Friday, March 29, 2024
LATEST NEWSPOSITIVE STORIES

അര്‍ബുദ രോഗികൾക്കായി 33 സെന്‍റീമീറ്റർ മുടി മുറിച്ചു നൽകി ആറുവയസുകാരി

Spread the love

മനാമ: മുതിർന്നവർക്കും മാതൃകയായി ആറു വയസ്സുള്ള ഇന്ത്യൻ സ്കൂൾ വിദ്യാര്‍ത്ഥിനി ആർ.ജെയ്ൽ പട്രീഷ്യ. കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഈ പെൺകുട്ടി തന്‍റെ 33 സെന്‍റീമീറ്റർ നീളമുള്ള മുടിയാണ് ദാനം ചെയ്തത്. മുടി ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് കൈമാറി. ഇന്ത്യൻ സ്കൂളിലെ റിഫ കാമ്പസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജെയ്ല്‍. കാൻസർ ചികിത്സയിലൂടെയോ മറ്റ് കാരണങ്ങളിലൂടെയോ സ്വന്തം മുടി നഷ്ടപ്പെട്ട കുട്ടികൾക്ക് യഥാർത്ഥ ഹെയർ വിഗ്ഗുകൾ നിർമ്മിക്കാൻ ഈ കാരുണ്യ പ്രവർത്തനത്തിലൂടെ കഴിയും.

Thank you for reading this post, don't forget to subscribe!

ബഹ്റൈനിലെ കാൻസർ സൊസൈറ്റിക്ക് വേണ്ടി തൻ്റെ മുടി ദാനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ജെയ്ല്‍ പട്രീഷ്യ പറയുന്നു. ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന കാൻസർ രോഗികളുടെ വേദനയെയും ബുദ്ധിമുട്ടുകളെയും കുറിച്ച് മാതാപിതാക്കൾ എന്നോട് പറഞ്ഞിരുന്നു. അതിനാൽ ഞാൻ മുടി ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കാൻസർ രോഗികളെ പിന്തുണയ്ക്കാനും ലോകത്തെ അഭിമുഖീകരിക്കാൻ അവർക്ക് ആത്മവിശ്വാസം നൽകാനും ഈ പ്രവർത്തനത്തിലൂടെ കഴിയും. അവരെ കുറച്ചുകൂടി സന്തോഷിപ്പിക്കാൻ ഈ അവസരം നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു എന്നും ആ കുരുന്ന് പറഞ്ഞു.

അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികളായ രാജാ സിംഗ് ജപകുമാറിന്‍റെയും ഇൻബവതാനി ജയ കൗസല്യയുടെയും മകളാണ് പട്രീഷ്യ. തമിഴ്നാട്ടിലെ വെല്ലൂർ സ്വദേശികളാണ് ഈ കുടുംബം. സഹോദരൻ ആർ.ഫിനിയാസ് ഇന്ത്യൻ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. മകൾ മുടി നീട്ടി വളർത്തിയിരുനെന്നും 2019 മുതൽ മുടി മുറിച്ചിട്ടില്ലെന്നും അമ്മ പറഞ്ഞു.