Sunday, December 22, 2024
LATEST NEWS

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ന്യൂഡൽഹി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഫെഡറൽ റിസർവ് യോഗത്തിന് മുന്നോടിയായാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. വരും ദിവസങ്ങളിൽ ഫെഡറൽ ചെയർമാൻ ജെറോം പവലിന്‍റെ നിർദ്ദേശങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. ഇക്കാരണത്താൽ, കറൻസി വിപണിയിൽ നിരവധി ആളുകൾ ജാഗ്രത പുലർത്തുകയാണ്. ഇതും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചിട്ടുണ്ട്.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ നഷ്ടത്തിൽ 79.90 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപയുടെ വ്യാപാരം 79.83ൽ ആരംഭിച്ചു. പിന്നീട് ഇത് 79.91 ആയി കുറഞ്ഞു. ഇന്നലെ രൂപയുടെ മൂല്യം 79.78 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

കഴിഞ്ഞ ദിവസം ഐഎംഎഫ് ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറച്ചിരുന്നു. വളർച്ചാ നിരക്ക് 8.2 ശതമാനത്തിൽ നിന്ന് 7.4 ശതമാനമായാണ് കുറച്ചത്. അതേസമയം, യുഎസ് സമ്പദ്‍വ്യവസ്ഥയിൽ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ രൂപയുടെ വിനിമയ മൂല്യത്തെ ഇത് ബാധിക്കും.