Wednesday, January 22, 2025
Novel

ശ്യാമമേഘം : ഭാഗം 11

എഴുത്തുകാരി: പാർവതി പാറു

ആ ദിവസം മുഴുവൻ അനിക്കും ശ്യാമക്കും ഇടയിലും പിന്നീട് മൗനം ആയിരുന്നു.. സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു… ആ കുന്നിൻ മുകളിൽ ഇരുട്ടും തണുപ്പും വ്യാപിച്ചു തുടങ്ങി… ശ്യാമ ഉമ്മറത്തെ വരാന്തയിൽ തൂണിൽ ചാരി ഇരുന്നു… അവളുടെ മനസ് മറ്റേതോ ലോകത്ത് ആയിരുന്നു… അനി മുറിയിൽ കതകടച്ചു കിടക്കുകയായിരുന്നു..

അവൻ അമ്മയുടെ ഓർമ്മകളിൽ ആയിരുന്നു… മേഘയുടെ ഫോൺ വന്നപ്പോഴാണ് അവൻ ഒന്ന് എണ്ണീറ്റിരുന്നത്…. എന്ത് പറ്റി അനി… മുഖം ഒക്കെ വല്ലാതെ.. അവനെ സ്‌ക്രീനിൽ കണ്ടതും മേഘ ചോദിച്ചു.. ഒന്നുല്ല… അവൻ തലകുനിച്ചു.. അമ്മയെ ഓർത്തോ… അവൾ ചോദിച്ചു.. അനി മുഖം ഉയർത്തി മേഘയെ നോക്കി. മേഘ അങ്ങനെ ആണ്… അവൾക്ക് എളുപ്പത്തിൽ അവന്റെ മനസ് മറ്റാരേക്കാളും വേഗത്തിൽ വായിക്കാനാകും…

ശ്യാമയോട് പറഞ്ഞു അല്ലേ അമ്മയെ പറ്റി … എന്തിനാ അനി… അവളെ കൂടി വേദനിപ്പിക്കാൻ… അവൾക്കും എല്ലാം കേട്ട് വിഷമം തോന്നി കാണും… ഇപ്പോൾ സന്തോഷം ആയി ഇരിക്കേണ്ട സമയം അല്ലേ അവൾക്ക് .. മേഘ പറഞ്ഞപ്പോൾ ആണ് അനിയും അത് ഓർത്തത്…. ഇത്രയും നേരമായും താൻ അവളെ കുറിച്ച് ഓർത്തത് പോലും ഇല്ലല്ലോ എന്ന് ഓർത്തപ്പോൾ അവന് വേദന തോന്നി… അവൻ ഫോണും എടുത്ത് മുറിയിൽ നിന്നിറങ്ങി…

വരാന്തയിൽ ഇരിക്കുന്ന ശ്യാമയുടെ അരികിൽ ചെന്നിരുന്നു… അവന്റെ കൈയിൽ ഉള്ള ഫോൺ നീട്ടി ശ്യാമയെ മേഘക്ക് കാണിച്ചു കൊടുത്തു… ശ്യാമേ.. എന്താ ഒറ്റക്ക് ഇരുന്ന് ആലോചിക്കുന്നേ… മേഘ സ്‌ക്രീനിൽ അവളെ കണ്ടതും ചോദിച്ചു.. ഒന്നുല്ല്യ.. ഞാൻ വെറുതെ…. ശ്യാമ അകക്കണ്ണുകൾ കൊണ്ട് മേഘയെ നോക്കി പറഞ്ഞു.. ഈ അനി ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചു അല്ലേ… .. അവൻ അങ്ങനെയാ.. സാരല്യ പോട്ടേ..

അവളുടെ സംസാരം കേട്ട് ശ്യാമ ചിരിച്ചു.. ശ്യാമേ തനിക്കിനി ചിരിക്കാൻ ഞാൻ ഒരു കഥ പറഞ്ഞു തരാം.. കഥ ഒന്നും അല്ല നടന്ന സംഭവം ആണ്.. പറയട്ടെ അനി… അവൾ അനിയെ നോക്കി എന്ത് സംഭവം ? അവൻ ചോദിച്ചു നമ്മുടെ ലവ് സ്റ്റോറി.. നമ്മുടെ പ്രൊപോസൽ സീൻ… അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.. വേണ്ടാ…. അവൻ പല്ല് കടിച്ചു പറഞ്ഞു.. ഞാൻ പറയും.. അവൾ കുറുമ്പോടെ പറഞ്ഞു…

മേഘേ നിന്നോടാ പറഞ്ഞേ വേണ്ട… അനി അൽപ്പം കനപ്പിച്ചു പറഞ്ഞു.. ഞാൻ പറയും.. നിനക്ക് കേൾക്കണ്ടെങ്കിൽ നീ പൊക്കോ.. കേട്ടോ ശ്യാമേ ഇത് അറിയുന്ന നാലുപേരെ ഉള്ളൂ ഒന്ന് ഞാൻ ഒന്ന് ഇവൻ എന്റെ അച്ഛൻ അമ്മ ഇനി താനും… മേഘേ… അനി അൽപ്പം അലിവോടെ വിളിച്ചു.. പ്ലീസ് അനി ഫ്ലോ കളയല്ലേ.. ഞാൻ ഒന്ന് പറയട്ടെ.. ശ്യാമ അവരുടെ രണ്ടുപേരുടെയും സംസാരം കേട്ട് ചിരിയോടെ ഇരുന്നു….

അപ്പോൾ ശ്യാമേ.. കഥ നടക്കുന്നത് ഞാൻ ഒൻപതാം ക്ലാസ്സ്‌ കഴിഞ്ഞു നിൽക്കുന്ന സമയത്ത് ആണ് അനി അന്ന് പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു.. അതായത് ഈ പൊടിമീശ മുളക്കണ കാലം.. ഇടനെഞ്ചിൽ ബാന്റടി മേളം… എന്നൊക്കെ കേട്ടിട്ടില്ലേ…. അവൾ മൂളികൊണ്ട് പറഞ്ഞു.. അപ്പോൾ ആ സമയം… ആ സമയത്ത് ആണ് ഇവനും ഇവന്റെ തന്തപ്പിടിയും…… മേഘേ… അനി ഒന്ന് ഇരുത്തി വിളിച്ചു…

സോറി…അനിയും അവന്റെ പിതാശ്രീയും നാട്ടിലെ തറവാടും പറമ്പും ഒക്കെ വിറ്റ് ഈ മലമൂട്ടിൽ ഈ വീടും വാങ്ങി ഇങ്ങോട്ട് വരുന്നത്. അനിക്ക് അൽപ്പം പാട്ടിന്റെ അസ്കിത ഉണ്ട് അന്ന്.. അവൻ വയലിൻ പഠിക്കുന്നുണ്ടായിരുന്നു… വെക്കേഷൻ ആയിരുന്നത് കൊണ്ട് എന്നും വൈകുന്നേരം നാലുമണിക്ക് അവൻ അവന്റെ ഹീറോ സൈക്കിളിൽ വയലിൻ ക്ലാസിൽ പോകും…

ഞാനും അവിടെ ഗിറ്റാർ പഠിക്കുന്നുണ്ട് ഞാനെന്റെ ലേഡി ബേർഡ് സൈക്കിളിൽ ഗിറ്റാർ ഒക്കെ പുറകിൽ തൂക്കി നല്ല സ്റ്റൈൽ ആയി അങ്ങനെ ഈ കുന്നിന്റെ മുകളിൽ കൂടെ പോകുമ്പോൾ ആണ് ഈ പൊടി മീശ ചെക്കനെ ആദ്യമായി കാണുന്നത്… പിന്നെ പിന്നെ എന്നും കാണും…. പക്ഷെ ഇവൻ ഉണ്ടല്ലോ… ജാഡ എന്നൊക്കെ പറഞ്ഞാൽ ഉണ്ടല്ലോ എന്റെ ശ്യാമേ… ഒടുക്കത്തെ ജാട.. ഒന്ന് നോക്കുക പോലും ഇല്ല ഈ ചെറുക്കൻ..

ഒന്നുല്ലേലും ഞാനൊരു കൊച്ചു സുന്ദരി അല്ലേ… അങ്ങനെ ഒന്ന് രണ്ട് ആഴ്ച പോയി.. ഒരു നോട്ടം പോലും ഈ പൊട്ടക്കണ്ണന്റെ കണ്ണിൽ നിന്നും അബദ്ധത്തിൽ പോലുംഎന്റെ നേർക്ക് വീണില്ല.. അനി അവളുടെ സംസാരം കേട്ട് ചുണ്ട് കടിച്ചു പിടിച്ചു…. മേഘ ഇടക്ക് അവനെ നോക്കി പേടിപ്പിക്കുന്നുണ്ട്…. ഒടുവിൽ ഞാൻ തോൽവി സമ്മതിച്ചു അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു.. പേര്.. വീട്.. വയസ്… കഴിഞ്ഞു.. പരിചയപ്പെടൽ….

ഒരു മാതിരി അശ്വമേധം പോലെ അതേ… അല്ല…. അതിൽ കൂടുതൽ ഒന്നും ഈ മൊതലിന്റെ വായിൽ നിന്ന് വരില്ല…. എന്തോ കലപില സംസാരിക്കുന്ന എനിക്ക് ആ മുക്കിയും മൂളിയും ഉള്ള സംസാരം വല്ലാതെ അങ്ങോട്ട്‌ ബോധിച്ചു… പിറ്റേ ദിവസം ഞാൻ മുഖത്തു നോക്കി അങ്ങ് പറഞ്ഞു എനിക്ക് ഇഷ്ടാണ് ഈ പൊട്ടക്കണ്ണനെ എന്ന്… അതിന് ഈ ദുഷ്ടൻ പിന്നെ എന്താ ചെയ്തത് എന്ന് അറിയോ ശ്യാമേ…

എനിക്ക് മറുപടി തരാതെ ഒറ്റപ്പോക്ക്…. പിന്നെ ഒരാഴ്ച എന്നെ പേടിച് മ്യൂസിക് ക്ലാസ്സിൽ പോലും വന്നില്ലെന്നേ.. ഹഹഹ… ശ്യാമ പൊട്ടി ചിരിച്ചു… മേഘയും… അനി ചിരി അടക്കി മുഖം താഴ്ത്തി…. നീ പറ ശ്യാമേ എന്താ പറയണ്ടേ ഇവനെ… പേടിത്തൊണ്ടൻ എന്നല്ലാതെ… എന്നിട്ട്.. പിന്നെ എന്താ ഉണ്ടായേ… ശ്യാമ ചിരി അടക്കി ചോദിച്ചു.. പിന്നെ എന്താവാൻ ഒരാഴ്ച കഴിഞ്ഞു അവൻ വന്നു.. എന്നെ കാണാതെ മുങ്ങി നടക്കാൻ ഒക്കെ നോക്കി..

ഞാൻ വിട്ടാലല്ലേ… പിടിച്ചു നിർത്തി ചോദിച്ചു… എനിക്ക് മറുപടി എപ്പോൾ തരും എന്ന്.. അപ്പോൾ അവൻ പറയാ.. ഇനി ശല്യം ചെയ്‌താൽ അച്ഛനോട് പറയും എന്ന്.. മേഘേ.. എപ്പോ… ഞാൻ എപ്പോളാടി അങ്ങനെ പറഞ്ഞേ… അനി ഒച്ചയിട്ടു.. പറഞ്ഞു.. പറഞ്ഞു.. നീ മറന്നു പോയതാ ശ്യാമക്ക് അവർ അടികൂടുന്നത് കണ്ട് ചിരിവന്നു… അനി നീ മിണ്ടാതിരിക്ക് ഞാൻ പറഞ്ഞു തീർക്കട്ടെ… പിന്നെ ശ്യാമേ…

ഒരു തരത്തിലും ഇവൻ അടുക്കുന്നില്ല… ഞാനും വിട്ടുകൊടുത്തില്ല… മറുപടി കിട്ടും വരെ ഞാൻ പുറകെ നടന്നു നമ്മുടെ ലാലേട്ടൻ താളവട്ടത്തിൽ ലിസിച്ചേച്ചിയുടെ പുറകെ നടക്കുന്നില്ലേ.. ഏകദേശം ആ ലൈൻ…. ലാസ്റ്റ് എന്റെ ശല്യം സഹിക്കാൻ വയ്യാതെ ഇവൻ എന്റെ വീട്ടിൽ വന്നു എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു…. എന്ത്.. ശ്യാമ അത്ഭുതത്തോടെ ചോദിച്ചു.. കൂടുതൽ ഒന്നും പ്രദീക്ഷിക്കല്ലേ ശ്യാമേ…

ഇത് അനി ആണ്…. നിങ്ങളുടെ മകൾ എന്റെ പുറകെ നടന്നു എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു ശല്യം ചെയുന്നു എന്ന് ആണ് പറഞ്ഞേ … മേഘ ചിരിച്ചു കൊണ്ട് പറഞ്ഞു… അപ്പോളോ.. അപ്പോൾ എന്റെ അച്ഛൻ പറഞ്ഞു തനിക്കു ഇഷ്ടമല്ലെങ്കിൽ ഇഷ്ടം അല്ല എന്ന് പറഞ്ഞൂടെ എന്നാൽ അവൾ ശല്യം ചെയില്ലല്ലോ എന്ന്… അതോടെ അവൻ ബ.. ബ… അടിക്കാൻ തുടങ്ങി…. അതിന് അർഥം എന്താ… എന്താ… ശ്യാമയും ചോദിച്ചു..

ഈ പൊട്ടക്കണ്ണന് എന്നെ ഇഷ്ടം ആണെന്ന് തന്നെ…. ലാസ്റ്റ് എന്റെ അച്ഛൻ പറഞ്ഞു… ഇനി എന്തൊക്കെ വന്നാലും എന്റെ മോളേ നീ തന്നെ കെട്ടിയാൽ മതി.. മര്യാദക്ക് എന്റെ മോളേ പ്രേമിച്ചോ എന്ന്.. അങ്ങനെ അന്ന് മുതൽ ഞാൻ ഇവന്റെ തലയിൽ ആയി.. ശ്യാമ മേഘയുടെ സംസാരം കേട്ട് പൊട്ടി പൊട്ടി ചിരിച്ചു ചിരിച്ചു. പല ലവ് സ്റ്റോറിയും കേട്ടിട്ടുണ്ട്….ഇത്രയും കോമഡി കാമുകൻ ഉള്ള ഒരു സ്റ്റോറി ആദ്യം ആയിട്ടാ ശ്യാമ ചിരി അടക്കി പറഞ്ഞു….

അയ്യോ കോമഡി കാമുകൻ അല്ല.. പേടിത്തൊണ്ടൻ കാമുകൻ… മേഘ തിരുത്തി… അനി മേഘയെ നോക്കി പേടിപ്പിച്ചു.. മേഘ അവനെ കണ്ണിറുക്കി കാണിച്ചു. ശ്യാമ മനസ് നിറഞ്ഞു ചിരിക്കുന്നത് കണ്ടപ്പോൾ അനിക്ക് ഉള്ളിൽ സന്തോഷം തോന്നി… മേഘ പിന്നെയും ശ്യാമയോട് എന്തൊക്കെയോ പറയുന്നുണ്ട് അവരുടെ സംസാരം കേട്ട് തൂണിൽ ചാരി അനി ഇരുന്നു…അന്ന് രാത്രി അവരുടെ സൗകാര്യ നിമിഷങ്ങളിൽ അനി അവളോട് പറഞ്ഞു താങ്ക്യൂ മേഘേ…

എന്തിന്… മേഘ ചിരിയോടെ ചോദിച്ചു.. ശ്യാമയെ സന്തോഷിപ്പിച്ചതിന്.. അവളെ ചിരിപ്പിച്ചതിന്…. ഓ.. പിന്നല്ലാതെ നീ ഓരോന്ന് പറഞ്ഞു അവളെ കരയിപ്പിക്കാൻ നിന്നിട്ടല്ലേ.. അനി… നിന്റെ വിഷമങ്ങൾ എല്ലാം പറയാൻ നിനക്ക് ഞാൻ ഇല്ലേ.. ശ്യാമ അവൾക്ക് ഉള്ളിൽ നമ്മൾ അറിയാത്ത ഒത്തിരി കഥകൾ ഉണ്ട്… നമ്മൾ അറിയാത്തഒത്തിരി സങ്കടങ്ങൾ ഉണ്ട് .. അതിലേക്ക് നിന്റെ വേദനകൾ കൂടി കൊടുക്കണ്ട…

അവളുടെ ഉള്ളിൽ കുത്തി ഒലിച്ചൊഴുകുന്ന ഒരു പുഴ ഉണ്ട്… അതൊരു തെളിനീർ അരുവിയായി ഒഴുക്കാൻ നമുക്ക് സാധിക്കണം… അവളുടെ ഉള്ളിൽ വളരുന്ന ആ കുഞ്ഞു ജീവൻ ഈ ഭൂമിയിൽ എത്തും വരെ എങ്കിലും അവൾ സന്തോഷത്തോടെ ഇരിക്കട്ടെ.. യാതൊന്നും അവളെ അലട്ടാതിരിക്കട്ടെ… മേഘേ… നിനക്കെന്താ അവളോട് ഇത്രയും ഇഷ്ടം തോന്നുന്നത്..

എന്തിനാ നീ അവളെ ഇത്രത്തോളം സ്നേഹിക്കുന്നത്… അനി അത്ഭുതത്തോടെ ചോദിച്ചു.. അവൾ ശ്യാമയും ഞാൻ മേഘയും ആയതും കൊണ്ട് തന്നെ…. ഞങ്ങൾ ഇരുവരും ഒരേ ദിക്കിലേക്ക് നീങ്ങുന്ന ഒരേ മണ്ണിലേക്ക് മഴയായ് പൊഴിയാൻ വെമ്പുന്ന ശ്യാമമേഘങ്ങൾ ആയത് കൊണ്ട്….

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 10