Saturday, December 14, 2024
LATEST NEWSSPORTS

ഇന്തൊനീഷ്യയിലെ ഫുട്ബോള്‍ മൈതാനത്തിൽ തിക്കിലും തിരക്കിലും 127 മരണം

ജക്കാർത്ത: ഇന്തൊനീഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം. 180 പേർക്ക് പരുക്കേറ്റു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിനു ശേഷമാണ് സംഭവം.

പെർസെബയ 3-2 ന് മത്സരം ജയിച്ചു. പിന്നാലെ തോറ്റ ടീമിന്റെ ആരാധകർ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. കാണികളെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലും പെട്ടത്.

അപകടത്തെ തുടർന്ന്  ഇന്തോനേഷ്യൻ ടോപ്പ് ലീഗ് ബിആർഐ ലിഗ 1 മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതായും അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യയിലെ ഫുട്ബോൾ അസോസിയേഷൻ (പിഎസ്എസ്ഐ) അറിയിച്ചു. ഓക്‌സിജന്റെ അഭാവത്തെ തുടർന്നുണ്ടായ ശ്വാസതടസം മൂലം നിരവധിപേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. പൊലീസ് നടപടിയെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ ആളുകൾ കൂട്ടമായി ഓടിയപ്പോൾ വീണവർ ചവിട്ടേറ്റാണ് മരിച്ചത്. കൂടുതൽ പേരും ഇങ്ങനെയാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 42,500 പേർക്കുള്ള സൗകര്യമാണ് സ്റ്റേഡിയത്തിനുള്ളത്. കഴിഞ്ഞ ദിവസം എത്രപേർ മത്സരം കാണാനെത്തിയിരുന്നെന്ന് വ്യക്തമല്ല.