Tuesday, December 17, 2024
LATEST NEWSSPORTS

കളി തീരും മുമ്പ്‌ സ്റ്റേഡിയം വിട്ടു: റൊണാള്‍ഡോയ്ക്ക് ശക്തമായ താക്കീതുമായി ടെന്‍ ഹാഗ്

മാഞ്ചെസ്റ്റര്‍: കളി തീരും മുമ്പ്‌ സ്റ്റേഡിയം വിട്ട റൊണാള്‍ഡോയ്ക്ക് ശക്തമായ താക്കീതുമായി ടെന്‍ ഹാഗ്. റയൽ വല്ലെക്കാനോയ്ക്കെതിരായ പ്രീ സീസൺ മത്സരം അവസാനിക്കുന്നതിന് മുമ്പാണ് റൊണാൾഡോ സ്റ്റേഡിയം വിട്ടത്. മത്സരത്തിന്‍റെ ആദ്യപകുതിയുടെ അവസാനം റൊണാൾഡോ ആരെയും അറിയിക്കാതെ സ്റ്റേഡിയത്തിന് പുറത്തേക്ക് ഇറങ്ങിപ്പോയി. സംഭവം വലിയ വിവാദത്തിന് തിരികൊളുത്തി.

“ഞാനിത് ഒരിക്കലും അംഗീകരിക്കില്ല. എല്ലാ ടീം അംഗങ്ങള്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. ഞങ്ങള്‍ ഒരു ടീമിനുവേണ്ടി ഒരുമിച്ച് പ്രയത്‌നിക്കുന്നവരാണ്. മത്സരം കഴിയുന്നതുവരെ ഏവരും ടീമിനൊപ്പം നിര്‍ബന്ധമായും ഉണ്ടായിരിക്കണം” ടെൻ ഹാഗ് പറഞ്ഞു.

റയൽ വല്ലെക്കാനോയ്ക്കെതിരായ മത്സരത്തിനുള്ള സ്റ്റാർട്ടിംഗ് ഇലവനിലായിരുന്നു റൊണാൾഡോ. ആദ്യ പകുതിയിലാണ് അദ്ദേഹം കളിച്ചത്. തുടർന്ന് ആരെയും അറിയിക്കാതെയാണ് റൊണാൾഡോ സ്റ്റേഡിയം വിട്ടത്. അതേ ദിവസം തന്നെ റൊണാൾഡോയ്ക്കെതിരെ ആരാധകർ രംഗത്തെത്തി. ടെൻ ഹാഗിന്‍റെ അനുമതിയോടെയാണ് റൊണാൾഡോ സ്റ്റേഡിയം വിട്ടതെന്ന് അന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവയെല്ലാം വ്യാജമാണെന്ന് ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നു.