Sunday, December 22, 2024
Novel

ശക്തി: ഭാഗം 2

എഴുത്തുകാരി: ബിജി

സിസ്റ്റർ പോയിട്ടും രാഗലയ ശക്തി പോയിടത്തേക്ക് നോക്കിനിന്നു….!! പ്രീയപ്പെട്ടതെന്തോ……. അരികത്തുള്ളതുപോലെ…… കാണാൻ കൊതിച്ചൊരാൾ…. തന്നിലേക്ക് അടുക്കുന്ന പോൽ…..!! തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു രാഗലയക്ക് ഇതിനിടയിൽ ശക്തിയുമായി കണ്ടാൽ ഇരുവരുടെയും ഇടയിൽപുഞ്ചിരി വരെ എത്തുന്ന ഒരു ബന്ധം ഉണ്ടായി…..!!! ക്യാമ്പ് തുടങ്ങി….ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി നടത്തുന്ന ക്യാമ്പായിരുന്നു അത്.

നാല് സെക്ഷൻ ആയിട്ടാണ് പ്രോഗ്രം ചെയ്തിരിക്കുന്നത്. ഒരു സെക്ഷനിൽ മ്യൂസിക് അവിടെ ഓല പീപ്പി മുതൽ വീണ ഗിത്താർ ചെണ്ട തുടങ്ങിയ സംഗീതോപകരണങ്ങൾ കുട്ടികൾ അവിടെ പാടിയും ഡാൻസുകളിച്ചും ഉല്ലസിച്ചു…..!! അടുത്തത് വർണ്ണങ്ങളുടെ ലോകം പല കളറിലുള്ള ചായങ്ങൾ….. കളർ പെൻസിൽ മുതൽ പെയിന്റ് വരെ അവിടെ കുട്ടികൾ അവർക്കിഷ്ടമുള്ള ചിത്രങ്ങൾ വരച്ചും ശരിക്കും പറഞ്ഞാൽ ആ സെക്ഷൻ തീർന്നപ്പോഴേക്കും കുട്ടികളുടെ ഡ്രെസ്സുകൾ വർണ്ണ മയമായിരുന്നു.

കാഴ്ചയില്ലാത്ത കുട്ടികളും ടീച്ചറുടെ സഹായത്തോടെ പങ്കെടുഞ്ഞു അവർ വിവിധ തരം ചായങ്ങൾ തൊട്ടും സ്മെല്ലു ചെയ്തും മനസ്സിലാക്കി അവർക്ക് നിറങ്ങൾ അന്യമാണെങ്കിലും മറ്റു കുട്ടികളോടൊപ്പം അവരും ക്യാമ്പ് ആസ്വദിച്ചു…..!! ശില്പ്പ നിർമ്മാണം അവിടെ കളിമണ്ണും കൊണ്ടും എന്തിന് മൈദാമാവ് വരെ ക്കൊണ്ട് ടീച്ചേഴ്സിന്റെ സഹായത്തോടെ വിവിധ ആക്യതികളിലുള്ള രൂപങ്ങൾ കുട്ടികൾ സൃഷ്ടിച്ചു പിന്നെയുള്ളത് സിനിമാ തീയറ്റർ ആണ് കോൺവെന്റിലെ ഒരു ഹാൾ പ്രൊജക്ടറൊക്കെ വച്ച് സിനിമാ തീയറ്റമാതിരി ആവിഷ്കരിച്ചു.

കുട്ടികൾ വാളണ്ടിയേഴ്സിന്റെ സഹായത്തോടെ ടിക്കറ്റ് മൊക്കെ ആയിട്ടാണ് സിനിമാ കാണാൻ കയറിയത് കുട്ടികളുടെ സിനിമയായിരുന്നു കുട്ടികൾ നിറഞ്ഞ സന്തോഷത്തോടെ കൈയ്യടിച്ചും ചിരിച്ചും ആഘോഷിച്ചു. പിന്നിടുള്ള ദിവസങ്ങളിൽ മെഡിക്കൽ ക്യാമ്പ് കൗൺസിലിങ് ഇങ്ങനെ നീണ്ടു പോയി എല്ലാ സെക്ഷനിലും കുട്ടികൾ പങ്കെടുക്കണം. രാഗലയ ശരിക്കും കുട്ടികളോടൊപ്പം നിന്ന് അവരിൽ ഒരാളായി അവരുടെ കൂടെ ചിരിച്ചും കളിച്ചും പഠിച്ചും ചിലവഴിച്ചു..!!

ശക്തി ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോൾ പോയി അവസാന ദിവസമായിരുന്നു വൺഡേ ടൂർ അന്ന് ശക്തിയും ടൂറിന് ഉണ്ടായിരുന്നു. കുട്ടികൾ മനസ്സുനിറഞ്ഞ് ചിരിച്ചു ടൂർ കഴിഞ്ഞു വന്നപ്പോഴേക്കും രുദ്രൻ മകളെ കൂട്ടിട്ടു പോകാൻ കാറുമായി എത്തിയിരുന്നു….!! അപ്പോഴാണ് അമലുമോൾ രാഗലയയുടെ അടുത്തെത്തിയത് അമലു മോൾ ലയയെ കെട്ടിപ്പിടിച്ചു നാലുവയസ്സുള്ള കാഴ്ചയില്ലാത്ത കുട്ടിയാണ് അമലും ഒൻപത് വയസ്സായാൽ സർജറിയിലൂടെ അമലുവിന്റെ കാഴ്ചതിരികെ കിട്ടും പക്ഷേ അതിന് ഭീമമായ തുക ആവശ്യമാണ്.

അനാഥയാണ് അമലു…..കാഴ്ചയില്ലെന്നറിഞ്ഞ് അമലുവിനെ കോൺവെന്റിനു മുൻപിൽ ഉപേക്ഷിച്ചതാണ്…..!! ലയ തന്റെ സ്വന്തമാണെന്ന ധാരണയാണ് അമലുവിനുള്ളത് ലയ ചിറ്റേ എനിക്ക് ലയ ചിറ്റേ കാണണം. ഒന്നു കണ്ടാ മതി ചിറ്റേ…..!! അമലുവിന്റെ സംസാരം ശ്രവിച്ചതും ലയയുടെ കണ്ണു നിറഞ്ഞു എന്റെ മോൾക്ക് വേഗം കാണാൻ പറ്റും ട്ടോ നമ്മുക്ക് ഈശോയോട് പ്രാർത്ഥിക്കാം…!! അമലുവിനെ സിസ്റ്ററിന്റെ കൈയ്യിൽ ഏല്പിച്ച് കാറിൽ കയറി അപ്പോഴാണ് ശക്തിയും വീട്ടിലേക്ക് പോകാനായി അങ്ങോട്ടു വന്നത്. ശക്തി ദാ ഇവരും അങ്ങോട്ടല്ലെ നീ ഇവരുടെ ഒപ്പം പൊയ്ക്കോളൂ.

രുദ്രാ ഇവനും കൂടി പോന്നോട്ടെ അല്ലെ അതിനെന്താ മദർ ആയിക്കോട്ടെ. പക്ഷേശക്തി വിസമ്മതിച്ചു. ഞാൻ ബസിനു പൊയ്ക്കൊള്ളാം അവൻ പറഞ്ഞതും മദറും രുദ്രനും നിർബ്ന്ധിച്ചു അവസാനം ശക്തി സമ്മതിച്ചു. കാറിന്റെ കോ ഡ്രൈവിങ് സീറ്റിൽ നിന്ന് ലയ പുറത്തിറങ്ങി ബാക്കിൽ കയറി. ശക്തി മുന്നിൽ കയറി. വണ്ടി കുറേ ദൂരം പോയിട്ടും ശക്തി ഒന്നും മിണ്ടാതെ പുറത്തോട്ട് തന്നെ നോക്കിയിരുന്നു. രുദ്രൻ ഗ്ലാസിലൂടെ നോക്കൂമ്പോൾ ലയയും പുറത്തേക്ക് നോക്കിയിരിക്കുന്നു….!!

ശക്തിയും അതേ ഇരുപ്പ് ഇത് ഒരു നടയ്ക്ക് പോകില്ല. അവള് റെയർ പീസെന്നു പറഞ്ഞ മുതലാ ഫ്രെണ്ടിൽ ഇരിക്കുന്നത് എന്നിട്ടോ അവാർഡ്‌ സിനിമ ഓടുന്ന മാതിരിയാ അവളുടെ ഇരുപ്പ് ഇവളിനി സന്യാസിനി വല്ലതും ആകുമോ ….!! എടുത്താ പൊങ്ങാത്ത ലക്ഷ്യങ്ങളുമായാ നടപ്പ് അതിനിടയിൽ സ്വന്തം കാര്യം നോക്കുമോ ആവോ….!!! ഇളം തെന്നൽ ലയയുടെ മുടിയിഴകളെ വാരി പുണർന്നുകൊണ്ടിരുന്നു….. അവളറിയാതെ മനസ്സ് കുതിക്കുകയാണ്….. എന്തിനു വേണ്ടി….. അവൾക്ക് അത്ഭുതം തോന്നി ….

ഇതുവരെ ഒരാണിലും കാണാത്ത ഗുണങ്ങൾ അവനിൽ കണ്ടതിനാലാണോ തനിക്കിവൻ പ്രീയപ്പെട്ടതാകുന്നത് ഒന്നറിയാം ഇയാളുടെ സാമിപ്യം എന്നെ സന്തോഷിപ്പിക്കുന്നു പക്ഷേ അതൊരിക്കലും പ്രണയമല്ല…..!! രാഗലയയുടെ ചിന്തകൾ കാടുകയറി തുടങ്ങി….!! ശക്തി എന്താണ് ചെയ്യുന്നത്….???? രുദ്രന്റെ ശക്തിയോടുള്ള ചോദ്യമാണ് അവളുടെ ചിന്തകളെ കടിഞ്ഞാണിട്ടത്…..!!! ജീവിക്കാൻ വേണ്ടി എനിക്ക് നല്ലതെന്നു തോന്നുന്ന എന്തു ജോലിയും ചെയ്യും രുദ്രനെ നോക്കാതെ കടുപ്പിച്ചാണ് ശക്തി അതു പറഞ്ഞത്…..!!

ഓ…. ശരി…. ശരി… രുദ്രൻ ചിരിച്ചു. ഇത് എന്ത് മുതലാടി….. ഫ്രണ്ട് മിറ റിലൂടെ നോക്കിയ ലയയ്ക്ക് രുദ്രന്റെ ഭാവം മനസ്സിലായി. അവള് പുഞ്ചിരിച്ചു….!! വീട്ടിൽ ആരൊക്കെ…. അവരെന്തു ചെയ്യുന്നു…..??? രുദ്രൻ വിടുന്ന ലക്ഷണമില്ല ശക്തിയോട് ചോദിച്ചു കൊണ്ടിരുന്നു….!! സാർ….. വണ്ടിയൊന്ന് നിർത്ത് ശക്തിയുടെ ശബ്ദം ഉയർന്നു. എന്താ….എന്തുപറ്റി…. രുദ്രൻ ചോദിച്ചു….??? സത്യത്തിൽ രാഗലയയും വിരണ്ടു.

ഇവനിതെന്തിനുള്ള പുറപ്പാടാണ്….. ആ മുഖം നന്നായി ചുവന്നിരിക്കുന്നു. ഇയാളിത്രയ്ക്കു ദേഷ്യപ്പെടാൻ അച്ഛൻ തെറ്റായൊന്നും പറഞ്ഞില്ലല്ലോ…!!! എന്നെ ഇവിടെ ഇറക്കി വിട്ടേര് ഞാനേതെങ്കിലും ബസിനു പൊയ്ക്കൊള്ളാം എന്റെ പേഴ്സണൽ വിഷയത്തിൽ ആരും ഇടപെടുന്നത് എനിക്കിഷ്ടമല്ല…… എടുത്തടിച്ചതു പോലെ അവൻ മറുപടി പറഞ്ഞു….!! ഓഹ്….സോറി ഞാൻ വെറുതേ ചോദിച്ചതാണ് ഇനി അതിന്റെ പേരിൽ ഇറങ്ങി പോകേണ്ട ഞാനിനി മിണ്ടില്ല പോരേ……!!

പിന്നീട് രുദ്രന്റെ ഭാഗത്ത് നിന്ന് ഒരു ചോദ്യവും ഉണ്ടായില്ല ശക്തി പറഞ്ഞിടത്ത് കാർ നിർത്തി അവൻ രുദ്രനോട് താങ്ക്സ്. പറഞ്ഞു. ലയയെ നോക്കി ഒന്നു പുഞ്ചിരിച്ചു അവൻ റോഡിന് അരിക് ചേർന്ന് നടന്നു…!! രുദ്രൻ വണ്ടി മുന്നോട്ടെടുത്തു രാഗലയ പൊട്ടി ചിരിച്ചു. എന്താടി ഇത്രയ്ക്ക് ഇളിക്കാൻ രുദ്രൻ കപട ദേഷ്യത്തോടെ ചോദിച്ചു. എന്നാലും അച്ഛന്റെ ചമ്മിയ മുഖം ഹോ….. അവൾ വീണ്ടും ചിരിച്ചു.

മോളേ…. ആ പോയ സാധനത്തെ എനിക്കങ്ങ് ഇഷ്ടപ്പെട്ടു…..!!! രുദ്രന്റെ മരുമകൻ അവൻ തന്നെ…..!! ലയ അന്ധാളിച്ച് അച്ഛനെ നോക്കി…. ഇനി അച്ഛന്റെ പിരിവെട്ടിയോ….!! എനിക്കവനെയങ്ങ് ഇഷ്ടപ്പെട്ടു മോള് പറയും പോലെ റെയർ പീസ് മെരുങ്ങാത്ത ഇനമാ….. സ്നേഹിച്ചാൽ ചങ്കുപറിച്ചു തരും…..?? എന്റെ മോള് എങ്ങനേലും ആ ഹൃദയത്തിൽ ഒന്ന് ഇടിച്ചു കയറ്….?? ആഹാ….. ഇതെന്തൊരു കൂത്ത് അവൻ വല്ല ജിന്നുമാണോ രുദ്രവർമ്മയെ വരെ വീഴ്ത്തി…. ലയ ചിരിച്ചോണ്ടു പറഞ്ഞു….. എന്റെ രുദ്രവർമ്മേ….

എനിക്ക് ആരുടെയും ഹൃദയത്തിൽ ഇടിച്ചു കയറാൻ ഒരു താല്പര്യവും ഇല്ല. ദാ….. ആ പോയ മുതലിനെ കണ്ടപ്പോൾ വ്യത്യസ്തനാണെന്ന് തോന്നി അത്രമാത്രം. അച്ഛനു തോന്നിയ പോലെ അല്ലാതെ പ്രണയവും വിവാഹവും തല്കാലം രാഗലയയുടെ നിഘണ്ടുവിൽ ഇല്ല…!! എന്റെ മനസ്സു മുഴുവൻ എന്നെ കാണണമെന്നു പറഞ്ഞ അമലുവിന്റെ അരികിലാണ്……. അതുപോലെയുള്ള എത്ര കുട്ടികൾ ആ കോൺവെന്റിൽ ഉണ്ടെന്നറിയുമോ അവർക്കൊക്കെ താങ്ങാകണം പറ്റുന്നിടത്തോളം ചികിത്സിച്ച്‌ദേദമാക്കണം ലക്ഷ്യം വിശാലമാണ് മാർഗ്ഗം കഠിനവും പരിശ്രമിക്കണം……

എനിക്ക് ആ കൃഞ്ഞുങ്ങൾക്ക്‌ വേണ്ടി ലക്ഷ്യസ്ഥാനത്ത് എത്തിയേ കഴിയൂ…..!!! അതൊക്കെ ഞാൻ നോക്കിക്കോളാന്ന് പറഞ്ഞില്ലേ…..?? നമുക്ക് കുട്ടികളുടെ ചികിത്സ നടത്താം അതിനുള്ള ചിലവുകൾ ഞാനേറ്റെടുത്തു കൊള്ളാം രുദ്രൻ പറഞ്ഞു. അറിയാം അച്ഛൻ ചെയ്യുമെന്ന് ഇപ്പോഴും ഒരു പാട് സഹായം ചെയ്യുന്നും ഉണ്ട്….. എന്നാലും എന്റെ ലക്ഷ്യം വലുതാണ്….. അതിനുള്ള മാർഗ്ഗം കണ്ടെത്തണം ഇതിനിടയിൽ കാർ രാഗലയത്തിൽ എത്തി ലയ പുറത്തിറങ്ങിയപ്പോഴേക്കും നീലു ചാടിവന്ന് ലയയെ കെട്ടിപിടിച്ചു എന്റെ കൊച്ചേ പത്തുദിവസമായി കണ്ടിട്ട്…..

അവിടുത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു കേൾപ്പിക്ക്…..!! രാഗിണി വന്ന് നീലുവിന്റെ കൈക്കിട്ടൊന്ന് കൊടുത്തു മോള് വന്ന് കേറിയില്ല….. വിശേഷം അറിയാനുള്ള നില്പ്പാണ് പോടി….. മോളു പോയി ഫ്രെഷ് ആയിട്ടുവാ…..!!! അപ്പേ…… അമ്മയെന്തിയേ…… ലയ രാഗിണിയോട് ചോദിച്ചു. അകത്തുണ്ട് മോളെ ചെല്ല്…….. അവിടെ പരിഭവത്തിൽ കിച്ചണിൽ നിന്ന് എന്തൊക്കെയോ പിറുപിറുക്കുകയാണ് ഭാമ……!!!

ലയഭാമയുടെ പിന്നിലൂടെ കെട്ടിപ്പിടിച്ച് ചേർന്നു നിന്നു ഞാനിങ്ങ് വന്നില്ലേ ഇനി പിണങ്ങല്ലേ അത് എനിക്ക് സങ്കടമാവുംട്ടോ…… അവളുടെ സങ്കടപ്പെട്ട മുഖം കണ്ടപ്പോൾ ഭാമ അടങ്ങി…!! എന്തു കോലമാടീ ഇത് നീയൊന്നും കഴിക്കില്ലാരുന്നോ വേഗം പോയി ഫ്രഷ് ആക് അമ്മ ചായ എടുത്ത് തരാം ലയ ഭാമയുടെ കവിളിൽ ഉമ്മ വച്ചിട്ട് ഓടി…… ഈ പെണ്ണിന്റെ കാര്യം……??? ഭാമ ചിരിച്ചു….??????

ചായകൂടിയൊക്കെ കഴിഞ്ഞ് ബാൽക്കണിയിലിരുന്ന് നീലുവിനോട് വിശേഷങ്ങളൊറക്ക പറഞ്ഞു കൂട്ടത്തിൽ ശക്തിയുടെ കാര്യവും…… ങാ… ഹാ കൊള്ളാം നായകനും നായികയും ഇരു ധ്രുവങ്ങളിൽ ഇവിടെ പ്രണയം എങ്ങനെ പൊട്ടിമുളയ്ക്കും….. ഫാക്ടംപോസിട്ടാലും പുഷ്പിക്കാൻ പാടാണ് നീലു ഗഹനമായ ചിന്തയിലാണ്……!!! എന്തായാലും അമ്മാവൻ സപ്പോർട്ടാണല്ലോ…… ആ പ്രശ്നം സോൾവായി……. ഇനി ഉറവ വറ്റിയ മണലാരണ്യത്തിൽ മഴ പെയ്യണം അതും ഇടിയോടു കൂടിയ മഴ…..!!!!

നീലു ചിന്തിച്ച് അന്തവും കുന്തവും ഇല്ലാതെ നില്ക്കുമ്പോൾ ലയയും നീണ്ട ചിന്തയിൽ മുഴുകിയിരിക്കുകയാണ് ലൈറ്റ് ബ്രാൺ നിറമുള്ള കണ്ണിലെ രൗദ്രഭാവത്തിൽ…..!!! അയാളെന്തേ ഇങ്ങനെ….. ഒരിക്കൽ പോലും പരിചയപ്പെട്ടിട്ടില്ലാത്ത ആളോടും ഇത്ര ദേഷ്യം…….!! പക്ഷേ എന്നിലേക്ക് ആ നിസ്വനങ്ങൾ ആവാഹിക്കുന്ന പോൽ….. അവന്റെ ഉള്ളിലെ തീ എന്തിനെന്നറിയാതെ എന്നെ ഭയപ്പെടുത്തുന്നു. എന്റെ ആരോ ആണെന്നുള്ള തോന്നലാണ് അവനെ അറിയണമെന്നും തോന്നും ഈ നേരം നീലു ചിന്തയൊക്കെ വിട്ട് ലയയോട് പറഞ്ഞു നാളെ നമ്മുക്ക് ഒരിടം വരെ പോകണം നീ കൂടെ വരണം എവിടെയാടി…..!

അതോ ന്റെ ദാവണി സ്റ്റിച്ചു ചെയ്യാൻ കൊടുത്തിട്ടുണ്ട് അതു വാങ്ങണം ഏതോ വലിയ കാര്യം പറയും പോലെയാണ് നീലു പറഞ്ഞത്..!! എന്റെ പൊന്നു നീലു നമിച്ചു വായിനോക്കാൻ പോണം അത്രയല്ലേ ഉള്ളൂ….. ലയ ചിരിച്ചു….. മനസ്സിലാക്കിയല്ലോ…..!!! നീലു ഇളിച്ചു ഒന്നു പോയേ എനിക്ക് കിടക്കണം ലയ അവളോടു പറഞ്ഞു ഇതിനെ ഒന്നു സെറ്റാക്കാൻ നോക്കുന്ന എനിക്ക് ഇതല്ല ഇതിലപ്പുറവും കിട്ടണം നീലു പിറുപിറുത്തു കൊണ്ട് പോയി….!!

ലയ കിടക്കയിലേക്ക് വീണു അവളുടെ കനവിലെല്ലാം ശക്തിയെന്ന അവളുടെ റെയർ പീസ് നിറഞ്ഞു നിന്നു അവന്റെ മനസ്സിന്റെ ഉള്ളറകളെ തുറക്കാനും അവളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടാനും അവൾ കൊതിച്ചു അവൾ ഉറക്കത്തിലേക്ക് വഴുതി വീണു….!! നിറയെ മയിൽപ്പീലികൾ അവളുടെ ദേഹത്ത് പറന്ന് വീഴുന്നു……. ഓടകുഴലിൽ നാദം എവിടെ നിന്നോ കേൾക്കുന്നു…… നനുത്ത മയിൽപ്പീലികളാൽ ആരോ അവളെ തഴുകുന്ന പോൽ മഞ്ചാടി മുത്തുകൾ അവളുടെ ശരീരത്തിൽ നിറയുന്നു കുഞ്ഞു മഞ്ഞിൻ തുണ്ടുകൾ പൊഴിയുന്നു ദൂരെ എവിടേക്കോ ആരോ മാടി വിളിക്കുന്നു.

ഒരു വേള വിരഹം തോന്നിയോ….. ഉറക്കത്തിലും ലയയുടെ മുഖത്ത് നോവ് പടർന്നു കാലത്ത് തന്നെ നീലു രാഗലയയെ പിടിച്ച പിടിയാലെ ഊരുതെണ്ടാൻ കൂട്ടിട്ടു പോയി….. വണ്ടിയെടുക്കാതെ നടക്കാനാണ് അവർ തീരുമാനിച്ചത് തെളിനീരൊഴുകുന്ന കൊച്ചു തോടും താണ്ടി പാടവരമ്പിലൂടെ നടന്നു കണ്ണെത്താത്ത ദൂരത്തോളം പച്ചപുതച്ച് കിടക്കുന്ന പാടം.

വീട്ടിൽ നിന്ന് കുറച്ചു നടന്നാൽ സ്റ്റിച്ചിങ് സെന്ററിൽ എത്താം ഈ വളഞ്ഞ വഴിയുള്ള മൂക്കിൽ പിടുത്തം ശക്തിയെ തപ്പാനാണ് പാവം ലയ ഇതൊന്നും അറിയാതെ പ്രകൃതി ഭംഗി ആസ്വദിച്ച് നടപ്പാണ് പാടവരമ്പിലൂടെ കയറി നാലും റോഡും ചേരുന്ന മുക്കിലെത്തി തേടിയ വള്ളി കാലിൽ ചുറ്റിയ മാതിരി ശക്തി ചായക്കടയുടെ മുന്നിൽ കോടാലി കൊണ്ട്‌ വിറകുവെട്ടി കീറുന്നതാണ് അവർ കാണുന്നത്…..!!

ഇങ്ങേരെന്താടി പഴയ സിനിമയിലെ ജയൻ ആണോ ഒരു കുതിരയെ കിട്ടിയിരുന്നെങ്കിൽ എണ്ണ തേയ്ക്കാമായിരുന്നു….!! എന്നാ മസിലാടി….. നീലു പിന്നെയും പറഞ്ഞു കൊണ്ടിരുന്നു എന്റെ നീലു ഒന്ന് നിർത്ത് നീലു അതൊന്നും ശ്രദ്ധിക്കാതെ ചായക്കടയിലേക്ക് നീങ്ങി….!!! നിവർത്തിയില്ലാതെ ലയ അവളുടെ പുറകേ വച്ചു പിടച്ചു കണ്ണാടി അലമാരയിൽ ബോളി നീലുവിനെ നോക്കി ചിരിച്ചു നീലുവിന്റെ ഫേവറേറ്റ് ആണത് ശശിച്ചേട്ടാ രണ്ടു ബോളി നീലുവിളിച്ചു പറഞ്ഞു…!!

അപ്പോഴാണ് ശക്തി അവരെ കാണുന്നത്. ലയയെ നോക്കിയപ്പോൾ അവന്റെ മുഖത്ത് പരിചിതഭാവം മിന്നി അത്ര തന്നെ ലയ പുഞ്ചിരിക്കാൻ തുടങ്ങിയപ്പോഴേക്കും ശക്തി അവളെ ശ്രദ്ധിക്കാതെ വിറക് കീറാൻ തുടങ്ങി…!! ആയാസപ്പെട്ട ജോലിയാൽ വിയർപ്പുതുള്ളികൾ പൊടിയുന്നു ലയ സ്കാനിങ്ങ് തുടങ്ങിയതും അതിനെയെല്ലാ തടഞ്ഞു കൊണ്ട് ശക്തി കീറീയ വിറകുകഷ്ണം തെറിച്ച് ലയയുടെ നെറ്റിയിൽ കൊണ്ടു ലയ അമ്മേന്നും വിളിച്ച് താഴേക്ക് വീണു….!!

നീലു വിരണ്ടുകൈയ്യിലിരുന്ന ബോളി യൊക്കെ കളഞ്ഞ് നീലു വേഗം അവളുടെ അടുത്തേക്ക് ഓടി വന്നു. നെറ്റിയിൽ നിന്ന് ചോര കിനിയുന്നു. വേഗം കടയിൽ നിന്നാരോ വെള്ളം കൊണ്ടുവന്ന് ലയയുടെ മുഖത്ത് തളിച്ചു. ഞരക്കത്തോടെ ലയ മിഴി തുറന്നു ശക്തി തറഞ്ഞു നില്ക്കുകയായിരുന്നു അവൻ വേഗം അവളെ എടുത്ത് അടുത്തുള്ള ക്ലിനിക്കിൽ കൊണ്ടുപോയി ഡ്രസ്സ് ചെയ്യിച്ചു….!! വിറക് ലേശം ഏശിയതേയുള്ളു എങ്കിലും ലയക്ക് വേദന ഉണ്ടായിരുന്നു. ശക്തി കാശ് കൊടുക്കാം എന്നു പറഞ്ഞെങ്കിലും ലയ തന്നെ കാശു കൊടുത്തു.

അവൻ അധ്വാനിച്ചുണ്ടാക്കുന്ന കാശ് കളയാൻ തോന്നിയില്ല. തന്റെ അശ്രദ്ധമൂലമാണ് എല്ലാം സംഭവിച്ചത് നീലുവാണേൽ മൂക്കിൽ വീരലും തൊട്ട് ഗഹനമായ ചിന്തയിലാണ് രക്തം കണ്ടു ഇനി വിജയം ഉറപ്പ് ശക്തി രാഗലയ മിഷൻ സ്റ്റാർട്ട് പ്ലാൻ A മുറിവുണ്ടായെങ്കിലും സക്സസ്….!! ഈ സമയം ശക്തിയുടെ ശ്രദ്ധ രാഗലയയിൽ ആയിരുന്നു. താൻ കാരണമാണല്ലോ ഇങ്ങനെ അവൻ തന്നോടു തന്നെയുള്ള അരിശത്തിൽ തലയ്ക്കടിച്ചു. അവൻ ലയയോട് സോറി പറഞ്ഞു. ലയ ഇന്നലെ കണ്ട സ്വപ്നത്തിന്റെ തടവിൽ ആയിരുന്നു ആരോ തന്റെ മേനിയിൽ മയിൽ പിലികളാൽ തഴുകുന്നു ബ്രൗൺ നിറമുള്ള കണ്ണുകളിൽ കുസൃതി മിന്നിമായുന്നു….!!

തുടരും ബിജി

ശക്തി: ഭാഗം 1