Thursday, January 15, 2026
LATEST NEWSSPORTS

ഡയമണ്ട് ലീഗിൽ ശ്രീശങ്കർ ആറാം സ്ഥാനത്ത്

മൊണാക്കോ: ഡയമണ്ട് ലീഗ് അത്ലറ്റിക്സ് അരങ്ങേറ്റ മത്സരത്തിൽ ലോങ്ജംപ് താരം എം ശ്രീശങ്കർ ആറാം സ്ഥാനത്ത്. മൊണാക്കോ ഡയമണ്ട് ലീഗ് പുരുഷ ലോങ്ജംപിൽ ശ്രീശങ്കർ 7.94 മീറ്റർ പിന്നിട്ടപ്പോൾ ക്യൂബയുടെ മെയ്ക്കൊ മാസ്സോ 8.35 മീറ്റർ ചാടി സ്വർണം നേടി. ഗ്രീസിന്‍റെ മിൽത്തിയാദിസ് തെന്റഗ്ലൂ (8.31 മീറ്റർ), അമേരിക്കയുടെ മാർക്വിസ് ഡെൻഡി (8.31 മീറ്റർ) എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും നേടി.

പുരുഷൻമാരുടെ ലോങ്ജംപിലെ ലോകത്തിലെ മുൻനിര താരങ്ങൾ മത്സരിച്ച ഡയമണ്ട് ലീഗിലെ അഞ്ചാമത്തെ ജംപിലാണ് ശ്രീശങ്കർ 7.94 മീറ്റർ ചാടിയത്. കഴിഞ്ഞ മാസം യുഎസിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിസ്റ്റുകളാണ് ഇവിടെയും ഏറ്റുമുട്ടിയത്. ലോക ചാമ്പ്യൻഷിപ്പിൽ ഏഴാം സ്ഥാനത്താണ് ശ്രീശങ്കർ ഫിനിഷ് ചെയ്തത്. കോമൺവെൽത്ത് ഗെയിംസിൽ 8.08 മീറ്റർ ചാടി വെള്ളി മെഡൽ നേടിയിരുന്നു.