച്ചു ജോസഫ് അങ്കിൾ പറഞ്ഞു…..

“അത്രേയുള്ളു…….” ഞാനും അവരെ നോക്കി ചിരിച്ചു. അപ്പന്റെ ഓരോ ഭാവങ്ങളെ……. ഞാൻ വേഗം അകത്തേക്ക് കയറി… എന്റെ മുഖം പ്രസന്നമാക്കാൻ ഞാൻ ബസ്സിലിരുന്നു തന്നെ നല്ലോണം പണിപ്പെട്ടു…… അപ്പൻ അകത്തു ഞാൻ വന്നു എന്നും പറഞ്ഞു പാചകം ആരംഭിച്ചു..

“എന്നാലും എന്റെ മൂപ്പീന്നേ ചില്ലറ മോഹം ഒന്നുമല്ലല്ലോ……?” ഞാൻ പിന്നിൽ നിന്നും ചെന്ന് അപ്പനെ കെട്ടിപിടിച്ചു….

“മൂപ്പീനോ ഈ ഞാനോ………. നോക്കെടി എന്നെ….. ഞാൻ ഇപ്പോഴും നല്ല ഫിറ്റ് ആൻഡ് സ്മാർട്ട് അല്ലായോ……”
അപ്പൻ നെഞ്ച് വിരിച്ചു കാട്ടി പറഞ്ഞു…..

“ഉവ്വ് ഉവ്വ്….. കൂടുതൽ ചെറുപ്പം ആവാനാവും ചുറ്റും തരുണീമണികൾ………….” ഞാൻ കളിയാക്കി…..
“ഒന്ന് പോടീ….സാധുക്കളാ….ഒരു നിവൃത്തിയും ഇല്ലാ….. അവരൊക്കെ വന്നോട്ടെ…..നിനക്കും ഒരു കൂട്ടാ…….”
ഞാൻ തലയാട്ടി ചിരിച്ചു….അപ്പനിങ്ങനാ …… ഒറ്റയ്ക്കാവുന്നതു അപ്പനിഷ്ടല്ല….മമ്മ പോയപ്പോ ഓൾഡ് ഏജ് ഹോം……തുടങ്ങി . ഞാൻ ഹോസ്ലിറ്റെലിലായപ്പോ തയ്യൽ യൂണിറ്റ്….
.
ഞാൻ വേഗം മുറിയിൽ ചെന്നു…എന്റെ ബെഡിലേക്കു വീണു….വെറുതെ പുറത്തേക്കു നോക്കി കിടന്നു…… എത്രയോ ദിവസങ്ങൾ ഞാൻ എബിയെയും സ്വപ്നം കണ്ടു ഇവിടെ കിടന്നിരുന്നു…എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…കഥയറിയാതെ ആട്ടമാടിയ ആട്ടക്കാരി….. ….

ശ്വേത ഇല്ലാത്തത് കൊണ്ട് ഒരു ഭയവുമില്ലാതെ എന്റെ അണക്കെട്ടിന്റെ ഷട്ടർ ഞാൻ അങ്ങ് തുറന്നു…. കരഞ്ഞു കരഞ്ഞു ഞാൻ ഉറങ്ങി പോയി……ഒടുവില രാത്രി അപ്പൻ വന്നു മുട്ടി വിളിച്ചു…….

ഈശോയെ പാവം അപ്പൻ…എന്നോട് വർത്താനം പറയാൻ കൊതിച്ചിരുപ്പുണ്ടാവും….ഞാൻ വേഗം കുളിച്ചു താഴേ എത്തി.

അപ്പനും ജോസെഫേട്ടനും അന്നമ്മച്ചിയും ഒക്കെ പുറത്തു ചിക്കൻ ഗ്രിൽ ചെയ്യുന്നു………എനിക്ക് ഭയങ്കര ഇഷ്ടാണ്…അപ്പനോടൊപ്പം അങ്ങനെ ചെയ്യാൻ…..ഇടയ്ക്കു ഇടയ്ക്കു ഞങ്ങൾ ചെയ്യാറുണ്ട്…….ഞാനും കൂടെ വന്നപ്പോൾ ഒരു മേളമായിരുന്നു…പാട്ടും അന്താക്ഷിരിയും അപ്പന്റെ ഈ ആഴ്ചത്തെ അബദ്ധങ്ങളും ഒക്കെയായി….പക്ഷേ എന്റെ മനസ്സ് ഇടയ്ക്കു ഇടയ്ക്കു തെന്നി മാറുന്നുണ്ടായിരുന്നു….

എല്ലാം കഴിഞ്ഞപ്പോൾ ജോസഫ് അങ്കിളും അന്നമ്മച്ചിയും പോയി….. ബാക്കി ഉണ്ടായിരുന്ന ഭക്ഷണം ഞാൻ അവർക്കു കൊടുത്തയച്ചു.
ഞാനും അപ്പനും മാത്രമായി…ഞങ്ങൾ പുൽത്തകിടിയിൽ ബെഞ്ചിൽ ഇരിക്കുകയായിരുന്നു……നല്ല നിലാവുണ്ടായിരുന്നു……

ചെറിയ ഒരു തണുപ്പും …കാറ്റത്തു അനങ്ങുന്ന റബ്ബർ മരങ്ങളും ഇലകൾ ഉരസുന്ന ശബ്ദവും… എന്റെയും അപ്പന്റെയും കൂട്ടുകാരാണ് ഇവരൊക്കെ….ഇവരോടൊക്കെ ഒരിക്കൽ ഞാൻ എബിയുടെ കാര്യം പറഞ്ഞിരുന്നു….ഇപ്പോൾ …..എന്റെ ദുഖവും…… ഞാൻ അപ്പന്റെ ചുമലിൽ തലചായ്ച്ചു ഇരിക്കുകയായിരുന്നു….
തീക്കനലുകളെ നോക്കി….എന്റെ ഉള്ളവും അങ്ങനാ…എനിക്ക് ഇനി കോളേജിൽ പോകാൻ പറ്റുമോ? …എനിക്ക് എബിയുടെയും ശ്വേതയുടെയും പ്രണയകാലം ഇങ്ങനെ നീറി നീറി കാണാൻ
കഴിയുമോ?…….. അപ്പൻ തല ചരിച്ചു എന്നെ നോക്കി.
“സാൻഡി…….. എന്നതാ……..?”
പെട്ടു അപ്പൻ പൊക്കിയാൽ പൊക്കിയത് തന്നെ………….. “ഒന്നുല്ല അപ്പ…….. …….” ഞാൻ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു……
അപ്പൻ വിദൂരതയിൽ നോക്കി പറഞ്ഞു തുടങ്ങി…….”എന്റെ ആനിയും അങ്ങനാ……നിന്നെ പോലെ……ഉള്ളു നീറി പുകഞ്ഞാലും പുറത്തു പറയുകേല…….. കുഞ്ഞിലെ അവള് അനാഥാലയത്തിൽ അല്ലേ വളർന്നേ ….. ആരോട് പറയാനാ….. പിന്നെ എന്നോടൊപ്പം കൂടിയേൽ പിന്നെ ഞാൻ കണ്ടു പിടിക്കും……എന്നെ ഒന്നും മറയ്ക്കാൻ ഞാൻ അവളെ സമ്മതിക്കേലാ…….. അപ്പൊ അവൾ ഒരു നോട്ടം നോക്കും…..എന്റെ സാൻഡി ഇപ്പൊ നോക്കുന്ന പോലെ……….” ഞാൻ അപ്പനെ നോക്കി….എന്റെ കണ്ണുകൾ നിറഞ്ഞു ……. അപ്പന്റെ ശബ്ദം ഇടറുന്നു…….
“പറ മോളെ…..എന്നതാ ……എന്തിനാ എന്റെ കുഞ്ഞു ഇങ്ങനെ വേദനിക്കണെ………അപ്പനില്ലേ….പിന്നെ എന്നാ………” ഞാൻ അപ്പന്റെ ചുമലിൽ തലചായ്ച്ചു ….. നിറഞ്ഞ കണ്ണുകളാൽ ഞാൻ പറഞ്ഞു തുടങ്ങി….ഞാൻ എബിയെ കണ്ടതും പ്രണയം തോന്നിയതും……ഞങ്ങളുടെ പ്രണയകാലവും ബൈബിൾ വചനങ്ങളും ഒടുവിൽ എന്റെ എബി പട്ടത്തിയുടെ സ്വന്തം അച്ചായനായി മാറിയത് വരെ……….ഒടുവിൽ ഞാൻ കരഞ്ഞു പോയിരുന്നു…….അപ്പൻ എന്നെ നെഞ്ചോടെ ചേർത്ത് പിടിച്ചു…..തലോടി…..ഞാൻ ഒരുപാട് കരഞ്ഞു ഒരുപാട്……ഒടുവിൽ എനിക്ക് ഒരു സമാധാനം കൈവന്നു……. ഞാൻ തലയുയർത്തി അപ്പനെ നോക്കി……..
“എനിക്ക് ഇനി ആ കോളേജിൽ പോവാൻ മേല അപ്പാ………..”
അപ്പൻ എന്നെ നോക്കി തലയാട്ടി……”എന്റെ കുഞ്ഞിന് മേലാത്തതൊന്നും ചെയ്യണ്ടാ……. ദുഖമാന്നെ പോവണ്ട………” ഞാൻ ഞെട്ടി പോയി…അപ്പനങ്ങനേ പറയും എന്ന് ഞാൻ ഒട്ടും കരുതിയില്ല…….. ഞാൻ അപ്പന്റെ മുഖത്തേക്കു നോക്കി……എന്നെ നോക്കി എന്താ എന്ന് പുരികം പൊക്കി ചോദിച്ചു……ഞാൻ ഒന്നും മിണ്ടിയില്ല…മൂപ്പീന്ന് എന്നെ കളിയാക്കുവാന്നോ….. എന്നാലും എന്റെ മനസ്സിന് ഒരുപാട് ആശ്വാസം കിട്ടി…… അങ്ങനെ രണ്ടു മൂന്നു ദിവസം കടന്നു പോയി…അപ്പൻ ഞങ്ങളുടെ പ്രണയത്തെ കുറിച്ച് കൂടുതൽ ഒന്നും പറയാത്തതിൽ എനിക്ക് അത്ഭുതം തോന്നി….. ഒരു ദിവസം അപ്പൻ പറഞ്ഞു നമുക്ക് ഒന്ന് മൂന്നാർ പോവാം എന്ന്……ആ സ്ഥലത്തെ കേട്ടപ്പോൾ തന്നെ എനിക്ക് മതിയായി… കാരണം അറിയാലോ……. ഞങ്ങളുടെ മൂന്നാർ യാത്രയാണ് ഞങ്ങളുടെ പ്രണയം തകരാൻ ഉള്ള പ്രധാന കാരണം….
“മൂന്നാർ തന്നെ വേണോ അപ്പ…….” ഞാൻ ദയനീയമായി ചോദിച്ചു…..
“നിനക്കിഷ്ടല്ലേ…….നമ്മൾ ഒരുപാട് തവണ പോയിട്ടില്ലേ…….. അവിടെ മതി.” ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല…
അപ്പനും ഞാനും ഞങ്ങളുടെ ജീപ്പിൽ മൂന്നാറിലേക്കു വിട്ടു…ഇടയ്ക്കു ഇടയ്ക്കു ഇത് പതിവുള്ളതാണ്…എപ്പോഴും തങ്ങുന്ന റിസോർട്ടിൽ തങ്ങി…. അപ്പനും ഞാനും മാത്രമാണു എപ്പോഴും വരാറ്…ഒരിക്കലും എനിക്ക് ഞങ്ങളുടെ ഈ കൊച്ചു യാത്രകൾ ഒരു മടുപ്പായി തോന്നീട്ടില്ല…അപ്പൻ അത്ര ഉന്മേഷവാൻ ആണ് എപ്പോഴും…പക്ഷേ ഇത്തവണ എബിയും അവന്റെ പ്രണയവും ……”സാൻഡ്രസ് കാസ്സിലിൽ രാജകുമാരൻ ഒന്നും വേണ്ടേ ” എന്ന അവന്റെ ചോദ്യവും ആ ഒരു നിമിഷം അവന്റെ കണ്ണിൽ ഞാൻ കണ്ട പ്രണയം അത് എനിക്ക് മാത്രം സ്വന്തമായിരുന്നു……. ആ ഓർമ്മകൾ എല്ലാം എന്നെ അലോസരപ്പെടുത്തികൊണ്ടിരുന്നു. എന്റെ മുഖം മാറുന്നതും കണ്ണ് നിറയുന്നതും അപ്പൻ കണ്ടിരുന്നു……
അപ്പൻ എന്റെ അടുത്ത് വന്നിരുന്നു……”സാൻഡി……നിൻ്റെ അമ്മയും ഞാനും സ്നേഹിച്ചു കല്യാണം കഴിച്ചവരായിരുന്നു…….. പതിമൂന്നു വർഷത്തോളം ഞങ്ങൾ സന്തോഷമായി സ്നേഹിച്ചു ജീവിച്ചു…ഒരുപാട് നല്ല ഓർമ്മകൾ തന്നിട്ടാണ് അവൾ പോയത്….ഓർമകളുടെ ഒരു നിമിഷമോ ഒരു ദിവസമോ…അല്ല ….വർഷങ്ങൾ…….. അതും പരസ്പരം പറഞ്ഞും പ്രണയിച്ചും അങ്ങനെ….പെട്ടന്ന് ഒരു ദിവസം അവൾ പോയപ്പോ പിന്നങ്ങോട്ടു ജീവിക്കാൻ എനിക്ക് കഴിഞ്ഞത് ആ നല്ല ഓർമ്മകൾ കൊണ്ടാണ്……അവൾ എനിക്ക് പകർന്ന സ്നേഹം കൊണ്ടാണ്…… ഞാൻ ഇപ്പോഴും ജീവിക്കുന്നു ധൈര്യമായി….സന്തോഷത്തോടെ…….. ”
ഞാൻ അപ്പനെ തന്നെ നോക്കി നിന്നു. ശെരിയാണ്…അപ്പന്റെയും മമ്മയുടെയും സ്നെഹം എനിക്കറിയാവുന്നതാണ്.
“ഞാൻ പറഞ്ഞത്……രണ്ടു വ്യെക്തികൾക്കു ഒരേ സമയം പ്രണയം തോന്നുകയും പരസ്പരം പറയുകയും പിന്നെ മത്സരിച്ചു പ്രണയിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോളാണു ആ ബന്ധം ദൈവഹിതമാകുന്നത്….. അനശ്വരമായ പ്രണയം പിറക്കുന്നത് അപ്പോഴാണ്…അതിനു മരണമില്ല…എന്റെ സാന്ഡിക്ക് അങ്ങനെയൊരു പ്രണയം ഇനി ഉണ്ടാവാൻ പോവുന്നതേയുള്ളൂ………. മോൾക്കുള്ളത് പോലെ ആത്മാർത്ഥമായ പ്രണയം എബിക്കുണ്ടായിരുന്നു എങ്കിൽ ഒരിക്കലും ഒരു പട്ടത്തിയും നിങ്ങൾക്കിടയിൽ വരില്ലായിരുന്നു…..അത് അവന്റെ പ്രായത്തിന്റെ കൗതുകം മാത്രമായിരുന്നു……. എന്റെ സാൻഡിയുടെ പ്രണയകാലം വരാനിരിക്കുന്നതേയുള്ളൂ……..അത് എന്തായാലും എബിയല്ല….അർഹിക്കാത്തവർക്കു പങ്ക്‌വെച്ചു കൊടുക്കാനുള്ളതല്ല പരിശുദ്ധ പ്രണയം……”
അപ്പന്റെ വാക്കുകൾ എന്നിൽ ഒരു ആശ്വാസത്തിന്റെ തിരി തെളിയിച്ചു……. എബിക്കു എന്നോടുണ്ടായത് പ്രായത്തിന്റെ കൗതുകം മാത്രമായിരുന്നു……എന്റെ പ്രണയം അവനാണ് അർഹിക്കാത്തതു……. ഞാൻ ഇത്രയും നാൾ തിരിച്ചു ചിന്തിച്ചു……. അവന്റെ പ്രണയത്തിനു ഞാൻ യോഗ്യ അല്ലല്ലോ എന്ന്……. അന്ന് ഞാൻ ഉറങ്ങി….ആത്മവിശ്വാസത്തോടെ………ഞാൻ കുറഞ്ഞവൾ അല്ല എന്ന ആത്മസംതൃപ്തിയോടെ.

രണ്ടു ദിവസം അവിടെ തങ്ങി തിരിച്ചു വരുമ്പോ ഞാൻ അപ്പനോട് പറഞ്ഞു….

“അപ്പ……..ഇപ്പോഴാ അപ്പൻ ശെരിക്കും എന്നെ മോട്ടിവേറ്റ് ചെയ്തത്…… അപ്പൻ പൊളി ആണ്……” പൊക്കി പറയുമ്പോ ചുണ്ടു കടിച്ചു അപ്പന് ഒരു ചിരിയുണ്ട്…… ഭയങ്കര രസമാണ് അത് കാണാൻ….. ഇതൊക്കെ എന്ത്……..എന്ന ഭാവം…. പക്ഷേ അന്നത്തെ ചിരിക്കു അതും കഴിഞ്ഞൊരു നിഗൂഢതയുണ്ടായിരുന്നു…അത് എനിക്ക് മനസ്സിലായത്…..

ഞങ്ങളുടെ വണ്ടി നിന്ന സ്ഥലം കണ്ടപ്പൊഴാ…..ഞാൻ ഉറങ്ങുവായിരുന്നു…..കണ്ണ് തുറന്നപ്പോൾ കണ്ടത് ഞങ്ങളുടെ ഓൾഡ് ഏജ് ഹോം….. ഞാൻ അപ്പനോടൊപ്പം അവിടെ വരാറുണ്ട്….തങ്ങാറില്ല…എല്ലാവരുമായും ഞാൻ കൂട്ടാണ്… ഞാനും അപ്പനോടൊപ്പം ഇറങ്ങി….നേരം ഇരുട്ടി തുടങ്ങിയിരുന്നു…അപ്പാപ്പന്മാരും അമ്മച്ചിമാരും ഒക്കെ പ്രാര്ഥനയിലായിരുന്നു…. അവിടെ വാച്ച്മാൻ ഉണ്ട് ഒരു സഹായിയും പിന്നെ നേഴ്സ് ആന്റിയും….

ഞാനും അവരൊപ്പം കൂടി…കുറച്ചു കഴിഞ്ഞപ്പോ ദേ അപ്പൻ ഇറങ്ങുന്നു…ഞാനും ഒപ്പം ഇറങ്ങിയപ്പോൾ എന്റെ കയ്യിൽ എന്റെ ബാഗ് എടുത്തു തന്നു…എന്നിട്ടു പറയുവാ….
“സാൻഡി രണ്ടു ദിവസം കഴിഞ്ഞു ഞാൻ വിളിക്കാൻ വരാംട്ടോ…..” ഞാൻ ഞെട്ടി പോയി……അപ്പനില്ലാതെ ഞാൻ ഹോസ്റ്റലിൽ അല്ലാതെ മറ്റെങ്ങും നിന്നിട്ടില്ല……അതും ഇവിടെ…….

“അപ്പാ ഞാൻ എന്നാത്തിനാ ഇവിടെ നിക്കന്നെ……….. ഞാനും വരുവാ…….” ഞാൻ പതുക്കെ പറഞ്ഞു…കാരണം അപ്പാപ്പന്മാരും അമ്മച്ചിമാരും പുറത്തിറങ്ങി നിൽപ്പുണ്ടേ……അവർ കേൾക്കാൻ പാടില്ലാലോ……അവിടെ എല്ലാം എനിക്ക് ഒരു അവാർഡ് സിനിമയുടെ സെറ്റ് പോലെയാണു തോന്നിയത്.

“അത് ഞാൻ രണ്ടു ദിവസം വീട്ടിൽ കാണില്ല…..സാന്ഡിക്ക് ഇവിടെ നിക്കാലോ……ഇവരൊക്കെ ഇല്ലേ……. ”
“പറ്റുകേല…….” ആര് കേള്കക്കാൻ ഒരു തീരുമാനം എടുത്താൽ പിന്നെ അപ്പന് മാറ്റമില്ല….. ചിലപ്പോൾ ഞാൻ ഇനി കോളേജിൽ പോവുന്നില്ല എന്ന് പറഞ്ഞത് കൊണ്ടാണോ……

“അപ്പ……. ഇത് മോട്ടിവേഷന്റെ ഭാഗവായിരിക്കും……ല്ലേ ” ഞാൻ കടുപ്പിച്ചു ചോദിച്ചു……
അപ്പൊ എന്നെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ജീപ്പ് റിവേഴ്‌സ് എടുക്കുന്നു…..

“അപ്പ……ഞാൻ ഒകെ ആയി…..മോട്ടിവേറ്റഡ് ആയി….ഞാൻ നാളെ കോളജിൽ പോക്കോളാം….” ഞാൻ ഒരു കൃത്രിമ ചിരിയും ഉന്മേഷവും കാണിച്ചു പറഞ്ഞു….ആര് കേൾക്കാൻ …..

“മോള് ഇനി കോളേജിൽ പോണ്ടാട്ടോ…..” എന്നും പറഞ്ഞു അപ്പൻ വണ്ടി വിട്ടു പോയി……. ഈശോയെ ഇങ്ങനെയൊരു പണി വേണ്ടായിരുന്നു….. ഇരുട്ടിലേക്ക് അപ്പൻ മറഞ്ഞു തുടങ്ങി….തിരിഞ്ഞു നോക്കിയപ്പോൾ നര ബാധിച്ച കുറെയേറെ മനുഷ്യർ…ഒന്ന് രണ്ടു പേര് മാത്രം ചിരിക്കുന്നു…ബാക്കിയുള്ളവർ നിസ്സംഗമായി എന്നെ നോക്കുന്നു…ചിലർക്ക് ഉറങ്ങണം അങ്ങനെ…….

ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു കയറി….
എനിക്ക് ഒരു ഒറ്റപ്പെടൽ എന്നെ പൊതിയുന്നുണ്ടായിരുന്നു….. എനിക്ക് സ്ത്രീകളുടെ മുറിയിൽ ഒരു കൊച്ചു ബെഡ് കിട്ടി….. രാത്രി അവരോടൊപ്പം ഗോതമ്പു കഞ്ഞി കുടിച്ചപ്പോൾ ഞാൻ ഓർത്തു ഉച്ചയ്ക്ക് ഫ്രൈഡ് റൈസും ചില്ലി ചിക്കനും തട്ടിയ ഞാൻ…….

അന്ന് മുങ്ങിയ അപ്പൻ പിന്നെ പൊങ്ങിയത് ഒരാഴ്ച കഴിഞ്ഞായിരുന്നു….പക്ഷേ ആ ഒരാഴ്ച എനിക്കു നൽകിയത് എന്ത് പ്രതിസന്ധിയും മറികടക്കാനുള്ള ആത്മധൈര്യവും ….മറ്റൊരാൾക്കു പ്രതീക്ഷയുടെ നേരിയ വെട്ടമെങ്കിലും പകരാനുള്ള ആത്മവിശ്വാസവുമായിരുന്നു….

ഞാൻ അവിടെ കണ്ടത് പ്രതീക്ഷ നശിച്ച ഒരു കൂട്ടം മനുഷ്യരെയാണ്…. അവർക്കു ഇന്ന് ഒരു പ്രതീക്ഷയെ ഉള്ളൂ…മാത്യൂസ് തരകൻ….എന്റെ അപ്പൻ…. അവരെ ഉപേക്ഷിച്ചുപോയ മക്കളെയോ ഉടയവരെയോ ഒന്നും ചിലർക്ക് ഓർമ്മ പോലും ഇല്ല…. ഓർമ്മയുള്ളവരാണെങ്കിലോ…കണ്ണീരൊഴിഞ്ഞ നേരമില്ല….

ചിലരോ ഉള്ളത് കൊണ്ട് ഓണം പോലെ സന്തോഷമായി പോവുന്നു…ശെരിക്കും അവരാണ് അവിടത്തെ ഓളം….സന്തോഷം….വെളിച്ചം….അവർക്കു ദുഃഖങ്ങൾ ഇല്ലാ എന്നല്ല…… അവർ അതൊക്കെ മറക്കാൻ ശീലിച്ചിരിക്കുന്നു…അവർ നന്മകൾ മാത്രമേ ചുറ്റും കാണുന്നുള്ളൂ…..നഷ്ടങ്ങളെ അവർ നോക്കിയില്ല…. അവർക്കു മാത്രമേ ചിരിക്കാനും കഴിഞ്ഞുള്ളൂ…… അവരാണ് എന്നെ ഒരുപാട് സ്വാധീനിച്ചവർ.

അവരോടെല്ലാം യാത്ര പറഞ്ഞു തിരിച്ചു മടങ്ങുമ്പോൾ അവരിൽ ചിലരുടെയൊക്കെ കണ്ണ് നിറഞ്ഞിരുന്നു….എന്റെയും….. കാരണം അവരെ അന്വേഷിച്ചു അങ്ങോട്ട് ചെല്ലാൻ ആരും ഉണ്ടായിരുന്നില്ല……
അവരുടെ സുഖ വിവരമോ വിശേഷങ്ങളോ ഒരു നിമിഷം കേൾക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല……അപ്പൻ എന്നും ഇങ്ങോട്ടു വെച്ച് പിടിക്കുന്നതിന്റെ ഗുട്ടൻസ് എനിക്ക് അന്നാണ് മനസ്സിലായത്….. ഞാൻ അവരെ തിരിഞ്ഞു നോക്കി നോക്കി ഇരിക്കുന്നതു കണ്ടപ്പോൾ അപ്പൻ ചിരിച്ചു……
“എന്ന സാൻഡി……അങ്ങോട്ട് പോയതു പോലല്ലോ തിരിച്ചു ” അപ്പനാണേ.

“അപ്പ…….താങ്ക്സ്…… എ ലോട്…. എനിക്ക് ഒരു പുതിയ ലോകം കാണിച്ചു തന്നതിന്…..”

അപ്പൻ ചിരിച്ചു…തിരിച്ചു വീട്ടിൽ എത്തി …അപ്പൻ കോളേജിൽ പോവുന്ന കാര്യം പറയും എന്ന് വിചാരിച്ചു…പറഞ്ഞില്ല….രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞു…മൂപ്പീന്ന് ഒന്ന് പറയുന്നില്ല…….പക്ഷേ എനിക്ക് കോളേജിൽ പോണമായിരുന്നു…ആദ്യമായി ഞാൻ എം.ബി.ബി എസ് പുസ്തകങ്ങൾ ഇഷ്ടത്തോടെ ഒരു ഭാരത്തോടെയല്ലാതെ ഞാൻ എടുത്തു…എനിക്ക് ഇപ്പോൾ അപ്പനെ മനസ്സിലാവുന്നു…….ഞാനും ഇഷ്ടപ്പെടുന്നു മറ്റൊരാൾക്ക് പ്രതീക്ഷയാകാൻ…എന്റെ അപ്പനെ പോലെ…….

അങ്ങനെ അപ്പനോട് കാര്യം പറഞ്ഞു……..”അപ്പ…..ഞാൻ നാളെ തൊട്ടു കോളേജിൽ പോയാലോ എന്ന് വിചാരിക്കുവാ…….”

ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിക്കുവായിരുന്നു….. അപ്പൻ ആഞ്ഞു കഴിക്കുവാ….കേൾക്കുന്നതു പോലുമില്ല …..
“അപ്പ……..” ഞാൻ ദേഷ്യത്തിൽ വിളിച്ചു….

“ഭക്ഷണം കഴിക്കുമ്പോ സംസാരിക്കാൻ പാടില്ല…….നിനക്ക് അറിയാൻ പാടില്ലേ….” ഭയങ്കര അഭിനയം അപ്പൻ…. ഞാൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു…പിന്നീട് ഞങ്ങൾ പാത്രം കഴുകി വെച്ചു …അപ്പൊ ചോദികുവ……
“സാൻഡി…നീ എന്നാ പറഞ്ഞത്….”

“ഞാൻ പാത്രം കഴുകുമ്പോ സംസാരിക്കാറില്ല…….” ഞാൻ ചുണ്ടു കൊട്ടി പറഞ്ഞു……
“എന്ന വേണ്ടാ…ഞാൻ പോയി കിടക്കുവാ…….” ദാ പോയി….ഞാൻ വേഗം പുറകെ പോയി…..

“അപ്പ……..എനിക്ക് കോളേജിൽ പോണം……പോർഷൻസ് ഒക്കെ ഒത്തിരി മിസ് ആയിട്ടുണ്ടാവും…..”
ഞാൻ കുറുകെ നിന്ന് നഖം കടിച്ചു കൊണ്ട് പറഞ്ഞു……

“വേണ്ട മോള് പോണ്ടാ…അവിടെ എബി ഉണ്ട്….അവന്റെ പട്ടെത്തി ശ്വേത ഉണ്ട്……. പിന്നെ അവരുടെ മരംചുറ്റി പ്രേമം ഒക്കെ കാണുമ്പോ എന്റെ സാൻഡിയുടെ കണ്ട്രോൾ പോവും …വേണ്ട വേണ്ട… എന്റെ മോൾ പോവണ്ടാട്ടോ” അപ്പനാണേ…….. ഈശോയെ അപ്പൻ കളിയാക്കാൻ തുടങ്ങിയല്ലോ…
“അപ്പാ……..” ഞാൻ താക്കീതു പോലെ വിളിച്ചു……”വേണ്ടാ…….”

“അതെന്നാ ഞാനും പറഞ്ഞെ നീ പോസ്റ്റ് ആവാൻ പോണ്ടാട്ടോ….അവര് പ്രേമിച്ചോട്ടെ…..”
അപ്പൻ വീണ്ടും…..

“ദേ അപ്പ……അവര് പ്രേമിക്കുന്നതിനു എനിക്ക് എന്ന ……എനിക്ക് ഒന്നുമില്ല…..ഞാൻ പോയി നന്നായി പഠിച്ചു എന്റെ അപ്പനെ പോലെ ഒരുപാട് പേർക്ക് ഒരു പ്രതീക്ഷയാവും……. ..ഇനി ഇങ്ങനെ തിരിഞ്ഞു ഓടില്ല…….പ്രോമിസ് …അപ്പ….” ഞാനതു അപ്പന്റെ കയ്യ് പിടിച്ചു പറഞ്ഞപ്പോൾ എന്റെ കണ്ണും അപ്പന്റെ കണ്ണും നിറഞ്ഞിരുന്നു…അപ്പൻ എന്നെ നെഞ്ചോടു ചേർത്ത് നിർത്തി നെറുകയിൽ തലോടി…….
.
“എന്റെ സാൻഡിക്കു ഞാൻ എബിയെക്കാളും………” ഞാൻ അപ്പനെ പൂർത്തിയാക്കാൻ അനുവദിച്ചില്ല…….ഞാൻ എന്റെ കൈകൊണ്ടു ആ വാപൊത്തി………

“ഒന്നും ഒന്നിനും പകരമാവില്ല അപ്പ……… പക്ഷേ എന്റെ പാതി അവനല്ല….. ഞാനതുൾകൊണ്ടു….. എനിക്ക് എന്റെ അപ്പൻ മതി..അപ്പനെ പോലെ ഞാൻ പറയുന്നതിന് മുന്നേ എന്റെ മനസ്സറിയുന്ന ഒരാൾ മതി…….എന്നും……”

അതും പറഞ്ഞു ഞാൻ മുറിയിലേക്ക് വന്നു….എബി തന്ന വചനങ്ങളടങ്ങിയ കാർഡും ഉണങ്ങിയ പൂക്കളും ഒരു കുഞ്ഞു പെട്ടിയിൽ ഇട്ടു അടച്ചു അലാമാരയ്ക്കുള്ളിൽ ഭദ്രമായി വെച്ചു…… എത്രയൊക്കെ മാറി എന്ന് പറഞ്ഞാലും അതുപേക്ഷിക്കാൻ മാത്രം ഞാൻ മാറിയില്ല ഇന്നും…….

പിന്നീട് കോളേജിലേക്ക് ചെന്ന ഞാൻ മറ്റൊരാളായിരുന്നു…….. ശ്വേതയുടെ നല്ല കൂട്ടുകാരി…ഒരിക്കലും ഞാനാ ബന്ധത്തിൽ കളങ്കം ചേർത്തിട്ടില്ല…… ആദ്യമൊക്കെ കുറെയേറെ കാലം ശ്വേതയാണ് എബിയെ കാത്തു ക്‌ളാസിൽ ചെല്ലുന്നതും കാത്തു നിൽക്കുന്നതും എല്ലാം…..ആദ്യകാലം ശ്വേതയുടെ പ്രണയം ആണ് ഞാൻ കണ്ടിരുന്നത് എന്ക്കിൽ പിന്നീട് കണ്ടത് എബിയുടെ തീവ്ര പ്രണയം ആയിരുന്നു……..അവൾക്കു വേണ്ടി ക്ലാസ് കഴിയാൻ കാത്തു നിൽക്കുന്ന എബി ഒരു സ്ഥിരം കാഴ്ചയായി മാറി……

എന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ എങ്ങോ ഞാൻ ഒളിപ്പിച്ച എന്റെ പ്രണയത്തെ കൊതിപ്പിക്കാൻ മാത്രം കെൽപ്പുള്ള കാഴ്ച…..പക്ഷേ സാൻഡിയുടെ ഹൃദയ ഭിത്തികൾ ഭേദിച്ച് വരാൻമാത്രം ആ കൊതിക്കു കഴിഞ്ഞിരുന്നില്ല…….. ഇന്നും അന്നും…..

(കാത്തിരിക്കണംട്ടോ)
കമന്റ്സ് ഒക്കെ കണ്ടു……ഒരുപാട് നന്ദി എനിക്കായി ടൈപ്പ് ചെയ്ത ഒരോ അക്ഷരങ്ങൾക്കും സ്റ്റിക്കർസിനും….. ലൈക് ചെയ്യുന്നവരോടും നന്ദി…… ലൈക്കും കമന്റും ചെയ്‌താൽ നോട്ടിഫിക്ഷൻ വരുംട്ടോ….. പിന്നെ എന്റൊപ്പം പോന്നോളൂ….ഞാൻ നിങ്ങളെ ശോകഗാനം പാടിക്കില്ല…….
ഇസ സാം

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9