ലാവാ ബ്ലേസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്
ലാവയുടെ ഏറ്റവും പുതിയ ഫോണുകൾ ലാവാ ബ്ലേസ് 5 ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്‍റെ മൂന്നാം ദിവസം റെയിൽവേ, വാർത്താവിനിമയ, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്സെറ്റ്, ആൻഡ്രോയിഡ് 12 മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ.
ഏറ്റവും കുറഞ്ഞ വിലയിൽ 5ജി സൗകര്യമുള്ള ഫോണുകൾ ഇന്ത്യക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പ്രസിഡന്റും ബിസിനസ് ഹെഡുമായ സുനിൽ റെയ്‌ന പറഞ്ഞു.
എന്നാൽ ഫോണിന്‍റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇന്ത്യയിൽ ഫോണുകളുടെ വില 10,000 രൂപയിൽ താഴെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ദീപാവലി മുതൽ ഫോണിനായുള്ള ബുക്കിംഗ് ആരംഭിക്കും. കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളും ഫോണിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാവ ബ്ലേസ് 5ജി ഫോണുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.