Tuesday, December 17, 2024
LATEST NEWSSPORTS

ഡക്കായതിന് മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

വെല്ലിങ്ടന്‍: ഈ ആഴ്ച പുറത്തിറക്കിയ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന തന്റെ ആത്മകഥയിൽ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലര്‍.

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ അന്നത്തെ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ശേഷം രാജസ്ഥാൻ ടീമിന്‍റെ ഉടമകളിൽ ഒരാൾ തന്‍റെ മുഖത്ത് 3-4 തവണ അടിച്ചതായി ടെയ്ലർ തന്‍റെ ആത്മകഥയിൽ വെളിപ്പെടുത്തി. അവ അത്രയ്ക്ക് കഠിനമായ അടികളായിരുന്നില്ല എങ്കിലും അയാളത് തമാശരൂപേണ ചെയ്തതായിരുന്നുവെന്ന് തോന്നുന്നില്ലെന്നും ടെയ്‌ലര്‍ വ്യക്തമാക്കി

“രാജസ്ഥാന്‍ റോയല്‍സ്-കിങ്‌സ് ഇലവന്‍ മത്സരത്തിനിടെ അവരുടെ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു നമ്മള്‍. ഞാന്‍ പൂജ്യത്തിന് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി പുറത്തായി. നമ്മള്‍ അവരുടെ സ്‌കോറിന് അടുത്തെങ്ങും എത്തിയതുമില്ല. മത്സര ശേഷം ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മാനേജ്‌മെന്റും എല്ലാം ഹോട്ടലിലെ ടോപ് ഫ്‌ളോറിലുള്ള ബാറിലായിരുന്നു. ഇതിനിടെ റോയല്‍സ് ഉടമകളിലൊരാള്‍ എന്റെ അടുത്തെത്തി, റോസ്, ഡക്കാകാന്‍ വേണ്ടിയല്ല ഞങ്ങള്‍ നിങ്ങള്‍ക്ക് ദശലക്ഷം ഡോളറുകള്‍ തന്നതെന്ന് പറഞ്ഞ് എന്റെ മുഖത്ത് 3-4 തവണ അടിച്ചു” ടെയ്‌ലര്‍ പുസ്തകത്തില്‍ കുറിച്ചു.