Tuesday, December 17, 2024
LATEST NEWSTECHNOLOGY

സൂര്യപ്രകാശത്തിൽ ഓടുന്ന കാർ; ‘ലൈറ്റ് ഇയർ 0’യുടെ വില 2 കോടി

നെതർലൻഡ്സ്: നെതർലാൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോളാർ ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ട് അപ്പ് കമ്പനിയായ ലൈറ്റ് ഇയർ സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കുന്നു. ലൈറ്റ് ഇയർ 0 എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ റെഡി സോളാർ കാർ ഈ വർഷം അവസാനം വിപണിയിലെത്തും. 263,000 യുഎസ് ഡോളർ (ഏകദേശം 2.08 കോടി രൂപ) ആണ് കാറിന്റെ വില. 

ലൈറ്റ് ഇയർ 2019 ൽ അവതരിപ്പിച്ച പ്രോട്ടോടൈപ്പിന്റെ പ്രൊഡക്ഷൻ മോഡലാണിത്. വാഹനം ഇപ്പോൾ ബുക്ക് ചെയ്യാമെന്നും നവംബർ മുതൽ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി പറയുന്നു. സൗരോർജത്തിൽ മാത്രം പ്രതിദിനം 70 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഈ കാറിൽ നാൽ പേർക്ക് സഞ്ചരിക്കാൻ കഴിയും. ദിവസം 35 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരാൾ 7 മാസത്തിലൊരിക്കൽ ചാർജ് ചെയ്താൽ മതിയെന്നും ലൈറ്റ് ഇയർ പറയുന്നു.

ഫ്യൂച്ചറിസ്റ്റിക്ക് ബോഡി ഡിസൈനാണ് കാറിനുള്ളത്. മനോഹരമായ എൻഇഡി ടെയിൽ ലാമ്പുകളും ഹെഡ്ലാമ്പുകളും ഉണ്ട്. വാഹനത്തിന്റെ ഇന്റീരിയർ പുനർ ഉപയോഗം ചെയ്തതോ ചെയ്യാവുന്നതോ ആയ ഘടകങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സസ്യങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന അപ്ഹോൾസറി, പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് നിർമ്മിച്ച ടെക്സറ്റർ, വുഡ് ട്രിമ്മുകൾ എന്നിവയുണ്ട്. 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുണ്ട്. ഓവർ-ദി-എയർ സോഫ്റ്റ്‌വയർ അപ്ഡേറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും വാഹനത്തിലുണ്ട്.