Thursday, November 14, 2024
HEALTHLATEST NEWS

സംസ്ഥാനത്ത് അവയവദാന സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ 1.5 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാന ശസ്ത്രക്രിയാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഒന്നരക്കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 55 ലക്ഷം രൂപയും കോട്ടയം മെഡിക്കൽ കോളേജിന് 50 ലക്ഷം രൂപയും കോഴിക്കോട് മെഡിക്കൽ കോളേജിന് 45 ലക്ഷം രൂപയും അനുവദിച്ചു. അവയവദാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും മെഡിക്കൽ കോളേജുകളിൽ കൂടുതൽ അവയവദാന ശസ്ത്രക്രിയകൾ നടത്തുകയും ചെയ്യുകയാണ് ലക്ഷ്യം. അവയവദാനത്തിലൂടെ അതിജീവിക്കാൻ കാത്തിരിക്കുന്ന നിരവധി ആളുകളെ ഇത് സഹായിക്കും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉൾപ്പെടെ മെഡിക്കൽ കോളേജുകൾ സജീവമാക്കുന്നതിനാണ് ഈ തുക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്‍റിലേറ്റർ, മൾട്ടിപാരമീറ്റർ മോണിറ്ററുകൾ, പോർട്ടബിൾ എബിജി അനലൈസർ മെഷീൻ,10 ഐസിയു കിടക്കകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവയ്ക്കും, കോട്ടയം മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വർക്ക് സ്റ്റേഷൻ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ട്രാൻസ്പ്ലാന്‍റ് ഉപകരണങ്ങൾ, ലാപ്രോസ്കോപ്പി സെറ്റ്,റിനല്‍ ട്രാന്‍സ്പ്ലാന്റ് ഐസിയു ഉപകരണങ്ങള്‍ എന്നിവയ്ക്കും, കോഴിക്കോട് മെഡിക്കൽ കോളേജിലെ സിആര്‍ആര്‍ടി മെഷീന്‍, പോര്‍ട്ടബിള്‍ ഡയാലിസിസ് മെഷീന്‍, അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസ് എന്നിവയ്ക്കുമാണ് തുകയനുവദിച്ചത്.

കൂടുതൽ രോഗികളെ സഹായിക്കാൻ കൂടുതൽ അവയവദാനം നടത്താൻ സർക്കാർ വലിയ ശ്രമം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ (കെ-സോട്ടോ) രൂപീകരിച്ച് മുഴുവൻ അവയവമാറ്റ നിർവഹണവും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ തീരുമാനിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ രണ്ട് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കി ചികിത്സ ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനുപുറമെയാണ്, ഈ മെഡിക്കൽ കോളേജുകളിൽ അവയവദാന സൗകര്യങ്ങൾ ശക്തമാക്കുന്നതിന് ഇത്രയും തുക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.