Thursday, November 21, 2024
GULFLATEST NEWSTECHNOLOGY

ദുബായിൽ ഇനി ഒറ്റ ക്ലിക്കിൽ ആർടിഎ സേവനം

ദുബായ്: ഡിജിറ്റൈസേഷനിൽ മുന്നേറുന്ന ദുബായിൽ, ആർടിഎയുടെ പ്രധാന സേവനങ്ങൾ ഇപ്പോൾ അതിവേഗത്തിലാണ്. ‘ക്ലിക്ക് ആൻഡ് ഡ്രൈവ്’ സ്മാർട്ട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇടപാടുകൾ നടത്താൻ കഴിയും. ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, നേത്ര പരിശോധന എന്നിവയ്ക്കായി ഓഫീസുകളിൽ കയറിയിറങ്ങേണ്ട.

പുതിയ സംവിധാനത്തിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്താനും ലക്ഷ്യമിടുന്നു. ഡിജിറ്റൈസേഷന്‍റെ 92 ശതമാനവും ക്ലിക്ക് ആൻഡ് ഡ്രൈവിലൂടെ യാഥാർത്ഥ്യമായതായി ആർടിഎ ചെയർമാൻ മതർ അൽ തായർ പറഞ്ഞു. സേവനങ്ങൾക്ക് ആവശ്യമായ സമയത്തിന്‍റെ 75% വരെ നിങ്ങൾക്ക് ലാഭിക്കാൻ കഴിയും എന്നും അഭിപ്രായപ്പെട്ടു. 12 തലങ്ങളിൽ പൂർത്തിയാക്കേണ്ട നടപടികൾ ഏഴായി കുറയ്ക്കും. വാഹന ലൈസൻസ് നടപടിക്രമങ്ങൾ പൂർണ്ണമായും കടലാസ് രഹിതമായിരിക്കും.

ലക്ഷ്യത്തിന്‍റെ 50 ശതമാനത്തിലധികം ഈ വർഷം നാലാം പാദത്തിൽ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറുകൾ വാടകയ്ക്കെടുക്കുന്ന സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ, നൂലാമാലകൾ ഒഴിവായി. ഇൻസ്പെക്ടർമാരുടെ സേവന സമയം കുറയ്ക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യാൻ കഴിഞ്ഞു.