Thursday, January 16, 2025
GULFLATEST NEWS

വിപണിയിൽ കുറവുണ്ടായാൽ മാത്രമേ സൗദി എണ്ണ ഉൽപാദനം വർധിപ്പിക്കൂ ; സൗദി മന്ത്രി

ജിദ്ദ: വിപണിയിൽ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ സൗദി അറേബ്യ എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുകയുള്ളൂവെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. ഒപെക് അംഗങ്ങളുമായി ഏകോപിപ്പിച്ച് ഉത്പാദനം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളും. വിപണി എണ്ണ ഉൽപാദനം നിർണ്ണയിക്കുന്നത് തുടരുമെന്നും വിതരണ ദൗർലഭ്യം ഇല്ലെങ്കിൽ സൗദി അറേബ്യ ഉൽപാദനം വർദ്ധിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിപണിയിലേക്കും തന്‍റെ രാജ്യത്തേക്കും കൂടുതൽ എണ്ണ എത്തിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് യു.എസ്. പ്രസിഡന്‍റ് ജോ ബൈഡൻ വെള്ളിയാഴ്ച ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് പിന്നാലെയാണ് ജുബൈറിന്‍റെ പരാമർശം.

സുസ്ഥിര ആഗോള ഊർജ്ജ വിപണിയോടുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ആവർത്തിച്ചു. സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കായി ആഗോള എണ്ണ വിപണിയെ സന്തുലിതമാക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ അമേരിക്ക സ്വാഗതം ചെയ്തു.