Monday, December 30, 2024
LATEST NEWSSPORTS

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര; ദീപക് ചാഹറിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍

മുംബൈ: പരിക്കേറ്റ ദീപക് ചാഹറിന് പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തി. പരമ്പരയിൽ രണ്ട് ഏകദിനങ്ങൾ കൂടി ബാക്കിയുണ്ട്. പരിക്കിനെ തുടർന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ചാഹർ ടീമിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ടി-ട്വന്റി പരമ്പരയിൽ വീണ്ടും പരിക്കേൽക്കുകയായിരുന്നു.

പുറംവേദനയാണ് ചാഹറിനെയും അലട്ടുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്താൻ ചാഹറിനോട് ബിസിസിഐ നിർദേശിച്ചിട്ടുണ്ട്. ടി20 ലോകകപ്പിനുള്ള റിസർവ് നിരയിൽ ഉള്ളതിനാൽ ചാഹറിനെ ബിസിസിഐ മെഡിക്കൽ ടീം എത്രയും വേഗം പരിശോധിക്കും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കിടെയാണ് ചാഹറിന് വീണ്ടും പരിക്കേറ്റത്. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരെയും പരിക്കിനെ തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. കോവിഡ്-19 മൂലം വിശ്രമത്തിലായിരുന്ന മുഹമ്മദ് ഷമിയോടും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.