സുൽത്താൻ : ഭാഗം 24
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്
തിരികെ പോരുമ്പോൾ ആദിയുടെ മനസ് പ്രക്ഷുബ്ധമായിരുന്നു… എങ്കിലും എന്നെങ്കിലും എല്ലാം നേരെയാവും എന്നവൻ ആശ്വസിച്ചു…. ഫിദയുടെ കോഴ്സ് കഴിയാൻ ഏതാനും മാസങ്ങൾ കൂടിയുണ്ട്… അതിനു ശേഷം ആവാം നിക്കഹ് എന്നാണ് ഇരു വീട്ടുകാരും ചേർന്ന് തീരുമാനിച്ചത്… അപ്പോഴേക്കും ആദിയുടെ വാപ്പിച്ചിക്കും ലീവ് സമയം ആകും…. ഉമ്മച്ചിയും റിഹാനും എന്തൊക്കെയോ തമാശകൾ പറഞ്ഞ് ചിരിക്കുന്നുണ്ട്… അതിലൊന്നും മനസ് കൊടുക്കാൻ ആദിക്ക് താല്പര്യം തോന്നിയില്ലെങ്കിലും അവർക്ക് ഒന്നും തോന്നേണ്ട എന്ന് കരുതി അവൻ പ്രസന്ന മുഖത്തോടെ ഇരുന്നു… …………………..❣️
വന്നയുടനെ റിഹാൻ കാര്യങ്ങളൊക്കെ പറയാൻ നീരജിനെ വിളിച്ചു… നിക്കാഹ് ഉറപ്പിച്ചതും ഇന്ന് പോയപ്പോഴുള്ള ബാക്കി വിശേഷങ്ങളും നിദയോട് ഇഷ്ടം അറിയിച്ചതുമൊക്കെയുള്ള കാര്യങ്ങൾ ഒന്നുപോലും വിടാതെ അവൻ നീരുവിനെ പറഞ്ഞ് കേൾപ്പിച്ചു… ഒക്കെ കേട്ടപ്പോൾ നീരജിനും സന്തോഷം…. വൈകിട്ട് ആദി വാട്സാപ്പ് തുറന്നപ്പോഴാണ് കണ്ടത്.. കോളേജ് ഗ്രൂപ്പിൽ തന്റെയും ഫിദുവിന്റെയും ഫോട്ടോസ് ചേർത്ത് ഒരു വീഡിയോ ഉണ്ടാക്കി നീരജ് ഷെയർ ചെയ്തിരിക്കുന്നത്… കോളേജ് കാലഘട്ടത്തിലെ ഫോട്ടോസ് മുതൽ ഇപ്പോഴത്തെ ഫോട്ടോസ് വരെ ചേർത്ത ഒരു വീഡിയോ… അതിനു താഴോട്ടു കൂടെ പഠിച്ചവർ എല്ലാം അത്‍ഭുതത്തോടെ ആശംസകൾ അറിയിച്ചിരിക്കുന്നു…
പലരും ഇത് നടക്കുമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു എന്നൊക്കെ മെസേജ് ചെയ്തിട്ടുണ്ട്… പണ്ട് മുതലേ ഉള്ള ഗ്രൂപ്പ് ആണ്… ഫിദയുടെ നിക്കാഹ് മുടങ്ങിയ സമയം മുതൽ അവൾ ഇതിൽ ഇല്ല.. ഫർദീൻ ലെഫ്റ്റ് ആകുകയും ചെയ്തിരുന്നു… ഫിദയുടെ പുതിയ നമ്പർ ഇതിൽ ചേർത്തിട്ടില്ല എന്ന് ആദി ഓർത്തു…. ഏതായാലും കോളേജിൽ ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാവരും വിവരം അറിഞ്ഞിട്ടുണ്ട്…. ആദി അതിനു റിപ്ലൈ ഒന്നും കൊടുക്കാതെ തന്നെ ഫോൺ ഓഫ് ചെയ്തു വെച്ചു…. എന്തൊക്കെയോ മനസിനെ അലട്ടുന്നു…ഒരു ദിവസത്തേക്ക് മാത്രം തെളിഞ്ഞ ഒരു വാനം പോലെയാണ് തന്റെ മനസ് എന്ന് ആദി ഓർത്തു…
ഇന്നലെ ഒരു ദിവസം മാത്രം ഒന്ന് സന്തോഷിച്ചു.. വീണ്ടും കാർമേഘക്കൂട്ടങ്ങൾ വന്നു മനസ്സിനെ മൂടി പുതപ്പിച്ചു.. ഫിദയുടെ മനസ്സിൽ എന്താവും ഇപ്പോൾ… ഡാഡിക്ക് വേണ്ടിയാണ് അവൾ ഈ നിക്കാഹിന് സമ്മതിച്ചതെന്നു വ്യക്തം… അല്ലെങ്കിൽ തന്നോട് അതുപോലൊരു മറുപടി പറയില്ലല്ലോ…. ഒരിക്കലും അവളുടെയും ഫർദീന്റെയും ഇടയിലേക്ക് താൻ ചെല്ലില്ലായിരുന്നു… അവൻ അവളെ നിഷ്‌ക്കരുണം വേണ്ടെന്നു വെച്ചതുകൊണ്ടാണ്… അവൾക്കു വേണ്ടി അവൻ കാത്തിരുന്നെങ്കിൽ അവളുടെ സന്തോഷത്തിനു വേണ്ടി താൻ തന്നെ ഒരുപക്ഷെ അത് ഡാഡിയോട് പറഞ്ഞ് സമ്മതിപ്പിച്ചേനെ…
അവന് വേണ്ടത് അവളെയല്ല എന്ന് മനസിലായപ്പോഴാണ് പണ്ട് മനസിന്റെ ഉള്ളറയിലേക്ക് പൂഴ്ത്തി വെച്ചോരീ പ്രണയത്തിനു താനറിയാതെ തന്നെ ഒരു പുതുജീവൻ ലഭിച്ചത്… പിന്നീട് അവർ തന്നെ അവളെ തരാൻ ഒരുക്കമാണെന്നറിഞ്ഞപ്പോൾ ഉള്ളിന്റെ ഉള്ളിൽ നിന്നും അത് മൂടുപടം നീക്കി അറിയാതെ പുറത്തു വന്നുപോയി… എന്തൊക്കെയോ ചിന്തിച്ചു കൊണ്ടു ആദി ബാൽക്കണിയിലെ തന്റെ സ്ഥിരം ഇരിപ്പിടത്തിൽ ഇരുന്നുറങ്ങി പോയി….
…………………………❣️ തനുവിന്റെ കല്യാണം……. ഒരാഴ്ച മുൻപ് തന്നെ എത്തിയതാണ് വൈശുവും മുത്തശ്ശനും മുത്തശ്ശിയും…ഒരിടത്ത് ഇരിപ്പുറക്കാതെ ഓടി നടക്കുകയാണ് തേജു… എല്ലായിടത്തും തന്റെ കണ്ണും കയ്യും ചെല്ലണമെന്ന് അവന് നിർബന്ധമുണ്ടായിരുന്നു… അല്ലെങ്കിൽ എന്തൊക്കെയോ കുറവുകൾ ഉള്ള പോലെ… കലവറയിൽ പാചകക്കാരോടും അയല്പക്കത്തെ സ്ത്രീകളോടും ഒപ്പം മുത്തശ്ശിയും വൈശുവും ഹർഷന്റെ അമ്മയുമൊക്കെ ഉണ്ട്… എന്തോ എടുക്കാനായി തേജു മുറിയിലേക്ക് കയറിയപ്പോഴാണ് അവിടെയൊക്കെ അടുക്കി പെറുക്കി വെച്ചുകൊണ്ട് വൈശു നിൽക്കുന്നത് കണ്ടത്… അവൻ അവളെയൊന്നു നോക്കിയിട്ട് എടുക്കാൻ വന്ന സാധനം എടുത്തു കൊണ്ടു വാതിൽ കടക്കാൻ ഒരുങ്ങി…
പെട്ടെന്നാണ് വൈശു വാതിൽ അടച്ചിട്ട് അവന്റെ നെഞ്ചിലേക്ക് ചാരിയത്… “എന്താടി പെണ്ണേ… ദേ എനിക്കൊരു നൂറു കൂട്ടം പണിയുണ്ട്… അവൾക്ക് കുണുങ്ങാൻ കണ്ട സമയം… “തേജു കപട ദേഷ്യം കാണിച്ചു… “എന്താ തേജുവേട്ടാ ഇത്… ഞാൻ വന്നിട്ട് ഒരാഴ്ചയായി.. എന്നെയൊന്നു മൈൻഡ് ചെയ്തോ ഇത്രേം ദിവസമായിട്ട്… “അവൾ മുഖം വീർപ്പിച്ചു… “നിന്നെ നാളെ വൈകിട്ട് മുതൽ മൈൻഡ് ചെയ്യാം… “അവൻ ചിരിച്ചു കൊണ്ടു പറഞ്ഞത് കേട്ട് അവൾ വീണ്ടും മുഖം വീർപ്പിച്ചു… “ഞാൻ നാളെയങ്ങു പോകും.. ഹും..”അവൾ കിറിക്കോട്ടി കാണിച്ചു അവനെ.. “ഇങ്ങ് വാടി…മതി നിന്റെ പരിഭവം… “അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് വരിഞ്ഞു പിടിച്ചു…
ആ നെഞ്ചിൽ മുഖം പൂഴ്ത്തി വല്ലാത്തൊരു നിർവൃതിയോടെ വൈശു നിന്നു… പെട്ടെന്ന് വാതിൽ തള്ളിതുറന്നു അകത്തേക്ക് വന്ന തനു ഒന്ന് അന്തം വിട്ടു.. “ഓഹോ… ഇവിടെ റൊമാൻസ് കളിക്കുകയാണല്ലേ ഏട്ടനും ഏട്ടത്തിയമ്മയും കൂടി… ഡി… മതി റൊമാൻസിച്ചത്… എന്റെ ഏട്ടനെ വഴിതെറ്റിക്കാൻ… ഇവിടെ വാ… ദേ ഫിദു വന്നു… നിന്നെ തിരക്കുന്നു… ” “ഫിദുവോ… ആദിയില്ലേ… “വൈശു വേഗം പുറത്തേക്കിറങ്ങി… ആദിക്ക് പെട്ടെന്ന് ഒരു സർജറി ഫിക്സ് ചെയ്തതിനാൽ തീർത്തും വരാൻ പറ്റില്ല എന്ന് അവൻ തേജുവിനെയും തനുവിനെയും വിളിച്ചു പറഞ്ഞിരുന്നു… ഫിദയും വരുന്നില്ല എന്ന് പറഞ്ഞിരുന്നതാണ്…
തനുവിന്റെ നിർബന്ധം സഹിക്കാതെ പോന്നതാണ്… നീരജും ഫിദയുടെ ഒപ്പം ഉണ്ടായിരുന്നു… ഫിദയെ കണ്ടതും എല്ലാവരും വന്നു നിക്കാഹ് ഉറപ്പിച്ചതിന്റെ ആശംസകൾ ഒക്കെ അറിയിച്ചു… കുറെ നേരം കൂടി വർത്തമാനം ഒക്കെ പറഞ്ഞിരുന്ന ശേഷം തനു ഒരുങ്ങാൻ പോയി… ആൾക്കാർ ഒക്കെ വന്നു തുടങ്ങിയിരുന്നു… വൈശുവും കുറച്ച് തിരക്കിലായപ്പോൾ അൽപനേരം നീരജിന്റെ അടുത് ഇരുന്ന ശേഷം ഫിദ വെറുതെ ആളൊഴിഞ്ഞ ഇടത്തേക്ക് മാറിയിരുന്നു… ഫോണിൽ വെറുതെ തോണ്ടിക്കൊണ്ടിരിക്കുമ്പോൾ ആണ് പിന്നിൽ നിന്നും “ഫിദ” എന്നൊരു വിളി കേട്ടത്… പിന്തിരിഞ്ഞു നോക്കിയപ്പോൾ ഫർദീന്റെ ഉറ്റ കൂട്ടുകാരൻ അലൻ…. “ഹായ് അലൻ..”
അവൾ എഴുന്നേൽക്കാൻ ആഞ്ഞതും അവളുടെ അടുത്ത് കിടന്ന ഒരു കസേരയിലേക്ക് അലൻ ഇരുന്നു… “കാര്യങ്ങളൊക്കെ ഞാൻ ഗ്രൂപ്പിൽ നിന്നറിഞ്ഞു… ആദിയുമായുള്ള നിക്കാഹ്.. ഒടുവിൽ ആദിയുടെ രീതിക്ക് തന്നെ കാര്യങ്ങൾ വന്നു ചേർന്നു അല്ലേ… “അലന്റെഅർത്ഥം വെച്ചുള്ള പറച്ചിൽ കേട്ടു ഫിദ അവനെ സംശയത്തോടെ നോക്കി… “വാട്ട് യു മീൻ അലൻ… “അവൾ ചോദിച്ചു… “നീ എന്താ അന്ന് ഡാഡി നിക്കാഹിന് എതിർത്തപ്പോൾ ഫർദീനെ ഒന്ന് വിളിക്കുക പോലും ചെയ്യാതിരുന്നത്… നിന്റെ കയ്യിൽ ഫോണില്ലാത്ത കൊണ്ടു അവന് നിന്നെ കോൺടാക്ട് ചെയ്യാൻ സാധിച്ചില്ല..
പക്ഷെ നിനക്കൊന്നു വിളിക്കാമായിരുന്നു… എങ്ങനെയെങ്കിലും… അവൻ വെയിറ്റ് ചെയ്തിരുന്നു അതിനായി… പിന്നീട് നിന്റെ അറിവൊന്നുമില്ലാതിരുന്നത് കൊണ്ടു മടങ്ങി പോയി.. ” “ഞാൻ ആദിയെ അയച്ചിരുന്നല്ലോ അവന്റെ അടുത്ത്… ആദി ചെന്നപ്പോൾ അവൻ മടങ്ങിപ്പോയിരുന്നു… ” “അവൻ മടങ്ങിയിട്ടില്ലായിരുന്നു… അവിടെ തന്നെ ഉണ്ടായിരുന്നു… ആദി വെറുതെ പറഞ്ഞതാവും…. “അലന്റെ വാക്കുകൾ കേട്ട് തരിച്ചിരിക്കുകയായിരുന്നു ഫിദ…. “ഓക്കെ ഫിദ… ബൈ.. “അലൻ നടന്നു നീങ്ങി… ഫിദക്ക് തല പെരുക്കുന്നത് പോലെ തോന്നി.. അപ്പൊ ചേട്ടന് വേണ്ടി അനിയൻ ത്യാഗം ചെയ്തതാണ്…ഇത് നടക്കാൻ വേണ്ടിയാവും റിഹു നിദയെ കെട്ടാൻ തയ്യാറായത്….
ആദി നല്ലൊരു കളി കളിച്ചു ഇതിനിടയിൽ… അവന് തന്നോട് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനേ തോന്നി…അവൾ തല കയ്യിൽ താങ്ങി ഏറെ നേരം അവിടെയിരുന്നു…. ഫിദയുടെ അടുത്ത് നിന്നും മാറിയ അലൻ അപ്പൊ തന്നെ ഫർദീനെ വിളിച്ചു… “ഡാ… അവളുടെ മുന്നിൽ നിനക്ക് ക്ളീൻ ഇമേജ് കൊടുത്തിട്ടുണ്ട് കേട്ടോ….” അലന്റെ ചിരിയിൽ മുങ്ങിപ്പോയി അവൻ നിന്നിടം… “താങ്ക്സ് ഡാ… ഈ പെണ്ണുങ്ങളുടെ ശാപം ഒന്നും ഏക്കണ്ടല്ലോ എന്ന് കരുതിയാ… നിന്നോട് ഇങ്ങനെയൊരു പണി പണിയാൻ പറഞ്ഞത്….. വരുമ്പോ കണ്ടോളാം നിന്നെ നന്നായിട്ട് കേട്ടോ…. “ഫർദീനും ചിരിച്ചു…. കല്യാണം കഴിഞ്ഞു…
ഫിദയും നീരജും അപ്പൊ തന്നെ നാട്ടിലേക്ക് തിരിച്ചു… ഇനി വൈശുവിന്റെയും തേജുവിന്റെയും കല്യാണത്തിന് കൂടാം അത് കഴിഞ്ഞു ഫിദയുടെയും ആദിയുടെയും നിക്കാഹിനു ആലപ്പുഴയിലും എന്നൊക്കെ പറഞ്ഞാണ് കൂട്ടുകാരൊക്കെ പിരിഞ്ഞത്… എല്ലാവരോടും ചിരിയോടെ വർത്തമാനം പറയുമ്പോഴും ഫിദയുടെ ഉള്ള് വേകുകയായിരുന്നു…. തിരികെയുള്ള യാത്രയിലും അവൾ മൂകയായിരുന്നു… ആദിയായിരുന്നോ തങ്ങൾക്കിടയിൽ വില്ലനായി വന്നത് എന്നുള്ള ചിന്ത അവളെ ഭ്രാന്തിന്റെ വക്കിലെത്തിച്ചു…. ദിവസങ്ങൾ കൊഴിഞ്ഞു പോയിട്ടും ഒന്നും തന്നെ അവൾ ആദിയോട് ചോദിച്ചില്ല…
അതിനു മറ്റൊരു കാര്യം കൂടിയുണ്ട്… റിഹാൻ നിദയുടെ കാര്യം വീട്ടിൽ പറഞ്ഞിട്ട് വാപ്പിച്ചിയെ കൊണ്ടു ഡാഡി യെ വിളിപ്പിച്ചിരുന്നു… ഒരു വാക്കാൽ ഉറപ്പ്…. ആ വിവരം അറിഞ്ഞപ്പോൾ മുതലുള്ള നിദയുടെ മുഖത്തെ സന്തോഷം ഫിദയെ എല്ലാക്കാര്യങ്ങളും മനസ്സിൽ ഒളിപ്പിക്കുന്നതിനു പ്രേരിപ്പിച്ചു…റിഹാന്റെ ഫോൺ വരുമ്പോഴുള്ള അവളുടെ ചിരിയും ആഹ്ലാദവുമൊക്കെ താൻ മൂലം ഇല്ലാതാവണ്ട എന്ന് അവൾ ഓർത്തു.. എങ്കിലും ആദി തന്നെ ചതിച്ചല്ലോ എന്ന ഓർമയിൽ അവൾ വിങ്ങുകയായിരുന്നു…. ഈ കാലയളവിൽ ഒരിക്കൽ പോലും ഫിദ ആദിയെ ഒന്ന് വിളിക്കുകയോ ഒരു സന്ദേശമയക്കുകയോ ചെയ്തില്ല…
വല്ലപ്പോഴും ആദി വിളിക്കുമ്പോൾ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറഞ്ഞ് അവൾ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി… തന്റെ വിധിയാവും എന്ന് കരുതി സമാധാനിക്കുമ്പോഴും ചിലപ്പോഴൊക്കെ ആദിയോട് അവൾക്ക് അടങ്ങാത്ത വിദ്വേഷം തോന്നി… ……………….✨️✨️✨️✨️ മാസങ്ങൾ പോയി മറഞ്ഞു… ഹോസ്പിറ്റലും വീടുമായി ആദിയും.. പഠനത്തിന്റെയും പരീക്ഷയുടെയും തിരക്കിൽ ഫിദയും ദിനങ്ങൾ തള്ളിനീക്കി… നിദയുടെ ഡിഗ്രി കഴിഞ്ഞു… റിഹാൻ പോലിസ് ട്രെയിനിങ് നു തൃശൂർ ആണ്…. അവസാനത്തെ പരീക്ഷയും കഴിഞ്ഞു ഫിദ ഫ്രീ ആയി….
ഇനിയിപ്പോ നിക്കാഹിന് ഡേറ്റ് കുറിക്കാം എന്ന് ഡാഡി തീരുമാനിച്ചു… റിസൽട്ട് വരുന്ന മുറക്ക് ഒരു ക്ലിനിക്ക് തുടങ്ങാനുള്ള പദ്ധതിയും ഡാഡി യുടെ മനസ്സിൽ ഉണ്ട്… അത് ആദിയുടെ വീടിനടുത്തു മതിയല്ലൊ എന്നാണ് ഡാഡിക്ക്…. അങ്ങനെ നിക്കാഹ് ഡേറ്റ് കുറിച്ചു… തൊട്ടടുത്ത മാസത്തിൽ തന്നെ… പിന്നെ അതിന്റെ ഒരുക്കങ്ങളും ബഹളവും ഒക്കെയായി ദിവസങ്ങൾ പോയി… ആദിയുടെ വാപ്പിച്ചി ലീവിന് എത്തി… റിഹാനും രണ്ടുദിവസത്തെ ലീവ് എടുത്തു നിക്കാഹിനെത്തി…. ഇനിയും അവളിൽ നിന്നൊരു വിളിയുണ്ടായില്ലല്ലൊ എന്ന വേദനയിലായിരുന്നു ആദി… നിക്കാഹ് ആകുമ്പോഴേക്കും എല്ലാം ശരിയാവും എന്ന് കരുതിയെങ്കിലും ഒക്കെ വ്യർത്ഥമായല്ലോ എന്ന ചിന്തയിൽ അവൻ ഉഴറി….
നിക്കാഹിന്റെ ദിവസം… പൊന്നും പട്ടുമണിഞ്ഞു അരികിൽ നിൽക്കുന്ന തന്റെ പെണ്ണിനെ കണ്ണിമ വെട്ടാതെ നോക്കി നിന്നു പോയി ആദി… പുറമെ മാത്രം കാണിക്കുന്നതെങ്കിലും ആ ചിരിയിൽ വിരിയുന്ന നുണക്കുഴിയിലേക്ക് സഞ്ചരി ച്ചെത്താൻ തനിക്ക് ഇനിയും ദൂരം ഏറെ ബാക്കിയുണ്ടെന്നു അവന് തോന്നി… തിരികെ തന്റെ വീട്ടിലേക്കു പോരാൻ നേരം ആ കണ്ണ് ഒന്ന് നിറയുക പോലും ചെയ്തില്ല എന്നത് അവനെ ആശ്ചര്യപ്പെടുത്തി… ആരോടൊക്കെയോ വാശി തീർക്കുന്ന പോലെ……..
വൈകിട്ടത്തെ റിസപ്‌ഷനും കഴിഞ്ഞു മണിയറയിലേക്ക് ചെന്ന ആദിയെ അമ്പരപ്പിച്ചു കൊണ്ടു താഴെ ഒരു ബെഡ്ഷീറ്റ് വിരിച്ചു കിടന്നു ഫിദ ഉറക്കം പിടിച്ചിരുന്നു… സൈഡ് ടേബിളിൽ മൂടി വെച്ചിരുന്ന പാലും പഴങ്ങളും തന്നെ നോക്കി കൊഞ്ഞനം കുത്തി ചിരിക്കുന്നത് പോലെയാണ് ആദിക്ക് തോന്നിയത്…. 🌿🌿🌿🌿 തുടരും 💕dk….. ©Divya Kashyap
If you know that the target audience is and how to achieve them, you will be https://www.affordable-papers.net/ well on your way to making the ideal customized composition.