Tuesday, December 17, 2024
Novel

ശ്യാമമേഘം : ഭാഗം 16

എഴുത്തുകാരി: പാർവതി പാറു

പൂവാകകൾ ചുവന്നുപൂത്ത ഒരു വേനൽ കാലം കൂടി കൂടൊഴിഞ്ഞു.. വർഷം അതിന്റെ വരവറിയിച്ചു തുടങ്ങിയിരുന്നു… ശ്യാമയേക്കാൾ ഭീതിയും പരിഭ്രമങ്ങളും പേറിയാണ് ആ ഒടുവിലെ ഗർഭനാളുകൾ അനി തള്ളി നീക്കിയത്… തന്റെ ഭാര്യയുടെ കടിഞ്ഞൂൽ പ്രസവത്തിന്റെ വ്യാകുലതകൾ ഒരു ഭർത്താവിൽ എത്ത്രത്തോളം ഉണ്ടാവുമോ അതുപോലെ തന്നെ ആയിരുന്നു അനിക്ക് ശ്യാമയുടെ അവസ്ഥ …

മേഘക്ക് എന്നും അവനെ കളി പറയാൻ ഒരു വിഷയം ആയിരുന്നു അത്… ശ്യാമക്ക് ഒരു പത്ത് പ്രസവം കഴിഞ്ഞ ധൈര്യം ആയിരുന്നു അപ്പോഴും… ആ കാര്യത്തിൽ അനിക്ക് എന്നും അവളൊരു അത്ഭുതം ആയിരുന്നു… ശ്യാമയെ പോലെ തന്നെ രാത്രികളിൽ അനിക്കും ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..ഉറങ്ങിപോയാൽ അവൾക്ക് വല്ലതും പറ്റുമോ എന്ന പേടി ആയിരുന്നു അവന്… അത്രത്തോളം അവൻ ആ അമ്മയെയും കുഞ്ഞിനേയും സ്നേഹിച്ചു തുടങ്ങിയിരുന്നു… അന്ന് പുറത്ത് ഒരു ചാറ്റൽ മഴയുള്ള രാത്രി ആയിരുന്നു…

അന്തരീക്ഷം മഴയുടെ താളത്തിൽ അലിഞ്ഞു ചേർന്നിരുന്നു… ചീരുവമ്മ രാത്രിയിലേക്കുള്ള കഞ്ഞി ഉണ്ടാക്കി വെച്ച് വീട്ടിലേക്ക് പോയിരുന്നു.. ഒരു തുള്ളി പോലും കഞ്ഞി കുടിക്കാതെ സ്പൂൺ‌കൊണ്ട് ഇളക്കി ഇരിക്കുന്ന ശ്യാമയോട് അനി ചോദിച്ചു.. എന്താ ശ്യാമേ കഞ്ഞി കുടിക്കാത്തത്.. എന്തോ വിശപ്പില്ല… അത് പറഞ്ഞാൽ പറ്റില്ല.. ഇപ്പോൾ നല്ലോണം ഭക്ഷണം കഴിക്കണ്ട സമയം അല്ലേ.. എനിക്ക് കഞ്ഞി കുടിക്കാൻ തോന്നുന്നില്ലഅനിരുദ്ധ്.. പിന്നെ എന്താ വേണ്ടേ.. എനിക്ക് വേണ്ടത് പറഞ്ഞാൽ വാങ്ങി തര്വോ… പിന്നേ..

അതിനല്ലേ ഞാൻ.. താൻ പറ… എനിക്ക് ചൂട് തട്ട് ദോശയും ചുക്ക് കാപ്പിയും കുടിക്കാൻ തോന്നുന്നു.. അവൾ പുറത്ത് പെയ്യുന്ന ചാറ്റൽ മഴയിലേക്ക് നോക്കി പറഞ്ഞു.. മ്മ്.. എനിക്ക് തോന്നി വല്ല കൊനഷ്ട്ടും ആവും എന്ന്.. പോയി ഡ്രസ്സ് മാറി വാ… മഴ കൂടും മുന്നെ പോയി വരാം… അനിക്കൊപ്പം കാറിൽ മലയിറങ്ങി താഴേക്ക് പോരുമ്പോൾ ശ്യാമക്ക് സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു.. അഞ്ചാമത്തെ ഹെയർപിൻ വളവിലെ രാമേട്ടന്റെ തട്ടുകടയുടെ മുന്നിൽ അനി വണ്ടി നിർത്തി..

അപ്പോഴും മഴ ചാറുന്നുണ്ട്… ചൂട് തട്ട് ദോശയും ചട്ണിയും ഉള്ളിച്ചമ്മന്തിയും ഒരു പ്ലേറ്റിൽ വാങ്ങി അവൻ കാറിലിരിക്കുന്ന ശ്യാമക്ക് കൊണ്ടു കൊടുത്തു.. അവൾ ആർത്തിയോടെ അത് കഴിക്കുന്നത് കണ്ടപ്പോൾ അവന് ചിരി വന്നു… അവൾക്ക് വയറു നിറയും വരെ മാത്രമല്ല കൊതി തീരുവോളം അവൻ ദോശവാങ്ങി കൊടുത്തു ഒടുവിൽ രണ്ടു ഗ്ലാസ്സിൽ ചുക്കുകാപ്പി വാങ്ങി കാറിലേക്ക് കയറിയപ്പോഴേക്കും മഴക്ക് ശക്തി കൂടിയിരുന്നു..

താങ്ക്യൂ അനിരുദ്ധ്… ചൂടുള്ള ചുക്ക് കാപ്പി ഊതി ചുണ്ടോട് ചേർത്ത് അവൾ പറഞ്ഞു… ഓ.. ഇതൊന്നും തനിക്ക് വേണ്ടി അല്ല.. എന്റെ കണ്ണന് വേണ്ടിയാ അല്ലേ കണ്ണാ.. അവൻ ഒരു കൈ കൊണ്ട് മെല്ലെ അവളുടെ വയറിൽ തൊട്ടു… അവൻ ഉള്ളിൽ കിടന്നൊന്ന് ഉരുണ്ട് മറിയുന്നത് ശ്യാമ അറിഞ്ഞു… ശക്തമായ മഴ കാരണം അനി വളരെ സാവധാനം ആണ് വണ്ടി ഓടിച്ചത്… വയറ് വല്ലാതെ നിറഞ്ഞത് കാരണം ശ്യാമയുടെ കണ്ണുകൾ അടയുന്നുണ്ടായിരുന്നു…

പക്ഷെ ഇടക്ക് അവൾക്ക് മുതുകിൽ നിന്ന് ഒരു വേദന തോന്നിയിരുന്നു… മെല്ലെ മെല്ലെ ആ വേദന അരക്കെട്ടിനേയും അടിവയറ്റിനെയും വിഴുങ്ങാൻ തുടങ്ങി… നിമിഷ നേരം കൊണ്ടു തന്നെ അവൾക്കത് പിടിച്ചു നിൽക്കാൻ സാധിക്കാത്തതായി വന്നു.. അനിരുദ്ധ്.. എനിക്ക്.. എനിക്ക്.. വേദന തുടങ്ങി എന്ന് തോന്നുന്നു.. നമുക്ക്.. നമുക്ക് വേഗം ഹോസ്പിറ്റലിൽ പോവാം… അനിയുടെ കൈകൾ പരതി പരതി കണ്ടെത്തി അതിൽ അമർത്തി പിടിച്ചു ശ്യാമ പറഞ്ഞു..

അവളുടെ വെപ്രാളം കണ്ടതോടെ അനിയും വല്ലാതെ ആയി.. അവൻ വേഗം വണ്ടി തിരിച്ചു…. മഴ അതിശക്തം ആയിരുന്നു… അനി വേഗം പോ… എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല… ശ്യാമ നിലവിളിച്ചു തുടങ്ങിയിരുന്നു… അവളെ എങ്ങനെ ആശ്വസിപ്പിക്കും എന്നുപോലും അറിയാതെ അനി കുഴങ്ങി… കുറച്ചു മുന്നോട്ട് പോയപ്പോൾ ആണ് വണ്ടികൾ എല്ലാം റോഡിൽ തന്നെ കിടക്കുന്നത് കണ്ടത്.. അനി വണ്ടി നിർത്തി.. ശ്യാമേ റോഡ് ബ്ലോക്ക്‌ ആണ്.. എന്ന് തോന്നുന്നു ഞാൻ ഒന്ന് ഇറങ്ങി നോക്കട്ടെ..

അപ്പോഴും ശ്യാമ വേദന കൊണ്ട് അലമുറയിട്ട് കരയുകയാണ്… അവൻ കാറിന്റെ ഗ്ലാസ്സ് താഴ്ത്തി അടുത്ത വണ്ടി കാരനോട് കാര്യം അന്വേഷിച്ചു.. ഒരു കിലോമീറ്റർ അപ്പുറത്ത് റോഡിൽ ഒരു ലോറി ആക്സിഡന്റ് ആയിരിക്കുകയാണ്… അങ്ങോട്ട് പോവാൻ യാതൊരു മാർഗവും ഇല്ലെന്ന് ആയാൾ പറഞ്ഞപ്പോൾ അനിക്ക് കൈയും കാലും തളരുന്നത് പോലെ ആണ് തോന്നിയത്…. ശ്യാമയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നുപോലും അറിയാതെ അവൻ നിസ്സഹായനായി നിന്നു..

അപ്പോഴാണ് അവന്റെ ഫോണിലേക്ക് മേഘ വിളിക്കുന്നത്… മേഘേ…. മേഘേ… ശ്യാമക്ക്.. പെയിൻ വന്നു.. ഹോസ്പിറ്റലിൽ പോവാൻ വയ്യ.. റോഡ് ബ്ലോക്ക്‌ ആണ്.. എന്താ ചെയ്യാ എന്ന് എനിക്ക് അറിയില്ല… എനിക്ക് അവരെ രക്ഷിക്കാൻ കഴിയില്ല…. ഫോൺ എടുത്തതും അനി ഒരു പൊട്ടിക്കരച്ചിലോടെ പറഞ്ഞു.. അനി.. എന്താ ഇത്… നീ.. വണ്ടി നിർത്തി ഇരുന്ന് ഈ സമയത്ത് മോങ്ങുകയാണോ എന്നിട്ട്.. ഞാൻ എങ്ങാനും അവിടെ ഉണ്ടായിരുന്നെങ്കിൽ ഒറ്റ വീക്ക് തന്നേനെ… നീ വണ്ടി തിരിക്ക്…

ഫോൺ ലൗഡ് സ്പീക്കറിൽ ഇട്… അനി ഫോൺ സ്പീകറിൽ ഇട്ട് ഡാഷ്ബോർഡിൽ വെച്ച് വണ്ടി തിരിച്ചു… ശ്യാമേ.. ഒന്നുല്ലടാ.. ഒന്നുല്ല… നമ്മുടെ കണ്ണൻ വരാറായി.. ഇനി കുറച്ചൂടെ വേദന സഹിച്ചാൽ പോരേ അവൻ ഇങ്ങോട്ട് എത്തില്ലേ… നിനക്ക് കാണണ്ടേ നിന്റെ മോനേ.. മേഘേ…. എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല.. ഞാൻ ഇപ്പോൾ ചത്തു പോകും.. ശ്യാമ വേദന കൊണ്ട് പുളയുകയായിരുന്നു..

അനിയുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ അവന്റെ കാഴ്ച്ചയെ മറിച്ചു… ഒന്നും ഇല്ല.. ഒന്നുമില്ല.. നീ കൂൾ ആവ് ഇപ്പോൾ ഹോസ്പിറ്റലിൽ എത്തും… അനി നീ നേരെ നമ്മുടെ താലൂക് ഹോസ്പിറ്റലിൽ പോ… മേഘേ അവിടെ അതിന് ഫെസിലിറ്റീസ് വല്ലതും ഉണ്ടാവോ.. ഈ സമയത്ത് അതാണോ പ്രാധാനം ജീവൻ ആണോ പ്രധാനം വേഗം പോവാൻ.. നോക്ക്…. ഹോസ്പിറ്റലിൽ എത്തും വരെ മേഘ ഫോണിലൂടെ ശ്യാമക്ക് ധൈര്യം നൽകി കൊണ്ടിരുന്നു.. മഴ കാരണം ഇടയ്ക്കിടെ സിഗ്നൽ കിട്ടാതെ ആയിരുന്നു..

എങ്കിലും അവൾ ഒപ്പം ഉണ്ടെന്ന വിശ്വാസം അനിക്കും ശ്യാമക്കും നൽകാൻ അവൾക്ക് കഴിഞ്ഞു.. ഹോസ്പിറ്റലിൽ എത്തി ശ്യാമയെ കാറിൽ നിന്ന് ഇറക്കുമ്പോൾ അവളുടെ അരക്ക് കീഴ്പ്പോട്ട് മുഴുവൻ നനഞ്ഞിരുന്നു… ഒരു ലേബർ റൂം പോലും ഇല്ലാത്ത ആ ആശുപത്രിയിലെ ഒരു മുറിയിൽ അവളെ കിടത്തി… മുറിയുടെ പുറത്ത് അക്ഷമയോടെ ആണ് അനി നിന്നത്… കുറച്ചു കഴിഞ്ഞപ്പോൾ ഒരു നേഴ്സ് ഇറങ്ങി വന്നു…

നിങ്ങൾ കൂടി വരൂ അകത്തേക്ക്.. ഇവിടെ വേണ്ടുവോളം സ്റ്റാഫ്‌ ഇല്ല… ഞാനോ.. അനി അവരുടെ സംസാരം കേട്ട് പകച്ചു.. ഒടുവിൽ അവൻ അകത്തേക്ക് കയറി.. നിങ്ങൾ വൈഫിന്റെ തലക്കൽ നിൽക്കൂ.. വൈഫ് ഇടക്ക് ഉറങ്ങി പോകുന്നൂ.. ഉറങ്ങാതെ ശ്രദ്ധിക്കണം… ഡോക്ടർ പറഞ്ഞപ്പോൾ തലയാട്ടി കേൾക്കാനേ അനിക്ക് സാധിച്ചുള്ളൂ… ശ്യാമ പുഷ്…. പുഷ്…. സോക്ടറുടെ ഈ വാക്കുകളും ശ്യാമയുടെ അലമുറയിട്ട് കരയുന്ന കരച്ചിലും മാത്രമേ അനി കേട്ടുള്ളൂ.. അവൻ കണ്ണുകൾ ഇറുകെ അടച്ചു…

അവന്റെ രണ്ടു കൈകളും ശ്യാമയുടെ വലതു കൈകളെ പൊതിഞ്ഞു പിടിച്ചിരുന്നു… ഒടുവിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ അവന്റെ ചെവിയിൽ പതിഞ്ഞപ്പോൾ അവൻ കണ്ണ് തുറന്നു.. ഡോക്ടറുടെ കൈകളിൽ ചോരയിൽ പൊതിഞ്ഞ അവളുടെ കുഞ്ഞു… അവൻ സൂക്ഷിച്ചു നോക്കി..അവന്റെ കണ്ണുകൾ നിറഞ്ഞു ഒടുവിൽ അവൻ ശ്യാമക്ക് അരികിൽ കുനിഞ്ഞിരുന്നു… താൻ പറഞ്ഞ പോലെ തന്നെ രാജകുമാരൻ ആണ്.. എന്റെ കണ്ണൻ… ശ്യാമയുടെ അടയാൻ തുടങ്ങിയ കണ്ണുകളിൽ നോക്കി…

അവളുടെ നെറ്റിയിൽ തലോടി..അവൻ കാതോരം പറഞ്ഞു.. സിസ്റ്റർ ആ കുഞ്ഞിനെ കുളിപ്പിക്കുന്നതും തോർത്തുന്നതും കുഞ്ഞുടുപ്പ് ഇടുവിച്ചു ടർക്കിയിൽ പൊതിയുന്നതും എല്ലാം അവൻ കൗതുകത്തോടെ നോക്കി… ഒടുവിൽ അവർ ആ കുഞ്ഞിനെ അവന്റെ കൈകളിലേക്ക് വെച്ചു കൊടുത്തു… അവന്റെ ചൂട് തട്ടിയപ്പോൾ അനിക്ക് ശരീരം ആകെ കുളിരുകോരി… അനി അവനെ ഒന്നുകൂടെ ചേർത്ത് പിടിച്ചു… കണ്ണാ… സ്നേഹത്തോടെ വിളിച്ചു..

അവന്റെ ശബ്ദം കേട്ടപ്പോൾ എന്നപോലെ അവൻ ഒന്ന് കുറുകി അവന്റെ നെഞ്ചോട് ചേർന്നു.. അനിയുടെ കണ്ണുകൾ നിറഞ്ഞു… അവൻ കണ്ണന്റെ നെറ്റിയിൽ ചുംബിച്ചു… ശ്യാമയെ മുറിയിലേക്ക് കൊണ്ട് വന്നപ്പോൾ… അനി അവനെ ശ്യാമയുടെ അടുത്ത് കിടത്തി… ശ്യാമേ ഇതാ… നിന്റെ രാജകുമാരൻ…. ശ്യാമ ഒരു കൈകൊണ്ട് അവന് വേണ്ടി പരതി… പിന്നെ എഴുന്നേറ്റ് ഇരുന്നു…

അനി അവനെ അവളുടെ മടിയിലേക്ക് കിടത്തി… അനിരുദ്ധ്.. കണ്ണൻ എന്നെ പോലെ ആണോ…. കറുമ്പൻ ആണോ അനി ചിരിച്ചു.. അല്ല… ശ്യാമേ.. അവൻ വെളുത്തിട്ടാണ്… മേഘയെ പോലെ വെള്ളാരം കല്ലിന്റെ നിറം ആണ്… അനി അവൾക്കരികിൽ കട്ടിലിൽ ഇരുന്നു… അവന്റെ മുടി എങ്ങനെ ആണ്… എന്നെ പോലെ ആണോ… അല്ല… അവന് നിന്നെ പോലെ ചുരുണ്ട മുടി അല്ല.. ചെമ്പൻ നിറമുള്ള നീണ്ട മുടി ആണ്… എന്നെ പോലെ…

ശ്യാമേ അവന്റെ കണ്ണുകളിലെ കൃഷ്ണമണികൾക്ക് കടുകാപ്പി നിറമാണ് നിന്നെ പോലെ… അവന്റെ വിരലുകൾക്ക് നല്ല നീളം ഉണ്ട്.. തൊട്ട് നോക്ക്… അനി അവളുടെ കൈകൾ കുഞ്ഞി വിരലുകൾക്ക് മുകളിൽ വെച്ചു.. ശ്യാമ ആ വിരലുകളിൽ ചുംബിച്ചു.. ഒരുവേള ആ വിരലുകൾ ഓർക്കവേ ശ്യാമയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ആ കുഞ്ഞു കൈകളിലേക്ക് പൊഴിഞ്ഞു…

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 15