പാകിസ്താന് അഞ്ച് കോടി ദിർഹം സഹായം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബൈ: പ്രളയക്കെടുതി അനുഭവിക്കുന്ന പാകിസ്താന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 50 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവിന്റെ ഭാഗമായി വേൾഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഹുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദുരിത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നത്.
ദുരിതബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഭക്ഷണം നൽകുകയാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ ദിവസം യുഎഇയിലെ ഒരു ഇന്ത്യൻ ബിസിനസുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. സുരീന്ദർ പാൽ സിംഗ് ഒബ്റോയ് (എസ്പിഎസ് ഒബ്റോയ്) 30,000 പൗണ്ട് (28 ലക്ഷം ഇന്ത്യൻ രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു.
പ്രളയബാധിതർക്ക് സഹായം നൽകണമെന്ന പാക് പഞ്ചാബ് ഗവർണർ ചൗധരി മുഹമ്മദ് സർവാറിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് സഹായം നൽകിയത്. വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ലക്ഷക്കണക്കിന് റേഷൻ പായ്ക്കറ്റുകൾ വാങ്ങുകയാണ് ലക്ഷ്യമെന്ന് സർവാർ പറഞ്ഞു. 1,001 കുടുംബങ്ങൾക്ക് ഒരു മാസത്തെ കിറ്റ് നൽകുന്നതിനായി ഒബ്റോയ് 30,000 പൗണ്ട് സംഭാവന ചെയ്തു.