Tuesday, December 17, 2024
LATEST NEWS

ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷനുമായി എസ്.ബി.ഐ

ന്യൂഡൽഹി: ഉയർന്ന സുരക്ഷയ്ക്കായി ക്രെഡിറ്റ് കാർഡുകളിൽ എസ്ബിഐ ഏർപ്പെടുത്തുന്ന ടോക്കണൈസേഷൻ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. ഡാറ്റാ ചോർച്ചയും തട്ടിപ്പും തടയുന്നതിനുള്ള സംവിധാനമാണിതെന്ന് എസ്ബിഐ കാർഡ് എംഡി രാമമോഹൻ റാവു അമാറ പറഞ്ഞു.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് കാർഡ് വിവരങ്ങൾ നൽകുന്നതിന് പകരം കോഡുകൾ നൽകുന്ന സംവിധാനമായ ടോക്കണൈസേഷൻ ഒക്ടോബർ മുതൽ രാജ്യത്തുടനീളം നടപ്പാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. യഥാർത്ഥ കാർഡ് വിവരങ്ങൾ ട്രാൻസാക്ഷൻ എന്‍റിറ്റിയുമായി പങ്കിടാതെ തന്നെ നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയുമെന്നതാണ് ടോക്കണൈസേഷന്‍റെ നേട്ടം. ഉപയോക്താക്കളുടെ താൽപ്പര്യ സംരക്ഷണവും ഡാറ്റാ ചോർച്ചയിൽ നിന്നുള്ള പരിരക്ഷയും ഇത് ഉറപ്പാക്കുമെന്നും എംഡി കൂട്ടിച്ചേർത്തു.

ഓൺലൈൻ തട്ടിപ്പുകാരിൽ നിന്ന് കാർഡ് വിശദാംശങ്ങൾ സംരക്ഷിക്കുക എന്നതാണ് ടോക്കണൈസേഷന്‍റെ പ്രധാന ലക്ഷ്യം. കാർഡ് വിശദാംശങ്ങൾ ഇനിമുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ സംരക്ഷിക്കാൻ കഴിയില്ല. ടോക്കണൈസേഷന്‍റെ അവസാന തീയതി ഈ മാസം 30 ആണ്.