Sunday, December 22, 2024
LATEST NEWSSPORTS

ട്വന്റി 20 ലോകകപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ സഞ്ജു ഇല്ല

ന്യൂഡല്‍ഹി: 2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശർമ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരിക്കും കെഎൽ രാഹുൽ. ജസ്പ്രീത് ബുംറ പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തി. സഞ്ജു സാംസൺ ടീമിലില്ല.

മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചഹാർ എന്നിവരെ സ്റ്റാൻഡ് ബൈകളായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്ക് കാരണം രവീന്ദ്ര ജഡേജ ടീമിന് പുറത്താണ്. ജഡേജയ്ക്ക് പകരം അക്സർ പട്ടേൽ ടീമിലെത്തും. രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ എന്നിവർ ടീമിലുണ്ടാകും. റിഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ. അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ഹർഷൽ പട്ടേൽ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. അശ്വിനും യുസ്വേന്ദ്ര ചാഹലും സ്പെഷ്യലിസ്റ്റ് സ്പിന്നർമാരാണ്. ജസ്പ്രീത് ബുംറ നയിക്കുന്ന ഫാസ്റ്റ് ബൗളർമാരുടെ നിരയിൽ ഭുവനേശ്വർ കുമാറും അർഷ്ദീപ് സിങ്ങും ഉണ്ട്.