Tuesday, January 21, 2025
LATEST NEWSTECHNOLOGY

സ്വന്തം ബഹിരാകാശ നിലയം നിര്‍മിക്കാന്‍ പദ്ധതിയിട്ട് റഷ്യ

റഷ്യ: അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) അപകടകരവും ആവശ്യത്തിന് യോജിക്കാത്തതുമായി തീര്‍ന്നിരിക്കുന്നുവെന്ന് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്‍റെ തലവൻ യുറി ബോറിസോവ് പറഞ്ഞു. സ്വന്തമായി ബഹിരാകാശ നിലയം വിക്ഷേപിക്കാനുള്ള പദ്ധതികളുമായി റഷ്യ മുന്നോട്ട് പോവുകയാണ്. 24 വർഷം പഴക്കമുള്ള ബഹിരാകാശ നിലയത്തിന്‍റെ ഉപകരണങ്ങളുടെ തകരാറുകളും പഴയ ഭാഗങ്ങളും അവിടെ താമസിക്കുന്ന യാത്രക്കാർക്ക് അപകടകരമാണെന്ന് യുറി ബോറിസോവ് പറഞ്ഞു.

മറ്റ് പല മേഖലകളിലും എതിര്‍പക്ഷത്ത് നിക്കുന്ന അമേരിക്കയും റഷ്യയും പരസ്പരം സഹകരിക്കുന്ന അപൂർവം കാര്യങ്ങളിൽ ഒന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്). എന്നാൽ ഉക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധമാണ് റഷ്യയെ പ്രകോപിപ്പിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് റഷ്യ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ അത്തരമൊരു പ്രഖ്യാപനം ഉണ്ടായിട്ടില്ല.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് പിന്‍വാങ്ങി സ്വന്തമായി ബഹിരാകാശ നിലയം ആരംഭിക്കാനുള്ള പ്രക്രിയയിലാണ് റഷ്യ ഇപ്പോൾ. 2024ന് ശേഷം പദ്ധതി ആരംഭിക്കാനാണ് സാധ്യത. “സാങ്കേതികമായി, ഐഎസ്എസ് അതിന്‍റെ എല്ലാ വാറന്‍റി പരിധികളും മറികടന്നു. അത് അപകടകരമാണ്,” ബോറിസോവ് പറഞ്ഞു. ഇടിഞ്ഞുവീഴുന്നതിനിടയാക്കുന്ന ഉപകരണ തകരാറുകള്‍ തുടങ്ങിയിട്ടുണ്ട്. വിള്ളലുകള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.