Wednesday, December 18, 2024
Novel

ശ്യാമമേഘം : ഭാഗം 13

എഴുത്തുകാരി: പാർവതി പാറു

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…. ശ്യാമക്കും മേഘ്ക്കും അനിക്കും ഇടയിൽ അവർ പോലും അറിയാതെ അദൃശ്യമായ ഒരു കണ്ണി വിളക്കി ചേർക്കപ്പെട്ടു കഴിഞ്ഞിരുന്നു.. ചീരു അമ്മായി ശ്യാമക്ക് അമ്മ തന്നെ ആയിരുന്നു അത്കൊണ്ട് തന്നെ അവൾ അവരെ ചീരുവമ്മേ എന്ന് വിളിച്ചു തുടങ്ങി… ശ്യാമയുടെ ആലിലവയർ ചെറുതായി വീർത്തു തുടങ്ങി… മെലിഞ്ഞൊട്ടിയ അവളുടെ ശരീരം മെല്ലെ തുടുത്തു തുടങ്ങി…

അവളെ സദാസമയം ഓരോന്ന് കഴിപ്പിച്ചു കൊണ്ടും പരിചരിച്ചുകൊണ്ടും ചീരു കൂടെ നിന്നു.. ഒരു ഗർഭിണിയുടെ രൂപമാറ്റങ്ങൾ ശ്യാമയിലൂടെ നോക്കി കാണുകകയായിരുന്നു അനി… ശ്യാമാക്കിപ്പോൾ അഞ്ചു മാസം ആയി… കുന്നിൻ മുകളിൽ ഇപ്പോൾ അതി ശൈത്യം പിൻവാങ്ങി വേനൽ കാലം ആരംഭിച്ചിരിക്കുന്നു.. കഴിഞ്ഞ മൂന്നു മാസം കൊണ്ട് ശ്യാമയും അനിയും നല്ല സുഹൃത്തുക്കൾ ആയി മാറിയിരുന്നു…

അച്ഛന്റെയും അമ്മയുടെയും സ്നേഹമോ ഉപദേശങ്ങളോ സാമിഭ്യമോ ഒന്നും വേണ്ടുവോളം കിട്ടാതെ വളർന്നവൻ ആണ് അനി.. എന്നിട്ടും അവൻ പക്വതയോടെ… അറിവോടെ… വിവേകത്തോടെ എല്ലാം ചെയ്യുന്നത് ശ്യാമക്ക് ഒരു അത്ഭുതം ആയിരുന്നു.. അനിക്കൊപ്പം ശ്യാമ ആ വീട്ടിൽ കഴിയുന്നതിനെ കുറിച്ച് നാട്ടിൽ നടക്കുന്ന സദാചാര വാദികളുടെ സംസാരങ്ങളെ എല്ലാം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ അവൻ ശ്രമിച്ചിരുന്നു…

ഒരിക്കൽ പോലും പരാതികളോ പരിഭവങ്ങളോ അവൻ അവളോട് പറഞ്ഞിരുന്നില്ല… അഞ്ചാം മാസത്തിൽ ശ്യാമയുടെ കൈപിടിച്ച് അനി ഹോസ്പിറ്റലിൽ വരാന്തയിലൂടെ ഡോക്ടറുടെ റൂമിലേക്ക് നടക്കുമ്പോൾ വഴിയിലുള്ള എല്ലാവരും ഒരത്ഭുത ജീവികളെ എന്നപോലെ അവരെ നോക്കുന്നുണ്ടായിരുന്നു.. അതെപ്പോഴും അങ്ങനെ ആണല്ലോ ഒരു വെളുത്തുതുടുത്ത പെൺകുട്ടി നിറം കുറഞ്ഞ ഒരു പുരുഷനെ വിവാഹം ചെയുന്നത് സമൂഹത്തിന്റെ കണ്ണിൽ കുറ്റം അല്ലല്ലോ…

പക്ഷെ കറുത്ത പെണ്ണിന് ഒരു വെളുത്ത പുരുഷൻ എന്നത് ഒരു ലോക അപരാധമാണല്ലോ… അത്തരമൊരു നോട്ടം തങ്ങൾക്കുനേരെ വരുന്നത് അനി അറിയുന്നുണ്ടായിരുന്നു… അവനത് കാണുമ്പോൾ ഉള്ളിൽ പുച്ഛം കലർന്ന ചിരി നിറഞ്ഞു…. ശ്യാമയും ആ നോട്ടങ്ങൾ എല്ലാം അവളുടെ അകക്കണ്ണുകൊണ്ട് അറിയുന്നുണ്ടായിരുന്നു…..

ഏതൊരു പെണ്ണിനേയും പുരുഷനെയും ഭാര്യ ഭർത്താവ് അല്ലെങ്കിൽ കാമുകൻ കാമുകി അതും അല്ലെങ്കിൽ അവളുടെ ജാരൻ അല്ലെങ്കിൽ അവന്റെ സെറ്റപ്പ് അങ്ങനെ ഒക്കെ മാത്രം വ്യാഘ്യനിക്കാൻ മാത്രം ആണല്ലോ എപ്പോഴും സമൂഹത്തിന് ഇഷ്ടം.. ഡോക്ടറുടെ മുറിയിൽ കയറി അനി അവളെ കട്ടിലിലേക്ക് ഇരുത്തി അനി പുറത്തേക്ക് ഇറങ്ങി.. ഡോക്ടറുടെ പരിശോധന കഴിഞ്ഞാണ് അവൻ വീണ്ടും അകത്തേക്ക് കയറിയത് …

ഡോക്ടർ ശ്യാമക്ക് വിശേഷിച്ചു എന്തെങ്കിലും.. പ്രത്യേകിച്ചു ഒന്നും ഇല്ല അനിരുദ്ധ്.. പക്ഷെ ഇനി കുറച്ചു റസ്റ്റ് വേണം… ഐ മീൻ ബെഡ് റസ്റ്റ്… ശ്യാമയുടെ പ്ലസന്റാ അൽപ്പം ലോ ആണ്… പേടിക്കാൻ ഒന്നുല്ല.. ശരി…. ഞാൻ ശ്രദ്ധിച്ചോളാം… അനി എല്ലാം ചോദിച്ചു മനസിലാക്കി ശ്യാമയുടെ കൈപിടിച്ച് പുറത്തേക്ക് ഇറങ്ങി… മുറ്റത്ത് കൂടി ഉള്ള നടത്തം അധികം വേണ്ടെന്ന് ഞാൻ എപ്പോളും പറയാറുള്ളത് അല്ലേ ശ്യാമേ..

കണ്ണുകാണാതെ എവിടെ എങ്കിലും തട്ടി വീഴുമോ എന്നുള്ള പേടി ആയിരുന്നു ഇത്രയും കാലം.. ഇപ്പൊ കണ്ടില്ലേ… ഹോസ്പിറ്റൽ കോറിഡോറിലൂടെ നടക്കുമ്പോൾ അനി അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.. പിന്നേ.. മുറ്റത്ത് നടന്നിട്ടല്ലേ നിക്ക് വയ്യാണ്ടായേ.. ഇതൊക്കെ എല്ലാർക്കും വരണതാ..ആ വീടിന്റെ ഉള്ളിൽ അടച്ചു പൂട്ടി ഇരുന്നാൽ എനിക്ക് ശ്വാസം മുട്ടും… അവൾ കുറുമ്പോടെ പറഞ്ഞപ്പോൾ അനിക്ക് ചിരി വന്നു…

ശ്യാമേ.. അത് പോട്ടേ.. ഞാൻ മറ്റൊരു കാര്യം പറയട്ടെ നമുക്ക് ന്യുറോ സർജനെ കൂടി കണ്ടാലോ…. എന്തിന്… അവൾ ഒട്ടും താല്പര്യം ഇല്ലാത്ത പോലെ ചോദിച്ചു… എന്തിനെന്നോ.. നിന്റെ കാഴ്ചയുടെ സ്റ്റാറ്റസ് അറിയണ്ടേ… അറിഞ്ഞിട്ട് എന്തിനാ.. എന്ന് കാഴ്ച കിട്ടും എന്ന് അറിയാനോ.. എന്നായാലും ഒരു ദിവസം കിട്ടുമല്ലോ… ഈ അന്ധതയും ആയി ഞാൻ പൊരുത്തപെട്ടു കഴിഞ്ഞു… ഇനി ജീവിതാവസാനം വരെ ഇങ്ങനെ തുടരേണ്ടി വന്നാലും എനിക്ക് വേദന ഇല്ല.

കഴിഞ്ഞ ഇരുപത്തി നാലു വർഷം കണ്ട കാഴ്ചകൾ തന്നെ ഉണ്ട് ഉള്ളിൽ ഓർത്തു വെക്കാൻ.. അത് മതി… അപ്പോൾ തനിക്ക് എന്നെയും മേഘയെയും കാണണം എന്നില്ലേ.. അനി അൽപ്പം കുസൃതിയുടെ ചോദിച്ചു.. നിങ്ങൾക്ക് ഞാനെന്റെ ഉള്ളിൽ ഒരു മുഖം തന്നിട്ടുണ്ട്…. ഇനി നേരിൽ കണ്ടാലും ഹൃദയത്തിൽ പതിഞ്ഞ മുഖം തന്നെ ആയിരിക്കും എനിക്ക് പ്രിയപ്പെട്ടത്… അപ്പോൾ തനിക്ക് തന്റെ കുഞ്ഞിനെ കാണണ്ടേ…

അതോർക്കുമ്പോൾ മാത്രം ആണ് എനിക്ക് ഈ ഇരുട്ടിനോട് ദേഷ്യം തോന്നുന്നത്… ഒരിക്കൽ ഒരൊറ്റ തവണ എന്റെ മോന്റെ മുഖം കാണണം എന്നെനിക് മോഹം ഉണ്ട്… അവൻ എന്നെ പോലെ കറുത്തവനാണോ അല്ലയോ എന്ന് ഉറപ്പിക്കുവാൻ മാത്രം… അവൻ ആണെന്ന് ഉറപ്പിച്ചോ… മ്മ്.. എനിക്ക് ഉറപ്പാണ്.. ചീരുവമ്മ പറയുന്ന പോലെ രാസകുമാരൻ… ഈ കറുമ്പി തള്ളയുടെ രാജകുമാരൻ….

അതെന്തേ താൻ ഒരു രാജകുമാരിയെ ആഗ്രഹിക്കുന്നില്ല??.. അവന്റെ ചോദ്യം കേട്ട് ശ്യാമ ചിരിച്ചു… രാജകുമാരിക്കെന്നും അവളുടെ അമ്മയേക്കാൾ ഒരുപടി മുകളിൽ അച്ഛനാവും.. അമ്മ എത്ര സ്നേഹിച്ചാലും എത്ര സംരക്ഷിച്ചാലും എന്തൊക്കെ നൽകിയാലും ആ ഹൃദയം ഒരച്ഛന്റെ സ്നേഹത്തിന് വെമ്പും.. ഒരച്ഛന്റെ സംരക്ഷണത്തിന് കൊതിക്കും… ഒരച്ഛന്റെ വാത്സല്യത്തിന് കേഴും…

ഒരു മകനാണ് എങ്കിൽ ഇതൊക്കെ പ്രദീക്ഷിക്കുന്നത് അമ്മയിൽ നിന്നാവും… ശരിയല്ലേ…. ശ്യാമ പറഞ്ഞപ്പോൾ അനിയും അതിനെ കുറിച്ച് ഓർത്തു… ശരിയാണ് താനും സ്നേഹവും… ലാളനയും… വാത്സല്യവും കൊതിച്ചത് അമ്മയിൽ നിന്ന് മാത്രം ആയിരുന്നില്ലേ…. അപ്പോൾ താൻ പറയുന്നത് തന്റെ മകൻ ഒരിക്കലും അവന്റെ അച്ഛനെ അന്വേഷിക്കുകയോ ആ സ്നേഹത്തിന് വേണ്ടി കൊതിക്കുകയോ ചെയ്യില്ലെന്നാണോ….

ശ്യാമ അതിന് മറുപടി പറഞ്ഞില്ല.. അവളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു… ശ്യാമേ.. ഇതുവരെ ഞാൻ തന്നോട് ഒന്നും ചോദിച്ചിട്ടില്ല… താനായിട്ട് പറയുമ്പോൾ പറയട്ടെ എന്ന് വെച്ചിട്ടാണ്.. പക്ഷെ ഒരു കാര്യം ഞാൻ ചോദിക്കട്ടെ… താൻ.. താൻ ആരെയെങ്കിലും കാത്തിരിക്കുകയാണോ… തന്റെ കുഞ്ഞിന്റെ അച്ഛന് വേണ്ടി ഉള്ള കാത്തിരിപ്പ്… ശ്യാമ ചിരിച്ചു….

ആ ചിരിയിൽ ഒരു നിരാശ കലർന്നിരുന്നു…. ജീവിതം ഒരു തരം കാത്തിരിപ്പ് അല്ലേ അനിരുദ്ധ്… പലരും പലതും കാത്തിരിക്കുന്നു.. ചിലർ ചില സ്വപ്ന സാക്ഷാത്കാരങ്ങൾക്കായി കാത്തിരിക്കുന്നു…. ചിലർ ചില സ്ഥാനമോഹങ്ങൾക്കായി കാത്തിരിക്കുന്നു…ചിലർ ചില സന്ദർഭങ്ങൾക്കായി കാത്തിരിക്കുന്നു… ചിലർ ചില വ്യക്തികൾക്കായി കാത്തിരിക്കുന്നു… മറ്റുചിലർ മരണത്തിനായി കാത്തിരിക്കുന്നു…

മരണം ഏറ്റവും ഒടുവിലെ കാത്തിരിപ്പ്.. ആ അങ്ങനെ വരട്ടേ അപ്പോൾ ആരോ വരാനുണ്ട്… ഏതായാലും ആള് ചില്ലറക്കാരൻ അല്ല ഈ കരിങ്കൽ ഹൃദയം തകർത്ത് അകത്തു കയറിയ ഭീകരൻ അല്ലേ… അനി കുസൃതിയോടെ പറഞ്ഞപ്പോൾ ശ്യാമയും ചിരിച്ചു…. … രാത്രി മേഘയോട് അത് പറയുമ്പോൾ അവൾ വളരെ അത്ഭുതത്തതോടെ താടിക്ക് കൈയും കൊടുത്തു കേട്ടിരുന്നു.. എന്നാലും ആരാവും അത്.. ശ്യാമയുടെ ഹൃദയത്തെ കീഴടക്കിയ ആ ആള്…

ആരായാലും നിനക്കെന്താടി വെള്ളാരം കല്ലേ.. എന്തോ ആരാണെന്നു അറിയാൻ ഒരു ക്യൂരിയോസിറ്റി…. മ്മ്.. അതെനിക്കും ഉണ്ട്.. അവൾ അത് ഉടനെ എന്നോട് പറയും എന്നാണ് എന്റെ വിശ്വാസം… ഓ നിങ്ങൾ ഇപ്പോൾ ഭയങ്കര കമ്പനി ആയല്ലോ… മേഘ മുഖം കോട്ടികൊണ്ടു പറഞ്ഞു.. അയ്യോ.. ദേ പെണ്ണിന് കുശുമ്പ് വരുന്നു.. കുശുമ്പ് വരുന്നു.. . അനി അവളെ കളിയാക്കി.. പോടാ കുശുമ്പ് നിന്റെ മറ്റവൾക്ക്..

നിന്നോട് പറഞ്ഞാൽ എന്നോട് പറഞ്ഞ പോലെ തന്നെ അല്ലേ… പിന്നേ നീ ശ്രദ്ധിക്കണം ട്ടോ.. അവളെ… ഡോക്ടർ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ… അധികം നടക്കാൻ സമ്മതിക്കണ്ട… പാവം.. കണ്ണു കാണാതെ ബെഡിൽ തന്നെ ഇരുന്ന് അവളെന്തു കാട്ടാനാ.. ബോർ അടിക്കില്ലേ… അത് ശരിയാ.. നീ ഒരു കാര്യം ചെയ്യു അവൾക്ക് നിന്റെ എംപിത്രീ പ്ലയെർ കൊടുക്ക്.. പാട്ട് എങ്കിലും കേൾക്കാലോ.. പിന്നെ ഈ സമയത്ത് പാട്ടൊക്കെ കേൾക്കുന്നത് നല്ലതാ… അത് ശരിയാ ഞാൻ കൊടുക്കാം…

മേഘ ഫോൺ വെച്ചതിന് ശേഷം അവന്റെ പഴയ പൊടി പിടിച്ചു കിടന്നിരുന്ന എംപിത്രീ പ്ലയെർ എടുത്തു അനി ശ്യാമയുടെ മുറിയിലേക്ക് നടന്നു.. ശ്യാമ ചുമരിൽ ചാരി ഇരിക്കുകയായിരുന്നു… ശ്യാമേ… ഇറങ്ങി നടക്കാൻ പറ്റാഞ്ഞിട്ട് ദേഷ്യം വരുന്നുണ്ട് അല്ലേ കട്ടിലിൽ അവൾക്കരികിൽ ഇരുന്നു കൊണ്ടു അനി ചോദിച്ചു… മ്മ്.. അവൾ മൂളി. .സാരല്ല്യ.. എല്ലാം നമ്മുടെ രാജകുമാരന് വേണ്ടി അല്ലേ…. അവൻ അവളുടെ വീർത്തു വരുന്ന വയറിലേക്ക് കൗതുകത്തോടെ നോക്കി പറഞ്ഞു…

നേരം പോവാൻ ഇതിവിടെ ഇരിക്കട്ടെ… എന്റെ പഴയ ഒരു എംപിത്രീ പ്ലയെർ ആണ്… ഞാൻ ഇത് ചാർജ് ചെയ്യാൻ വെക്കാം.. എങ്ങനെ ഉപയോഗിക്കണ്ടേ എന്ന് നാളെ പറഞ്ഞു തരാം… താൻ കിടന്നോ.. കിടന്നിട്ട്.. ഉറക്കം വരുന്നില്ല അനിരുദ്ധ്.. ഉച്ചക്ക് വന്നു കിടന്നപ്പോൾ ഉറങ്ങിപ്പോയി.. ഇപ്പോൾ ഉറക്കവും വരുന്നില്ല… എന്നാൽ ഉറക്കം വരാൻ ഞാനൊരു കഥ പറഞ്ഞു തരാം… കഥയോ… ശ്യാമ അത്ഭുതത്തോടെ ചോദിച്ചു എന്തേ താൻ കഥകേട്ട് ഉറങ്ങാറില്ലേ.. മേഘ ഇപ്പോഴും ഇടക്കെന്റെ കഥകേട്ടാണ് ഉറങ്ങറുള്ളത്…

അനിക്ക് കഥയൊക്കെ അറിയുമോ.. അതെന്താ ശ്യാമ അങ്ങനെ ചോദിച്ചേ.. ഒന്നും ഇല്ല.. തനിക്കു കഥപറഞ്ഞു തരാൻ അമ്മയും അച്ഛനും ഇല്ലായിരുന്നല്ലോ.. അതുകൊണ്ട് ചോദിച്ചതാ… അച്ഛൻ എനിക്ക് കഥ പറഞ്ഞു തന്നിട്ടേ ഇല്ല.. മൂന്നു വയസ് വരെ അമ്മ എനിക്കൊത്തിരി കഥകൾ പറഞ്ഞു തന്നിരുന്നു.. അതിൽ പകുതിയും എനിക്ക് ഓർമ്മ ഇല്ല.. എന്റെ ഓർമ്മയിലെ കഥകൾ എല്ലാം എനിക്ക് പറഞ്ഞു തന്നത് എന്റെ അച്ചാച്ചനും അച്ചമ്മയും ആണ്… ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ചാച്ചനും പ്ലസ്ടുവിൽ പഠിക്കുമ്പോൾ അച്ചമ്മയും മരിച്ചു..

അതുവരെ മാത്രമേ ഞാൻ കഥകൾ കേട്ടിട്ടുള്ളൂ… അതിലൊരു കഥപറയാം എന്തേ… ശരി.. ശ്യാമ ചിരിച്ചു കൊണ്ടു കട്ടിലിൽ കിടന്നു… അനി കട്ടിലിന്റെ അരികിൽ നിലത്ത് ചുമരിൽ ചാരി ഇരുന്നു… അനിയുടെ കണ്ണുകൾ ചെരിഞ്ഞു കിടക്കുമ്പോൾ ഉന്തിനിൽക്കുന്ന അവളുടെ കുഞ്ഞു വയറിൽ ആയിരുന്നു അതിനുള്ളിൽ ചുരുണ്ടുറങ്ങുന്ന നീലക്കണ്ണുകൾ ഉള്ള വെള്ളറകല്ലിന്റെ നിറം ഉള്ള ഒരു രാജകുമാരനെ അവൻ മനസ്സിൽ കണ്ടു..

ആ രാജകുമാരന് മേഘയുടെ മുഖച്ഛായ ആയിരുന്നു… പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവിന് നാല് പെണ്മക്കൾ ഉണ്ടായിരുന്നു… സുന്ദരി ആയ നാലു രാജകുമാരിമാർ… അവൻ കാല് നീട്ടി ഇരുന്നു കഥപറഞ്ഞു തുടങ്ങി.. ഓ.. ഈ കഥയാണോ.. ഈ കഥ എനിക്കറിയാം… ഞാനും കുറേ കേട്ടതാ.. അവൾ കുറുമ്പോടെ പറഞ്ഞു… എന്നാ വേണ്ട.. അവൻ എഴുന്നേറ്റു മുട്ടുകുത്തി അവൽക്കരികിലേക്ക് വന്നു അവളുടെ വയറിനരികിൽ മുഖം ചേർത്ത് വെച്ചു.. ന്റെ രാജകുമാരാ.. നിന്റെ അമ്മയുടെ ഒരു കാര്യം.. ചിലപ്പോൾ തോന്നും..

നിന്റെ അമ്മയെ പോലെ ഒരു പാവം വേറെ ആരും ഇല്ലെന്ന് ചിലപ്പോൾ തോന്നും ഇത്രയും കുറുമ്പിയും.. നീ ഇനി ആരെ പോലെയാ.. അമ്മയെ പോലെയോ.. അതോ അച്ഛനെ പോലെയോ ആരെ പോലെ ആയാലും വേണ്ടില്ല.. ഞങ്ങടെ കുട്ടി മിടുക്കൻ ആയാൽ മതി…. അവളുടെ വയറിൽ മെല്ലെ കൈകൾ വെച്ചവൻ ചോദിക്കുമ്പോൾ ശ്യാമയുടെ ചുണ്ടിൽ ഒരു നേർത്ത ചിരി വിരിഞ്ഞു…

ഇത്തിരി പൂവിൻ പുഞ്ചിരിയോ പോലാതിടമ്പറ്റിയ പൗർണ്ണമിയോ കണ്ണി കാതിരിന് കാൽമണിയോ എന്റെ കണ്ണിൽ വിടരും പൂക്കണിയോ കണ്ണിൽ വിടരും പൂക്കണിയോ അന്നലൂഞ്ഞാൽ പൊൻ പടിയിൽ ആട് ആട് ആടാട്.. . ആലിലയിൽ പള്ളിക്കൊള്ളും ആരോമലുണ്ണി ആടാട് ആട് ആട് ആടാട്.. അവൻ അവളുടെ വയറ്റിൽ താളം പിടിച്ചു മെല്ലെ മൂളി ആ താരാട്ടിൽ ആ അമ്മയും കുഞ്ഞും എല്ലാം മറന്നു ഉറങ്ങി….

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 12