Wednesday, January 22, 2025
LATEST NEWS

എസ് ബി ഐയില്‍ നിന്ന് 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാനില്ല; സിബിഐ അന്വേഷിക്കും

രാജസ്ഥാന്‍: എസ്ബിഐ ശാഖയിൽ നിന്ന് 11 കോടി രൂപയുടെ ചില്ലറത്തുട്ടുകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുന്നു. രാജസ്ഥാനിലെ കരൗളി ശാഖയിൽ നിന്നാണ് ഇത്രയധികം നാണയങ്ങള്‍ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് 25 ലധികം സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയെങ്കിലും കാണാതായ നാണയങ്ങളെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

രാജസ്ഥാൻ ഹൈക്കോടതിയുടെ ഏപ്രിൽ 13 ലെ ഉത്തരവ് പ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഡൽഹി, ജയ്പൂർ, ദൗസ, കരൗളി, അൽവാർ, ഉദയ്പൂർ, ബില്‍വാര നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൗണ്ടിംഗിനായുള്ള സ്വകാര്യ ഏജന്‍സിയാണ് 11 കോടി വിലമതിക്കുന്ന നാണയങ്ങള്‍ കാണാനില്ലെന്ന് കണ്ടെത്തുന്നത്.

നിലവിൽ രണ്ട് കോടി രൂപയുടെ നാണയങ്ങൾ മാത്രമാണ് ആർബിഐക്ക് കൈമാറിയത്. ഇത് 3,000 നാണയ സഞ്ചികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവശേഷിക്കുന്ന നാണയങ്ങൾ എവിടെയാണെന്ന് ബാങ്ക് ജീവനക്കാർക്കോ അധികാരികൾക്കോ ഒരു ധാരണയുമില്ല.