Tuesday, December 17, 2024
Novel

ശ്യാമമേഘം : ഭാഗം 12

എഴുത്തുകാരി: പാർവതി പാറു

വറുത്തരച്ച കോഴിക്കറിയുടെ മണം ആണ് ശ്യാമയെ പിറ്റേന്ന് അടുക്കളയിലേക്ക് വരവേറ്റത്.. മോള് ഉണന്ന് കുളി ഒക്കെ കഴിഞ്ഞോ… വാ ചായ കുടിക്കാം… ഒട്ടും പരിചിതം അല്ലാത്ത ആ ശബ്ദം കേട്ട് അവൾ വാതിൽക്കൽ തന്നെ നിന്നു… വാ ശ്യാമേ.. ഇത് നമ്മുടെ ചീരു അമ്മായി ആണ്.. മേഘ ഇന്നലെ പറഞ്ഞില്ലേ… അനി അടുക്കളയിലെ സ്ലാബിൽ കയറി ഇരുന്നു ചായ കുടിക്കുന്നതിനിടയിൽ പറഞ്ഞു… അപ്പോഴേക്കും ചീരു ശ്യാമയുടെ കൈകളിൽ പിടിച്ചിരുന്നു… ശ്യാമയും അവരുടെ ചുക്കിച്ചുളിഞ്ഞ കൈകളിൽ തൊട്ടു..

ഒരു പത്ത് അറുപതു വയസെങ്കിലും ഉള്ള ഒരു സ്ത്രീ ആണ് തനിക്ക് മുന്നിൽ എന്ന് അവൾ അകക്കണ്ണുകൊണ്ട് കണ്ടു… അവരുടെ മുറുക്കി ചുവന്ന പല്ലുകൾ അവളെ നോക്കി ചിരിക്കുന്നത് പോലെ അവൾക്ക് തോന്നി. അവളും ഒന്ന് ചിരിച്ചു… ആ സ്ത്രീ അവളുടെ കവിളുകളിൽ തലോടി പിന്നീട് വയറിലും.. രാസകുമാര… ചായവേണോ… അവളുടെ വയറിൽ മുഖം അടുപ്പിച്ചു അവർ പറഞ്ഞു… അനിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ഒരു നിമിഷം അവനും ആ വയറിൽ മുഖം ചേർക്കാൻ കൊതി തോന്നി…

ചീരുഅമ്മായി തന്റെ പഴകിയ സാരി തലപ്പിൽ കെട്ടിയിരുന്ന പൊതി അഴിച്ചു.. അതിലെ ഇലച്ചീന്തിൽ ഒളുപ്പിച്ച കുങ്കുമം ശ്യാമയുടെ നെറ്റിയിൽ തൊടുവിച്ചു… കരിങ്കാളി മുത്തിയുടെ പ്രാസാദം ആണ്.. വിളിച്ചാൽ വിളിപ്പുറത്ത് ആണ് കാളി.. കുട്ടീന്റെ എല്ലാ സങ്കടവും കാളിയമ്മ തീർക്കും… കണ്ണ് കാണാൻ ആയാൽ ചീരു അമ്മായി കൊണ്ടാവാട്ടോ രണ്ടാളേം… ശ്യാമയുടെ കവിളിലും പിന്നെ വയറിലും കൈവെച്ചു അവർ പറഞ്ഞു.. അറിയാതെ ശ്യാമയുടെ കണ്ണ് നിറഞ്ഞത് അനി ശ്രദ്ധിച്ചു..

അനി ശ്യാമയെയും കൂട്ടി ഉമ്മറത്തു വന്നിരുന്നു… ഈ മലയുടെ കുറച്ചു അപ്പുറം കുറേ ആദിവാസികൾ താമസിക്കുന്നുണ്ട്.. ഇവിടുത്തെ തേയിലത്തോട്ടങ്ങളിൽ പണി എടുക്കുന്നവരാണ് അധികവും.. ചീരു അമ്മായിയുടെ ഭർത്തവും അവിടെ ആണ് ജോലി ചെയ്യുന്നത്… ചീരു അമ്മായിടെ മക്കൾ… ചായ ചുണ്ടോട് അടുപ്പിച്ചു ശ്യാമ ചോദിച്ചു.. ഒരു മോള് ഉണ്ടായിരുന്നു.. വിവാഹം കഴിഞ്ഞു ആദ്യത്തെ പ്രസവത്തിൽ മരിച്ചു പോയി… ശ്യാമയുടെ ഹൃദയം ഒരു നിമിഷം തേങ്ങി.. കുഞ്ഞോ.. കുഞ്ഞും മരിച്ചു.. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ പറ്റാഞ്ഞിട്ട് സംഭവിച്ചതാ…

മേഘയുടെ അമ്മയുടെ പ്രായം ആയിരുന്നു ചീരു അമ്മായീടെ മോൾക്കും.. അത്കൊണ്ട് തന്നെ മേഘയുടെ അമ്മയും മേഘയും അവർക്ക് സ്വന്തം തന്നെ ആണ്.. ചില സമയങ്ങളിൽ ദൈവത്തിനും അന്ധത ബാധിക്കും.. മനഃപൂർവം പല വിഷമങ്ങളും കാണണ്ടെന്ന് വെക്കും… ശ്യാമ എങ്ങോട്ടോ ദൃഷ്ടി ഉറപ്പിച്ചു പറഞ്ഞു… .. അയ്യോ മതി.. മതി.. എന്റെ വയറ് നിറഞ്ഞു… . അത് പറഞ്ഞാൽ പറ്റില്ല.. കൊഴക്കട്ടയും കോഴിക്കറിയും വേണം എന്ന് പറഞ്ഞിട്ട് ഇത് മുഴുവൻ കഴിക്കണം ശ്യാമയെ ചീരു അമ്മായി നിർബന്ധിച്ചു കഴിപ്പിക്കുന്നത് മേഘയെ വീഡിയോ കാളിൽ കാണിച്ചു കൊടുക്കുകയാണ് അനി..

ശ്യാമയുടെ നിസ്സഹായ അവസ്ഥ കണ്ട് അനിയും മേഘയും ചിരി അടക്കി പിടിച്ചു നിൽക്കുകയാണ്.. മതി ചീരു അമ്മായി.. ഇനി കഴിച്ചാൽ എന്റെ വയറ് പൊട്ടും.. എന്നാ മതി.. ഇനി കുറച്ചു കഴിഞ്ഞിട്ട് കഴിക്കാം… ഒടുവിൽ അമ്മായി തോൽവി സമ്മതിച്ചു പിൻവാങ്ങി… ശ്യാമേ താൻ പെട്ടു… മേഘ ചിരിച്ചു കൊണ്ട് പറഞ്ഞു… ശ്യാമയും ആ ചിരിയിൽ പങ്കു കൊണ്ടു… താൻ വല്ലാതെ ചിരിക്കേണ്ട.. ഒരു വർഷം കഴിഞ്ഞാൽ ഇതെല്ലാം അനുഭവിക്കാൻ ഉള്ളതാ… ശ്യാമ അവളെ കളിയാക്കി.. എന്ത്.. മേഘ ഒരു കള്ള ചിരിയോടെ ചോദിച്ചു.. ഓ.. ഒന്നും അറിയാത്ത പോലെ.. അറിയില്ലെങ്കിൽ.. നിന്റെ പൊട്ടക്കണ്ണനോട് തന്നെ ചോദിച്ചോ…

ശ്യാമ അതും പറഞ്ഞു കൈകഴുകാൻ എഴുന്നേറ്റ് പോയി… അനി ശ്യാമക്ക് നല്ല മാറ്റം ഉണ്ടല്ലോ… സംസാരത്തിൽ…. മ്മ്… അവൾ ഉഷാറായി തുടങ്ങാണെന്ന് തോന്നുന്നു… ആ അപ്പോൾ ഇന്നലത്തെ എന്റെ സ്റ്റോറി ഏറ്റൂ… ഓ.. ഇനി അവൾ ഉഷാറാവും ചീരു അമ്മായി ഉണ്ടല്ലോ.. ചെവിക്ക് റസ്റ്റ്‌ ഉണ്ടാവില്ല… അനി ചിരിയോടെ പറഞ്ഞു… അല്ല.. ഇന്ന് തൊട്ട് നീ ജോലിക്ക് പോവല്ലേ… മ്മ്.. പോണം… അപ്പോൾ.. പോയി.. റെഡി ആയിക്കോ.. ഞാനും പോവാൻ നോക്കട്ടെ.. പിന്നെ ശ്യാമ പറഞ്ഞ കാര്യം മറക്കണ്ട… എന്ത് കാര്യം…. അടുത്ത വർഷം എന്നെ തീറ്റിക്കുന്ന കാര്യം.. അവൾ കള്ള ചിരിയോടെ പറഞ്ഞു.. പോയി പഠിച്ചു പാസാവടി ആദ്യം . അവൻ കപട ദേഷ്യത്തോടെ പറഞ്ഞു ഫോൺ വെച്ചു… …..

മേഘ കുഞ്ഞിന് തല തൊടുന്നതേ ഇഷ്ടം അല്ല…..എപ്പോളും ഈ കണ്ണിൽ കണ്ടതൊക്കെ തേച് മുടി പാറി പറപ്പിച്ചേ നടക്കൂ… അതോ ഒന്ന് നീണ്ടു വന്നാൽ അപ്പൊ വെട്ടും.. ഈ പെങ്കുട്യോൾക്ക് മുടി ഒരു ഭംഗ്യാ… ഉമ്മറത്തെ വരാന്തയിൽ ഇരുന്നു ശ്യാമയുടെ ഇടതൂർന്ന മുടി കേട്ട് വിടുവിക്കുമ്പോൾ ചീരു അമ്മായി അവളോട്‌ പറഞ്ഞു.. മുടി ഇല്ലെങ്കിൽ എന്താ അമ്മായി മേഘ സുന്ദരി അല്ലേ… അത് നേരാ.. ഇപ്പോൾ കടഞ്ഞെടുത്ത വെണ്ണേടെ നെറാ…ഈ നാട്ടിലില്ല്യ അത്രേം നെറള്ള പെൺകുട്ട്യോൾ… വെള്ളാരം കല്ല് ന്നാ അനികുട്ടൻ കളിയാക്കി വിളിക്കാ…

അത് കേട്ടപ്പോൾ ശ്യാമയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… മേഘ കുഞ്ഞിനെ വയറ്റിൽ ഉണ്ടായി ഇരിക്കുമ്പോ എന്നും രാത്രി പാലിൽ ഒരു നുള്ള് കുങ്കുമപ്പൂവ് ഇട്ടാ രാധക്കുട്ടി കുടിച്ചിരുന്നേ അതാ ഇത്രേം നിറം.. ഞാൻ അനികുട്ടനോട് പറയാം വാങ്ങി കൊണ്ടരാൻ… ശ്യാമമോൾക്ക് കുടിക്കാൻ.. എന്തിനാ ചീരു അമ്മായി.. മേഘയുടെ അമ്മയും വെളുത്തിട്ടല്ലേ… അത് കൊണ്ട് മേഘയും വെളുത്തു ജനിച്ചതിൽ എന്ത് അത്ഭുതം… ഞാൻ കറുത്തിട്ടല്ലേ എന്റെ കുഞ്ഞും കറുത്തിട്ടാവും… ഇനിപ്പോ കറുത്താലും വെളുത്താലും നിക്ക് എന്താ.. ന്റെ കുട്ടി അല്ലേ….

നമ്മടെ കല്യാണം കഴിഞ്ഞു കുട്ടി ഉണ്ടായി അത് കറുത്തതാണേൽ എന്ത് ചെയ്യും… അവന്റെ പുറത്ത് ചാരി ഇരുന്ന് അവൾ ചോദിച്ചു… അതിന് നമ്മൾ കല്യാണം കഴിച്ചാൽ അല്ലേ… പിന്നേ….. അവൾ തിരിഞ്ഞു അവന്റെ മുന്നിൽ വന്നു മുട്ടുകുത്തി ഇരുന്നു.. അവളുടെ ഇരുവശവും മിടഞ്ഞിട്ട മുടി പിടിച്ചു അവളുടെ മുഖം അവൻ അവന്റെ മുഖത്തോട് അടുപ്പിച്ചു.. നമുക്ക് കല്യാണം കഴിക്കണ്ട.. നമുക്കിങ്ങനെ പ്രേമിക്കാം.. കൊതി തീരുവോളം… കൊതി തീർന്നാൽ…. കൊതി തീർന്നാൽ….. കൊതി തീർന്നാൽ ഞാൻ പോവും… എങ്ങോട്ട്…. എങ്ങോട്ടെങ്കിലും… അപ്പോൾ.. എന്നെ കൊണ്ട് പോവില്ലേ…

അവൻ മറുപടി പറയാതെ അവളുടെ മുഖത്തേക്ക് നോക്കി.. ഇല്ലല്ലേ… ഞാൻ കറുമ്പി ആയത് കൊണ്ടാവൂലെ…. നിക്ക് അറിയാം.. അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു കഴുത്തിൽ അമർത്തി കടിച്ചു… ……. മോളെന്താ…. ആലോചിക്കുന്നേ… ചീരു അമ്മായി ചോദിച്ചപ്പോൾ അവൾ ഓർമ്മകളിൽ നിന്ന് ഉണർന്നു… ഹേയ്.. ഒന്നുല്ല… ഞാൻ വെറുതെ…. എന്റെ അച്ഛൻ പണ്ട് പറയും കറുത്തു എന്ന് വെച്ച് ന്റെ കുട്ടീനെ കിണറ്റിൽ എറിയാൻ പറ്റില്ലല്ലോ ചോര ചുവപ്പ് തന്നെ അല്ലേ എന്ന്…. അതിന്റെ ഒരംശം എന്റെയും അല്ലേ എന്ന് .. കാഴ്ചയിൽ ഉള്ള വിശ്വാസം ഒക്കെ എനിക്കെന്നോ നഷ്ടപ്പെട്ടതാ…

ഇപ്പോൾ ഉൾക്കാഴ്ചയിൽ ആണ് എനിക്ക് വിശ്വാസം.. അതാണ് ഈ ലോകത്ത് ഞാൻ മാറ്റാരേക്കാളും ഒരിക്കലും കാണാത്ത അനിയേയും മേഘയെയും വിശ്വസിക്കുന്നത്… അത് പറയുമ്പോൾ ശ്യാമയുടെ കണ്ണ് നിറഞ്ഞിരുന്നു… മോളേ… ഞാൻ ഒരു സത്യം പറയട്ടെ കറുത്തിട്ടാണേലും… മോളേ കാണാൻ ഏതൊരു ഭംഗി ആണെന്നോ…. കരിങ്കാളിയെ പോലെ ഐശ്വര്യം ഉള്ള മുഖം..ഈ കറുപ്പിന് എന്തെന്നില്ലാത്ത ഒരു ഭംഗി ഉണ്ട് മോളേ… അവർ അവളുടെ നെറ്റിയിൽ ചുംബിച്ചു എഴുന്നേറ്റു പോയി… “നിന്റെ ഈ കറുപ്പ് കാണുമ്പോൾ എനിക്ക് വല്ലാത്ത കൊതി ആണ് പെണ്ണേ… ” അവളുടെ കൈകൾ മെല്ലെ അവളുടെ കഴുത്തിലേക്ക് നീങ്ങി അപ്പോഴും അവളുടെ ചെവിയിൽ ആരോ അങ്ങനെ പറയുന്നുണ്ടായിരുന്നു..

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 11