Tuesday, January 7, 2025
LATEST NEWS

രാജ്യത്ത് അരി വില കുത്തനെ ഉയർന്നേക്കും

വരും ദിവസങ്ങളിൽ രാജ്യത്ത് അരി വില കുത്തനെ ഉയർന്നേക്കും. ഈ സാഹചര്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. 12 മില്യൺ ടണ്ണിന്റെ കുറവാണ് ഈ സീസണിൽ രാജ്യത്ത് അരി ഉൽപാദനത്തിൽ രേഖപ്പെടുത്തിയത്. രാജ്യത്തെ 4 പ്രധാന അരി ഉത്പാദക സംസ്ഥാനങ്ങളിലെ വിളവ് കുത്തനെ ഇടിഞ്ഞു.

പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ അരി ഉൽപാദനം കുത്തനെ ഇടിഞ്ഞു. നിലവിലെ സാഹചര്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അരിവില വലിയതോതിൽ വർധിക്കാൻ ഇടയാക്കും. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും താങ്ങുവിലയേക്കാൾ ഉയർന്ന നിരക്കിലാണ് അരി സംഭരണം നടക്കുന്നത്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ അരി വിലയിൽ 26 ശതമാനം വർദ്ധനവുണ്ടായി.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന അടക്കമുള്ള കേന്ദ്രസർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതികളിലേക്കുള്ള അരിസംഭരണം പ്രതിസന്ധിയിലാണ്. പ്രധാനമന്ത്രി കല്യാൺ യോജനയുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കുന്ന സാഹചര്യത്തിൽ സൗജന്യ അരിവിതരണ പദ്ധതി നിർത്തലാക്കരുതെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.