Saturday, December 21, 2024
LATEST NEWSPOSITIVE STORIES

യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ചിതാഭസ്മവുമായി താഹിറ നാട്ടിലേക്ക്

ദുബായ്: രണ്ട് വർഷം മുമ്പ് യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ച രാജ്കുമാർ തങ്കപ്പന്‍റെ ചിതാഭസ്മം ഒടുവിൽ ജന്മനാട്ടിലേക്ക് മടങ്ങുന്നു. യു.എ.ഇ.യിൽ ആരോഗ്യ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശി താഹിറ കല്ലുമുറിക്കലാണ് രാജ്കുമാറിന്‍റെ ചിതാഭസ്മവുമായി വെള്ളിയാഴ്ച കന്യാകുമാരിയിലെത്തുന്നത്. ചരിത്രത്തിലാദ്യമായാണ് യു.എ.ഇയിൽ മരിച്ച ഒരാളുടെ ചിതാഭസ്മം നാട്ടിലെത്തിക്കുന്നത്.

കന്യാകുമാരി സ്വദേശിയായ രാജ്കുമാർ തങ്കപ്പൻ 2020 മെയ് മാസത്തിലാണ് യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റെടുക്കാൻ ആരുമില്ലാതെ മൃതദേഹം യു.എ.ഇ.യിൽ സംസ്കരിച്ചു. ഇതിനകം അമ്മയെ നഷ്ടപ്പെട്ട കുട്ടികൾ, അവരുടെ പിതാവ് രാജ്കുമാറിന്‍റെ ചിതാഭസ്മമെങ്കിലും ലഭിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് ദുബായിലുള്ള സിജോ പോൾ ചിതാഭസ്മം ഏറ്റെടുത്തത്. വീട്ടിലേക്ക് പോകാൻ കഴിയാതെ സിജോ രണ്ടര വർഷത്തോളം ചിതാഭസ്മം സ്വന്തം വസതിയിൽ സൂക്ഷിച്ചു.

രാജ്കുമാറിന്‍റെ മക്കളിൽ നിന്ന് വാർത്ത അറിഞ്ഞതോടെ താഹിറ ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. അതിന് ധാരാളം തടസ്സങ്ങളുണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനേക്കാൾ വളരെ കൂടുതലായിരുന്നു ഇതിനുള്ള നടപടിക്രമങ്ങൾ. ഇതെല്ലാം പൂർത്തിയാക്കിയ ശേഷം താഹിറ വ്യാഴാഴ്ച രാത്രി ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ രാജ്കുമാറിന്‍റെ ചിതാഭസ്മവുമായി പുറപ്പെടും.