Monday, January 6, 2025
LATEST NEWSSPORTS

ജപ്പാൻ ഓപ്പണിൽ ശ്രീകാന്തിന് ജയം

ഒസാക: ജപ്പാൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ സൈന നെഹ്വാളും ലക്ഷ്യ സെന്നും ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ കിഡംബി ശ്രീകാന്ത് ഇന്ത്യക്കായി ആശ്വാസ ജയം നേടി. ലോക നാലാം നമ്പർ താരം മലേഷ്യയുടെ ലീ സി ജിയയെ 22-20, 23-21 എന്ന സ്കോറിനാണ് ശ്രീകാന്ത് തോൽപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവ് ലക്ഷ്യ സെൻ ജപ്പാന്‍റെ നിഷിമോട്ടോയോട് (21-18, 14-21, 13-21) പരാജയപ്പെട്ടപ്പോൾ സൈന നെഹ്വാൾ ജപ്പാന്‍റെ ടോപ് സീഡ് അകാന യമഗുച്ചിയോട് 9-21, 17-21 എന്ന സ്കോറിന് പരാജയപ്പെട്ടു.

പുരുഷ ഡബിൾസിൽ ധ്രുവ് കപില-എം ആർ അർജുൻ സഖ്യം കൊറിയൻ ജോഡിയോട് 21-19, 21-23, 15-21 എന്ന സ്കോറിനാണ് തോറ്റത്. വനിതാ ഡബിൾസിൽ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും 17-21, 18-21 എന്ന സ്കോറിന് ഏഴാം സീഡായ തായ്ലൻഡ് സഖ്യത്തോട് തോറ്റു. മിക്സഡ് ഡബിൾസിൽ ജൂഹി ദേവാംഗ്-ഗൗരവ് പ്രസാദ് സഖ്യം ഒന്നാം സീഡായ ചൈനീസ് സഖ്യത്തോട് പരാജയപ്പെട്ടു. (11-21, 10-21).