Wednesday, January 22, 2025
LATEST NEWSPOSITIVE STORIES

വീട്ടുസഹായിയുടെ മകളെ സ്വന്തം മകളാക്കി സുബൈദ; വീട്ടുമുറ്റത്ത് പന്തലൊരുക്കി കല്യാണം

തലശ്ശേരി: വീട്ടിൽ സഹായിയുടെ മകളെ സ്വന്തം മകളെപ്പോലെ വളർത്തി ഒടുവിൽ വീട്ടുമുറ്റത്ത് പന്തലിട്ട് നിലവിളക്കിനു മുന്നിൽ കല്യാണം നടത്തി മുസ്‌ലിം കുടുംബം. വയനാട് ബാവലിയിലെ രേഷ്മയാണ് വിവാഹിതയായത്. മൂന്നാംഗേറ്റിലെ പി.ഒ. നാസിയും ഭാര്യ പി.എം. സുബൈദയും മുൻകൈയെടുത്താണ് സ്വന്തം വീട്ടുമുറ്റത്ത് പന്തലിട്ട് ഹൈന്ദവാചാരപ്രകാരം കല്യാണം നടത്തി നൽകിയത്.

രേഷ്മയുടെ അമ്മയായ ജാനു സുബൈദയുടെ കൊച്ചുമകളെ പരിചരിക്കാൻ വീട്ടിലെത്തിയിരുന്നു. അവർ രേഷ്മയെയും സുബൈദയുടെ വീട്ടിലേക്ക് കൊണ്ടുപോയി. സുബൈദയാണ് 13 വർഷം രേഷ്മയുടെ കാര്യങ്ങൾ നോക്കി നടത്തിയത്. നാലു വർഷത്തേക്ക് സ്കൂളിൽ അയച്ചു. താൽപ്പര്യമില്ലാത്തതിനാൽ രേഷ്മ തുടർ പഠനം തുടർന്നില്ല.

വിവാഹാലോചന വന്നപ്പോൾ അത് എവിടെവച്ച് നടക്കുമെന്ന കാര്യത്തിൽ അഭിപ്രായങ്ങൾ ഉയർന്നു. രജിസ്ട്രാർ ഓഫീസും ക്ഷേത്രവും തുടങ്ങി പലയിടങ്ങളിലും ആലോചിച്ച് ഒടുവിൽ വീട്ടിൽ വച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് സുബൈദയുടെ മകൾ സുനിതയുടെ ഭർത്താവ് റാസിഖ് അലി പറഞ്ഞു. സുബൈദയും കുടുംബവുമാണ് വധുവിന് സ്വർണ്ണാഭരണങ്ങൾ നൽകിയത്. 200 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാവർക്കും ബിരിയാണിയും പായസവും വിളമ്പി.