സുൽത്താൻ : ഭാഗം 20
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്
വൈകിട്ട് വെറുതെ മുറ്റത്ത് നടക്കുമ്പോഴാണ് ഗേറ്റ് തുറന്നു ഒരു ബൈക്ക് മുറ്റത്തേക്ക് കയറുന്നത് നിദ കണ്ടത്.. ഹെൽമെറ്റ് ഊരി മാറ്റേണ്ടി വന്നു അവൾക്ക് ആളെ തിരിച്ചറിയാൻ… “റിഹു “…. “ഇതെന്താ ഈ വഴി.. “നിദ അത്ഭുതത്തോടെ ചോദിച്ചു… “ഒരു ഫ്രണ്ടിന്റെ ചേച്ചിയുടെ കല്യാണം.. ഇവിടെ അടുത്തുള്ള ഓഡിറ്റൊറിയത്തിൽ വെച്ചായത് കൊണ്ട് നിന്നേം ഫിദച്ചേച്ചിയേം കണ്ടിട്ട് പോകാം എന്ന് കരുതി കയറിയതാ… എന്തേ… ആരുമില്ലേ ഇവിടെ… “റിഹു ചോദിച്ചു… “സുലുവാന്റിയും ഫിദൂത്തയും ഉണ്ട്… ഡാഡീം മമിയും ഇല്ല.. ” “ഉം… “അവൻ അകത്തേക്ക് കയറി… ഫിദ അവനെ കണ്ടു കുറച്ചു നേരം വന്നിരുന്ന് സംസാരിച്ചിട്ട് പോയി..
അവന് കുടിക്കാൻ ജ്യൂസ് നൽകിയിട്ട് സുലുവാന്റിയും… “നീയെന്താടി എന്തോ പറയാനുണ്ടെന്നു പറഞ്ഞിട്ട് പറയാതിരുന്നത്… അത് കഴിഞ്ഞ് ഞാൻ നിന്നെ കുറെ വിളിച്ചാരുന്നല്ലോ ഫോണും എടുത്തില്ല… എന്ത് പറ്റി…? “മിഴികളിലേക്ക് നോക്കി റിഹു ചോദിച്ചതിന് മറുപടി പറയാനാവാതെ നിദ കുഴങ്ങി… “ഡി.. നിന്നോടാ ചോദിച്ചേ… എന്താന്നു… ഒരു ഒഴിഞ്ഞുമാറ്റം ഫീൽ ചെയ്യുന്നു എനിക്ക്… പറ.. വാട്ട് ഹാപ്പന്റ്..?” ……വേണ്ട… ഇവനറിയണ്ട തന്റെ മനസ്… അവനിൽ നിന്നും വരുന്ന “നോ ” എന്ന മറുപടി തന്നെ തളർത്തി കളയും… ഇതിപ്പോ പറയാത്തത് കൊണ്ട് മനസ്സറിഞ്ഞില്ല എന്ന് വിചാരിക്കാല്ലോ… ഇപ്പൊ ഒരു കൂട്ടുകാരനായി ഇവൻ കൂടെയുണ്ട്…
മറിച്ച് തന്നിൽ അവനോടു പ്രണയത്തിന്റെ നാമ്പ് മൊട്ടിട്ടു എന്നവൻ അറിഞ്ഞാൽ ഒരുപക്ഷെ ഈ സൗഹൃദം തനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം…… മറ്റെങ്ങോ നോക്കി എന്തോ ചിന്തിച്ചിരിക്കുന്ന നിദയെ കണ്ടു റിഹാന് ചിരി വന്നു… “ഹലോ… ഈ ലോകത്തു തന്നെയുണ്ടോ..” അവൻ വിരൽ ഞൊടിച്ചു അവളെ തിരിച്ചു കൊണ്ട് വന്നു… “അല്ലാ റിഹു… ഫിദൂത്തക്ക് വേറെ വിവാഹം നോക്കുന്നുണ്ട്… അത് പറയാമെന്നാ അന്ന് പറഞ്ഞത്… പക്ഷെ ഇത്ത ഇപ്പൊ വേണ്ടെന്നാ പറയുന്നത്… “അവൾ വെറുതെ എന്തെങ്കിലും മറുപടി അവന് നൽകണമല്ലോ എന്ന് കരുതി പറഞ്ഞു…
പക്ഷെ ആ വാക്കുകൾ അവന്റെ ഹൃദയത്തിന്റെ അറ്റം വരെ ചെന്ന് നിൽക്കുകയാണുണ്ടായത്.. “നോക്കാൻ തുടങ്ങിയോ.. “? “ഉടനെയില്ല.. പതുക്കെയുള്ളു… “അവൾ മറുപടി പറഞ്ഞു… “അധികം നീട്ടാൻ പറ്റില്ല മോനെ.. ഫിദക്ക് താഴെ ഇവളും കൂടിയില്ലേ… അവളുടെ കഴിഞ്ഞ് വേണ്ടേ ഇവൾക്ക് നോക്കാൻ.. രണ്ടു പേരും തമ്മിൽ വലിയ പ്രായാവ്യത്യാസം ഒന്നുമില്ല… “ആ സംസാരം കേട്ടു കൊണ്ട് വന്ന സുലുവാന്റി പറഞ്ഞു… റിഹു നിദയെ ഒന്ന് പാളി നോക്കി… എന്തോ അവൾ മെല്ലെ തല താഴ്ത്തി കളഞ്ഞു… തിരിച്ചു പോകാൻ ഇറങ്ങും നേരം അവന്റെ ഒപ്പം ഗേറ്റ് വരെ അവൾ ചെന്നു… റോഡിലേക്കിറങ്ങി ആദ്യത്തെ വളവ് തിരിയും നേരം അവനൊന്നു തിരിഞ്ഞു നോക്കിയപ്പോഴും അവൾ അവിടെ നിൽപ്പുണ്ടായിരുന്നു…..
തിരികെ വീട്ടിലെത്തിയിട്ടും ആ ചിത്രം റിഹുവിന്റെ മനസ്സിൽ നിന്നും മാഞ്ഞില്ല… കുറച്ചു ദിവസങ്ങളായി ശ്രദ്ധിക്കുന്നു നിദയുടെ പെരുമാറ്റത്തിലുള്ള മാറ്റം… എന്തൊക്കെയോ മനസ്സിൽ കയറ്റി വെച്ചിട്ടുണ്ടവൾ… ………………………..❣️ മാസങ്ങൾ പോയി തീർന്നു…അത് രണ്ടു വർഷങ്ങളായി പരിണമിച്ചു.. മനസിനേറ്റ മുറിവ് കുറച്ചൊക്കെ ചിക്കി ചികഞ്ഞു മാറ്റി വെച്ചു ഫിദു… എങ്കിലും ഇടക്കിടക്ക് വിരുന്നിനെത്തുന്ന മുഖത്തിനു മുൻപിൽ അവൾ പതറി പോകുന്നുണ്ടായിരുന്നു… ഇതിനിടയിൽ ഈയിടെ അവൾ എംഡി ക്കു ചേർന്നു… ആദി ഇടയിൽ ലീവെടുത്ത് എംഡി കംപ്ലീറ്റ് ചെയ്തിരുന്നു…
പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ കുറെയൊക്കെ അവൾ മാറി എന്ന് വീട്ടുകാർക്കും തോന്നി തുടങ്ങി… ഡാഡി അവളോട് കല്യാണ കാര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു… “നിദക്ക് നോക്കു ഡാഡി.. അവളിപ്പോ ഡിഗ്രി കഴിഞ്ഞല്ലോ… അത് കഴിഞ്ഞ് മതി എനിക്ക് “അവൾ കെഞ്ചി… “അതൊന്നും നടക്കില്ല.. മൂത്തവൾ നിൽക്കുമ്പോൾ ഇളയവളെ കെട്ടിച്ചു വിടുന്ന പാരമ്പര്യം ഈ കുടുംബത്തിൽ ഇല്ല… “ഡാഡി അമ്പിനും വില്ലിനും അടുക്കാത്തത് അവളെ വീണ്ടും നിരാശയിലാക്കി.. ………………………….❣️ ഒരു ദിവസം ഉച്ചക്ക് ആദി വീട്ടിലുള്ള ദിവസം.. പുറത്തെവിടെയോ പോയ റിഹു ചാടി തുള്ളി സന്തോഷിച്ചു കയറി വരുന്നത് കണ്ടു ആദിയും ഉമ്മച്ചിയും അമ്പരന്നു… “എന്താടാ..
എന്താ ഇത്ര സന്തോഷം..”എന്ന ഉമ്മച്ചിയുടെ ചോദ്യത്തിന് ഉമ്മച്ചിയെ കെട്ടിപ്പിടിച്ചു ഒരുമ്മയായിരുന്നു അവന്റെ മറുപടി… ആദിക്ക് ചിരി വന്നു.. ഇത്രയും പ്രായമായിട്ടും ചെക്കന് കുട്ടിക്കളി മാറീട്ടില്ല ആദി ചിന്തിച്ചു.. കഴിച്ചു കൊണ്ടിരുന്നിടത്തു നിന്നു എഴുന്നേറ്റ് വായ് കഴുകാൻ പോകുകയായിരുന്നു ആദി.. പിന്നിൽ നിന്നു വന്നു റിഹു ഇറുകെ അവനെയും കെട്ടിപ്പിടിച്ചു… “എന്താ റിഹു.. നീ കാര്യം പറ.. ” “ഇക്കാ.. ഞാനന്ന് എഴുതിയ പോലീസ് ടെസ്റ്റ് ഇല്ലേ… അതിന്റെ റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നു.. ഇപ്പൊ psc യിൽ നിന്നും അഡ്വയ്‌സ് മെമോ വന്നു… ” “ന്റെ പടച്ചോനെ… സത്യമാണോ റിഹൂ… വാപ്പിച്ചിയെ വിളിച്ചു പറയെടാ… ഓഹ്.. എന്റെ മക്കൾ രണ്ടാളും ഒരു നിലയിൽ ആയല്ലോ…
ഇനി എന്തൊക്കെയായാലും ഒരു കുഴപ്പവുമില്ല.. “ഉമ്മച്ചി കൈകൾ കൂപ്പി പ്രാർത്ഥിച്ചു… “ആദീക്കാ.. ചെലവ് ചെയ്യ്… ഞാൻ കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിയെടുത്തതാ… വന്നേ ഏതെങ്കിലും റെസ്റ്റൊറന്റിൽ പോകാം.. എനിക്ക് വേണ്ടതെല്ലാം വാങ്ങിച്ചു തരണം..”റിഹു ആദിയെ കയറി വട്ടം പിടിച്ചു… “ഡാ.. നീയല്ലേ ചെലവ് ചെയ്യേണ്ടത്… ഞാനാണോ… നിനക്കല്ലേ ജോലി കിട്ടിയേ.. ” ആദിക്ക് അവന്റെ സംസാരം കേട്ട് ചിരി വന്നു… “ഞാൻ ഒരുങ്ങാൻ പോവാ.. ആദീക്കാ വന്നു വണ്ടിയെടുക്ക്… “പറഞ്ഞു കൊണ്ട് അവൻ അപ്പുറത്തേക്ക് പോയി… “ചെല്ല്.. മോൻകുട്ടാ… അല്ലെങ്കിൽ ചെറുക്കൻ നിനക്ക് സ്വസ്ഥത തരില്ല…
“ഉമ്മച്ചി പറഞ്ഞപ്പോൾ പിന്നെയൊന്നും ആലോചിക്കാതെ ആദി ബൈക്കിന്റെ താക്കോലുമായി ഇറങ്ങി…. കൊല്ലം ടൗണിലുള്ള പ്രശസ്തിയാർജ്ജിച്ച ബിരിയാണി ഹട്ടിലേക്ക് ആണ് ആദി വണ്ടി കൊണ്ട് നിർത്തിയത്.. അവിടെ ചെന്ന് വേണ്ട വിഭവങ്ങൾ എല്ലാം ഓർഡർ ചെയ്ത് ഫുഡിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് ഫാമിലി കാബിൽ നിന്നിറങ്ങി ഫിദയും മമ്മിയും വാഷ് റൂമിലേക്ക് നടക്കുന്നത് റിഹു കണ്ടത്.. “ഇക്കാ.. ദേ ഫിദ ചേച്ചി.. “റിഹു നോട്ടം പായിച്ചെടുത്തേക്ക് നോട്ടം എത്തി നിൽക്കുമ്പോൾ ആദിയുടെ മിഴികൾക്കൊപ്പം ഹൃദയവും ഒന്ന് പിടഞ്ഞു… എത്രയോ നാളുകൾക്ക് ശേഷമാണ് അവളെ ഒന്ന് കാണുന്നത്… സോഷ്യൽ മീഡിയയിൽ ഒന്നും ആക്റ്റിവ് അല്ല ആളിപ്പോൾ..കയ്യിൽ ഫോണുണ്ടോ എന്തോ…
അവർ എഴുന്നേറ്റ് പോയ ഫാമിലി റൂമിലേക്ക് നോക്കുകയായിരുന്നു റിഹു അപ്പോൾ… അവിടെ ഡാഡിയും നിദയും ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടു… അവൻ ആദിയെയും കൂട്ടി അങ്ങോട്ട് ചെന്നു… ആദിയെയും റിഹുവിനെയും പ്രതീക്ഷിക്കാതെ അവിടെ കണ്ടപ്പോൾ നിദയുടെ മുഖം വിടർന്നു.. ഡാഡിയും ഒരു പുഞ്ചിരിയോടെ അവരെ എതിരേറ്റു… “ഇതെന്താ ആലപ്പുഴക്കാർക്ക് ഞങ്ങളുടെ നാട്ടിൽ കാര്യം “എന്ന് ചോദിച്ചു കൊണ്ട് റിഹു ഡാഡിയുടെ അടുത്തേക്കിരുന്നു… “ഹ ഹ… നിങ്ങളുടെ നാട്ടിലെത്തിയപ്പോൾ വിശന്നു… എന്താ ചെയ്ക… “ഡാഡിയും തിരിച്ചടിച്ചു… “ഞങ്ങൾ ഇന്നലെ ട്രിവാൻഡ്രം വരെ ഒന്ന് പോയതാ… ഒരു റിലേറ്റിവിന്റെ നിക്കാഹ്.. ഇന്ന് രാവിലെ മടങ്ങി.. ദാ ഇവിടെ നിങ്ങളുടെ നാട്ടിൽ എത്തിയപ്പോൾ വിശന്നു..
കഴിക്കാൻ കയറി.. “ഡാഡി പറഞ്ഞു… ആദിയും ചിരിച്ചു കൊണ്ട് നിദക്ക് അരികിലേക്കിരുന്നു…അപ്പോൾ തന്നെ വാഷ് റൂമിൽ നിന്നും ഫ്രഷ് ആയി ഫിദയും മമ്മിയും എത്തി ചേർന്നു… എന്ത് കൊണ്ടോ ആ മുഖത്തേക്ക് നോക്കാൻ ആദിക്ക് കഴിയാതെ പോയി… അവളുടെ സാന്നിധ്യം അറിഞ്ഞിട്ടും… ചിരപരിചിതമായ അവളുടെ ആ പെർഫ്യൂ ഗന്ധത്തിൽ മനസ് തങ്ങി കിടന്നിട്ടും അവളെ ഒന്ന് നോക്കാതെ ഡാഡി പറയുന്ന എന്തോ കാര്യത്തിൽ അവൻ ശ്രദ്ധിച്ചിരുന്നു… ആദിയുടെ ഈ പെരുമാറ്റം റിഹു ശ്രദ്ധിക്കുന്നുണ്ടായിരുന്നു… “അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. “അവൻ വിചാരിച്ചു… “ദേ… ആദീക്കാ.. കൂട്ടുകാരിയെ കണ്ടില്ലേ.. “അവൻ അല്പം ഉച്ചത്തിൽ തന്നെ ചോദിച്ചു..
അവളിലേക്ക് നോട്ടം എത്തിക്കാതിരിക്കാൻ ആയില്ല ആദിക്ക്… മനസ് പൊതിഞ്ഞു പിടിച്ചു വിട്ടുകളയാതെ പതറി പതറി ആ നോട്ടം ചെന്ന് നിന്നത് ആ നുണക്കുഴി കവിളിലാണ്… എന്നും കൊതിപ്പിച്ചിരുന്ന ആ നുണക്കുഴി… ഭംഗി നഷ്ടപ്പെട്ടു… തേജസ് വാർന്നു പോയി അവിടെ ഉണ്ടായിരുന്നു… കവിളിൽ നിന്നും കണ്ണുകളിലേക്ക് നോട്ടം എത്തിയപ്പോൾ പിടഞ്ഞു പോയി… ഒരു വേള ആ മിഴികൾ നിറഞ്ഞു വരുന്നത് കണ്ടു… വർഷങ്ങൾക്കിപ്പുറം തന്റെ ജീവനായ കൂട്ടുകാരനെ കണ്ടു ഫിദ പിടഞ്ഞു പോയിരുന്നു… ഒരു നിമിഷം തന്റെ സങ്കടക്കടലിൽ ഇവൻ തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ എത്രയോ വട്ടം അന്ന് ആ സമയത്ത് ആഗ്രഹിച്ചിരുന്നു എന്നവൾ ഓർത്തുപോയി….
അവളുടെ സങ്കടം കാണാനോ താങ്ങാനോ തനിക്ക് കഴിയില്ല എന്ന തിരിച്ചറിവിൽ അവളിൽ നിന്നു അകന്നു നിന്ന വർഷങ്ങൾക്കു പക്ഷെ അവളെ തന്നിൽ നിന്നു ഒരണു പോലും അകറ്റാൻ സാധിച്ചില്ലല്ലോ എന്ന് ഓർക്കുകയായിരുന്നു ആദി അപ്പോൾ… “കൂട്ടുകാർക്ക് സംസാരിക്കാനുണ്ടെങ്കിൽ അപ്പുറത്ത് പോയിരുന്നു സംസാരിക്ക്.. കുറെ നാൾ കൂടി കാണുവല്ലേ… “റിഹു പറഞ്ഞു.. എന്തോ ആദി അത് കേട്ട് എഴുന്നേറ്റ് പുറത്തേക്കു പോയി.. “ചെല്ല് മോളെ” എന്ന മമ്മിയുടെ വാക്കിൽ ഫിദയും…. “മമ്മി… എന്റെ കൂടൊന്നു വാ.. “എന്നും പറഞ്ഞു നിദ കൈകഴുകാൻ എഴുന്നേറ്റു.. “പിന്നെ എന്തുണ്ട് വിശേഷം റിഹാൻ…? “ഡാഡി ചോദിച്ചു… “ഏറ്റവും പുതിയ വിശേഷം.. ജോലി കിട്ടി.. പോലീസിൽ..
“റിഹാൻ അഭിമാനത്തോടെ പറഞ്ഞു… “ആഹാ !!കൺഗ്രാട്സ്… “ഡാഡി സന്തോഷത്തോടെ ചിരിച്ചു… ഡാഡിക്ക് ഒരു ഫോൺ വന്നു ഡാഡി സംസാരിക്കുന്നതും ആ മുഖം ഗൗരവപൂർണ്ണമാകുന്നതും കൈ കൊണ്ട് നെറ്റിയുഴിയുന്നതും റിഹാൻ മുഖം ചുളിച്ചു കൊണ്ട് നോക്കിയിരുന്നു.. ഫോൺ വെച്ച ശേഷം മൂകനായിരുന്ന ഡാഡിയോട് അവൻ കാര്യം തിരക്കി… ഒന്നുമില്ല എന്ന് പറഞ്ഞു ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും അവന്റെ മുന്നിൽ ഡാഡി മനസ് തുറന്നു… “ഫിദ നിക്കാഹിനു സമ്മതിക്കുന്നെയില്ല…
അത് കൊണ്ട് നിദക്ക് ഒന്ന് രണ്ടു പ്രൊപ്പോസൽസ് നോക്കിയാരുന്നു… അതിൽ ഒന്ന് ഒരു ബന്ധുവിന്റെ മകന്റെ തന്നെയാണ്… അവർ ചെറുപ്പത്തിലേ കണ്ടിട്ടുണ്ട് നിദയെ.. അവളുടെ വൈകല്യത്തെ കുറിച്ചും അറിയാം… അതൊന്നും അവർക്ക് പ്രശ്നമില്ലായിരുന്നു… ഇപ്പൊ ഇന്നലെ ഞങ്ങൾ പോയ നിക്കാഹ് വീട്ടിൽ വെച്ച് പയ്യനും ബന്ധുക്കളും അവളെ കാണുകയും ചെയ്തു… ആ പയ്യന് ഇതിപ്പോ വേണ്ടത്രേ… ഇത്രയും വൈകല്യം ഉണ്ടെന്നു അവൻ വിചാരിച്ചില്ലെന്നു… അവന്റെ ബാപ്പയാണ് ഇപ്പൊ വിളിച്ചത്… “ആ കണ്ണുകൾ നിറഞ്ഞു വരുന്നതും നോക്കി നിർന്നിമേഷനായി റിഹാൻ ഇരുന്നു…..
തുടരും 💕dk….. ©Divya Kashyap