Tuesday, January 21, 2025
LATEST NEWS

സംസ്ഥാന സർക്കാർ പദ്ധതി കേരളാ ചിക്കൻ; വിറ്റുവരവിൽ 100 കോടി പിന്നിട്ടു

തിരുവനന്തപുരം : ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ സീസണുകളിൽ ഇറച്ചികോഴി വില കുതിച്ചുയരാറുണ്ട്. കോഴിയിറച്ചിയുടെ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. കേരള ചിക്കൻ ലോഞ്ച് ചെയ്ത് അഞ്ച് വർഷം ആയപ്പോൾ വിറ്റുവരവ് 100 കോടി രൂപ കടന്നിരിക്കുന്നു.
2017 ലാണ് കേരള ചിക്കൻ പദ്ധതിക്ക് തുടക്കമിട്ടത്. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള കോഴിയിറച്ചി ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരള ചിക്കൻ പ്രവർത്തിക്കുന്നത്. ഇതിലൂടെ നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ ലഭിച്ചു.

കുടുംബശ്രീ അംഗങ്ങൾക്കോ അവരുടെ കുടുംബങ്ങൾക്കോ മാത്രമേ പദ്ധതി പ്രകാരം ഫാമുകൾ സ്ഥാപിക്കാൻ അനുവാദമുള്ളൂ. താൽപ്പര്യമുള്ള കുടുംബശ്രീ വനിതകളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചും വിദഗ്ധ പരിശോധനയ്ക്ക് ശേഷവും കേരള ചിക്കൻ അധികൃതർ ഫാമിന് അംഗീകാരം നൽകുന്നു. കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്നുകൾ, വളർത്തലിന് ആവശ്യമായ കുത്തിവയ്പ്പുകൾ എന്നിവയും അധികൃതർ കാലാകാലങ്ങളിൽ എത്തിക്കും. പ്രായപൂർത്തിയായ കോഴികളെ 40-45 ദിവസത്തിന് ശേഷം കൈമാറണം. ഇത് 1.8- 2 കിലോഗ്രാം ഭാരമുള്ള കോഴികളായിരിക്കും. ഫാമുകളിൽ നിന്ന് കേരള ചിക്കൻ ഔട്ട്ലെറ്റുകളിലേക്ക് ഇവ എത്തിക്കും. ഈ കാലയളവിൽ കോഴിക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള ചെലവ് കുടുംബശ്രീ വനിതകൾക്ക് ലഭിക്കും. ഒരു കോഴിക്ക് 13 രൂപ വരെ ലഭിക്കും. ഇതുവഴി കുറഞ്ഞത് 50,000 രൂപയെങ്കിലും സമ്പാദിക്കാം.